താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഉദ്ഘാടനം ചെയ്തു
Sunday, December 29, 2024 12:04 AM IST
നെടുമ്പാശേരി: കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ട് നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാർക്കറ്റിനെക്കുറിച്ച് മികച്ച ഗവേഷണം നടത്തിയശേഷം ആസൂത്രണത്തോടെ ഒരു പദ്ധതി നടപ്പാക്കിയാൽ അതു വലിയ വിജയമാകും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ സെപ്റ്റംബറിൽ സിയാലിൽ ആരംഭിച്ച 0484 എയ്റോ ലോഞ്ച്. ‘ആർട്ട് ഓഫ് അഫോർഡബിൾ ലക്ഷ്വറി’ എന്ന അതിന്റെ ആശയം കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ബിസിനസ് മാതൃകയിൽ ഹോട്ടൽ സംരംഭം തുടങ്ങാൻ കഴിഞ്ഞിട്ടുള്ള രണ്ടാമത്തെ വിമാനത്താവളമാണു സിയാൽ. ഭാവി വളർച്ച ലക്ഷ്യമിട്ട് മൂന്നാം ടെർമിനൽ വികസനം, ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്, കൊമേഴ്സ്യൽ കോംപ്ലക്സ്, ഗോൾഫ് ടൂറിസം പദ്ധതി എന്നിവയുൾപ്പെടെയുള്ള വികസനമാണു സിയാൽ നടത്തിവരുന്നത്. ഇവയെല്ലാം 2025-26 സാമ്പത്തികവർഷത്തിൽ പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഘോഷപരിപാടികൾ പൂർണമായും ഒഴിവാക്കി ഔപചാരികമായി നടത്തിയ ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷനായിരുന്നു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു. ഐഎച്ച്സിഎൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ദീപിക റാവു ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. ഐഎച്ച്സിഎൽ സീനിയർ വൈസ് പ്രസിഡന്റ് സത്യജീത് കൃഷ്ണൻ, സിയാൽ ഡയറക്ടർമാരായ എൻ.വി. ജോർജ്, ഡോ. പി. മുഹമ്മദലി, എക്സി. ഡയറക്ടർമാരായ സജി കെ. ജോർജ്, വി. ജയരാജൻ, സിഎഫ്ഒ സജി ഡാനിയേൽ, എയർപോർട്ട് ഡയറക്ടർ ജി. മനു, സിയാൽ ജനറൽ മാനേജർ ടി. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.