യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ പദ്ധതി അടുത്തയാഴ്ച
Friday, February 7, 2025 1:25 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പദ്ധതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും.
ട്രംപിന്റെ യുക്രെയ്ൻ കാര്യങ്ങൾക്കായുള്ള പ്രതിനിധി കീത്ത് കെല്ലോഗ് ഈ മാസം 14 മുതൽ 16 വരെ ജർമനിയിലെ മ്യൂണിക്കിൽ നടക്കുന്ന സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി കെല്ലോഗ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചേക്കും.
അധികാരത്തിലേറിയാൽ ഒറ്റ ദിവസംകൊണ്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. റഷ്യ ചർച്ചയ്ക്കു തയാറായില്ലെങ്കിൽ വൻ ഉപരോധം നേരിടേണ്ടിവരുമെന്ന ഭീഷണി അധികാരത്തിലേറിയശേഷം ട്രംപ് മുഴക്കുകയും ചെയ്തു.
അമേരിക്കൻ വൃത്തങ്ങൾ റഷ്യയുമായി ബന്ധപ്പെടുന്നുണ്ടെന്നാണു സൂചന. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും മുൻ നിലപാടുകൾ മാറ്റി പരസ്പരം ചർച്ചയ്ക്കു സന്നദ്ധമാണെന്ന സൂചന നല്കിയിട്ടുണ്ട്.