ദീപിക ഫ്രണ്ട്സ് ക്ളബ് ലോഗോ പ്രകാശനവും തീവ്ര പ്രചാരണവര്‍ഷ ഉദ്ഘാടനവും
ദീപിക ഫ്രണ്ട്സ് ക്ളബ് ലോഗോ പ്രകാശനവും  തീവ്ര പ്രചാരണവര്‍ഷ ഉദ്ഘാടനവും
Thursday, February 11, 2016 12:52 AM IST
കൊച്ചി: ദീപിക ഫ്രണ്ട്സ് ക്ളബിന്റെ (ഡിഎഫ്സി) ലോഗോ പ്രകാശനവും ദീപിക തീവ്ര പ്രചാരണവര്‍ഷത്തിന്റെ ഉദ്ഘാടനവും കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. മലയാള മാധ്യമചരിത്രത്തില്‍ നിര്‍ണായക ശക്തിയായി പ്രശോഭിച്ചിട്ടുള്ള ദീപിക പുതിയ കാലഘട്ടത്തില്‍ സത്യവും ധാര്‍മികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചു കാലത്തിനും സമൂഹത്തിനും മാര്‍ഗദര്‍ശനം നല്‍കുന്ന പത്രമാണെന്നു കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു.

സമര്‍പ്പണ മനോഭാവമുള്ള മികച്ച നേതൃനിരയാണ് ഇന്നു ദീപികയെ നയിക്കുന്നത്. കാലഘട്ടത്തിന്റെ ആവശ്യമായ ദീപികയുടെ വളര്‍ച്ചയ്ക്കു കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണ്. ദീപിക ഫ്രണ്ട്സ് ക്ളബ് ഈ തലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍, രാഷ്ട്രദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഡിഎഫ്സി സംസ്ഥാന കണ്‍വീനറുമായ ഡോ. താര്‍സീസ് ജോസഫ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ചെറിയാന്‍ താഴമണ്‍, ഡെപ്യൂട്ടി എഡിറ്റര്‍ സെര്‍ജി ആന്റണി, ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ, സിഎഫ്ഒ എം.എം. ജോര്‍ജ്, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ കെ.സി. തോമസ്, പ്രൊഡക്ഷന്‍ ജനറല്‍ മാനേജര്‍ ഫാ. അഗസ്റിന്‍ കിഴക്കേല്‍ ഒസിഡി, സര്‍ക്കുലേഷന്‍ അസിസ്റന്റ് ജനറല്‍ മാനേജര്‍മാരായ ജോസഫ് ഓലിക്കല്‍, ഡി.പി. ജോസ് തുടങ്ങിയവരും ഡിഎഫ്സി രൂപത കോ- ഓര്‍ഡിനേറ്റര്‍മാരും ദീപികയുടെ വിവിധ ഡിപ്പാര്‍ട്ടുമെന്റ് പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.


ദീപികയുടെ ശതാബ്ദി ആഘോഷങ്ങള്‍ 1986 ഫെബ്രുവരി എട്ടിന് വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ ഉദ്ഘാടനം ചെയ്തതിന്റെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതിന്റെയും മുപ്പതാം വാര്‍ഷിക ദിനത്തിലാണു ദീപിക ഫ്രണ്ട്സ് ക്ളബിന്റെ ലോഗോ പ്രകാശനവും തീവ്ര പ്രചാരണവര്‍ഷത്തിന്റെ ഉദ്ഘാടനവും നടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.