ഭാര്യയെ കുത്തിയ യുവാവിനെ നാടകീയമായി പിടിച്ചു
ഭാര്യയെ കുത്തിയ യുവാവിനെ നാടകീയമായി പിടിച്ചു
Wednesday, August 24, 2016 12:55 PM IST
കുറവിലങ്ങാട്: നടുറോഡിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് നാടകീയമായി പിടികൂടി. കാളികാവ് അമ്പലത്തിങ്കൽ രാജേഷിനെ(42)യാണ് എസ്ഐ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെ എം.സി റോഡിൽ പാറ്റാനി ജംഗ്ഷനിലായിരുന്നു സംഭവം.

റോഡരികിലെ കെട്ടിടത്തിന്റെ തിണ്ണയിലിരുന്ന രാജേഷും ഭാര്യ ബിന്ദുവുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടർന്നു രാജേഷ് ബിന്ദുവിനെ കുത്തി പരുക്കേൽപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസാണു ബിന്ദുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തെത്തുടർന്ന് മുങ്ങിയ രാജേഷിനെ മൊബൈൽ ടവർ ലൊക്കേഷൻ പ്രയോജനപ്പെടുത്തിയാണു പോലീസ് കുടുക്കിയത്. മൊബൈൽ ഫോണിൽ രാജേഷിനെ വിളിച്ചു പിടികൂടാൻ നടത്തിയ പോലീസ് നീക്കത്തെ തെറ്റായ വിവരങ്ങൾ നൽകി പൊളിക്കാൻ രാജേഷ് ശ്രമിച്ചു.


എസ്ഐ റിച്ചാർഡ് വർഗീസിനൊപ്പം എഎസ്ഐ വി.കെ രാജൻ, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ മനീഷ്, നിയാസ്, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തോട്ടുവ ഭാഗത്തുനിന്നാണു രാജേഷിനെ പിടികൂടിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ബിന്ദു അപകടനില തരണം ചെയ്തെന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.