ബിടിവി സേവനം അവതരിപ്പിച്ച് ബിഎസ്എൻഎൽ
Sunday, December 29, 2024 12:04 AM IST
ന്യൂഡൽഹി: ഇന്ത്യൻ ടെലികോം രംഗത്ത് മറ്റൊരു മുന്നേറ്റംകൂടി അടയാളപ്പെടുത്തി ബിഎസ്എൻഎൽ. തങ്ങളുടെ മൊബൈൽ വരിക്കാർക്കായി ബിഎസ്എൻഎൽ ഇപ്പോൾ ബിടിവി (BiTV) എന്നൊരു സേവനം അവതരിപ്പിച്ചിരിക്കുന്നു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലാണ് ബിഎസ്എൻഎല്ലിന്റെ ബിടിവി ആദ്യം എത്തിയത്.
വൈകാതെ രാജ്യവ്യാപകമായി ബിടിവി സേവനം എത്തുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ബിടിവി സേവനം ലഭ്യമാവുക. തുടക്കത്തിൽ ഒരു രൂപ പോലും ചെലവില്ലാതെ സൗജന്യമായാണ് ബിടിവി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
300ലധികം ലൈവ് ടിവി ചാനലുകൾ സ്മാർട്ട്ഫോണ്‍ ഉപയോക്താക്കൾക്ക് ബിടിവി വാഗ്ദാനം ചെയ്യുന്നു. ലൈവ് ടിവി ചാനലുകൾക്കൊപ്പം, സിനിമകളും വെബ് സീരീസുകളും ഈ സേവനത്തിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഫോണിൽ ആസ്വദിക്കാനാകും.
അധിക ചാർജുകളൊന്നും ഈടാക്കാതെ ഇത്രയധികം ടെലിവിഷൻ ചാനലുകൾ തത്സമയം മൊബൈൽ ഫോണുകളിൽ ബിഎസ്എൻഎൽ എത്തിക്കുന്നത് രാജ്യത്തെ ഡിടിഎച്ച്, കേബിൾ ടിവി മേഖലയ്ക്ക് ഭീഷണിയായേക്കുമെന്നാണ് വിലയിരുത്തുന്നത്.
ഒടിടി പ്ലാറ്റ്ഫോമുകളുടെ വളർച്ച ഇതിനകം ഡിടിഎച്ച് വ്യൂവർഷിപ്പിനെ ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ ബിഎസ്എൻഎൽ ലൈവ് ടിവി സേവനം സ്മാർട്ട്ഫോണുകളിലേക്ക് എത്തിക്കുന്നത് ഡിടിഎച്ച് രംഗത്തെ കൂടുതൽ പിന്നോട്ടടിച്ചേക്കും എന്നാണ് അനുമാനം.
2024ലെ ഇന്ത്യ മൊബൈൽ കോണ്‍ഗ്രസിൽ ബിഎസ്എൻഎൽ അവതരിപ്പിച്ച ഏഴ് പുത്തൻ സേവനങ്ങളിലൊന്നാണ് ബിടിവി. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഫൈബർ-അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനമായ ഐഎഫ്ടിവി ബിഎസ്എൻഎൽ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
ബിഎസ്എൻഎലിന്റെ ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്ക് സൗജന്യമായി 500ലധികം ലൈവ് ടിവി ചാനലുകൾ കാണാനാകുന്ന സേവനമാണ് ഐഎഫ്ടിവി. ഇതേ രീതിയിലുള്ള ഇൻട്രാനെറ്റ് ടിവി സേവനം മൊബൈൽ ഫോണുകളിലേക്ക് അവതരിപ്പിക്കുന്ന ബിഎസ്എൻഎൽ ഡി2എം പദ്ധതിയാണ് ബിടിവി.