അതിവേഗ റെയില്‍ ഇടനാഴി; പദ്ധതിരേഖ ഉടന്‍ സമര്‍പ്പിക്കും
Friday, November 27, 2015 12:33 AM IST
തോമസ് വര്‍ഗീസ്

തിരുവനനന്തപുരം: സംസ്ഥാനത്തു നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന അതിവേഗ റെയില്‍ ഇടനാഴിയുടെ വിശദമായ പദ്ധതി രേഖ പൂര്‍ത്തിയാക്കി. ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കും. തിരുവനന്തപുരം-കണ്ണൂര്‍ 430 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന അതിവേഗ റെയില്‍ ഇടനാഴിയുടെ വിശദമായ പദ്ധതിരേഖയാണ് സംസ്ഥാനം തയാറാക്കിയിട്ടുള്ളത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ നേതൃത്വത്തിലാണ് പഠനം നടത്തി പദ്ധതിരേഖ തയാറാക്കിയത്.

പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ഇടനാഴി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു പദ്ധതിയുടെ പ്രാഥമിക പഠനവും സര്‍വേയും ആദ്യം പൂര്‍ത്തിയാക്കിയ ഏക സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനാണ്. നിര്‍ദിഷ്ട റെയില്‍പാത കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഏറെയും ജനവാസം കുറഞ്ഞതും ചതുപ്പുനിലങ്ങളുമാണ്.

സ്റാന്‍ഡേര്‍ഡ് ഗേജ് തന്നെയാണ് അതിവേഗ റെയില്‍വേക്കും ഉപയോഗിക്കുക. ഓരോ ട്രെയിനിലും എട്ട് കോച്ച് വീതം ഉണ്ടാകും. 3.4 മീറ്റര്‍ വീതിയിലുള്ള ശീതീകരണ സംവിധാനമുള്ള കോച്ചുകളില്‍ ഫസ്റ് ക്ളാസ്, ബിസിനസ് ക്ളാസ് എന്നിങ്ങനെയാണ് യാത്രാ സൌകര്യം ക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ 8167 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ സാധിക്കുക. തിരുവനന്തപുരത്തു നിന്നു കണ്ണൂര്‍ വരെ എത്തുന്നതിനു 145 മിനിറ്റാണ് വേണ്ടിവരുന്നത്.


തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള പാതയില്‍ ഒന്‍പതു സ്റേഷനുകളാണ് ഉണ്ടാകുക. ആദ്യഘട്ടത്തില്‍ പാത തിരുവനന്തപുരം മുതല്‍ കൊച്ചിവരെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടിവരുന്നത് 600 ഹെക്ടര്‍ സ്ഥലമാണ്. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്കിവരുന്ന അതേ പാക്കേജാണ് അതിവേഗ റെയിലിന്റെ സ്ഥലം ഏറ്റെടുപ്പിനും പുനരധിവാസത്തിനും നടപ്പാക്കുക.

അടുത്ത വര്‍ഷം നിര്‍മാണം ആരംഭിച്ചാല്‍ 2022 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നതാണു കണക്കുകൂട്ടല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.