മുഖപ്രസംഗം: നിയമനിര്‍മാണസഭയില്‍ പോരാട്ടത്തിനുംവേണം മര്യാദ
Wednesday, August 5, 2015 11:23 PM IST
ജനാധിപത്യത്തിന്റെ ശ്രീകോവിലായി പാര്‍ലമെന്റിനെയും നിയമസഭകളെയും വിശേഷിപ്പിക്കാറുണ്ട്. ജനപ്രതിനിധികള്‍ ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകയും ജനങ്ങള്‍ക്കുവേണ്ടി നിയമനിര്‍മാണം നടത്തുകയും ചെയ്യുന്ന സ്ഥലങ്ങളുടെ പവിത്രതയാണ് ഇതിലൂടെ സൂചിപ്പിക്കപ്പെടുന്നത്. ഈ പവിത്രത കാത്തുസൂക്ഷിക്കാന്‍ സഭയിലെ എല്ലാ അംഗങ്ങള്‍ക്കും കടമയുണ്ട്. അതു സംരക്ഷിക്കാന്‍ സഭാ നേതാവിനും സഭയെ നിയന്ത്രിക്കുന്ന സ്പീക്കര്‍ക്കും സാധിക്കണം. സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാനുള്ള വേദിയാണെങ്കില്‍ക്കൂടി പാര്‍ലമെന്റിലും നിയമസഭകളിലും പ്രതിപക്ഷം മാന്യത പുലര്‍ത്തണം. ട്രഷറി ബെഞ്ചുകള്‍ക്ക് നിയമനിര്‍മാണ സഭയുടെ മഹത്ത്വം സംരക്ഷിക്കുന്നതിനു കൂടുതല്‍ ചുമതലയുണ്ട്. നമ്മുടെ ഭരണാധികാരികളും സാമാജികരും ഈ പ്രമാണങ്ങള്‍ പലപ്പോഴും വിസ്മരിക്കുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും കുറെ ദിവസങ്ങളായി അരങ്ങേറുന്ന സംഭവങ്ങള്‍ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. മഴക്കാല സമ്മേളനം തുടങ്ങി രണ്ടാഴ്ച പിന്നിട്ടെങ്കിലും ഒരു ദിവസംപോലും സഭാനടപടികള്‍ സുഗമമായി നടന്നില്ല. ലളിത് മോദി, വ്യാപം കേസുകളില്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെയും രണ്ടു ബിജെപി മുഖ്യമന്ത്രിമാരുടെയും രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതിനു സര്‍ക്കാര്‍ വഴങ്ങാത്തതുമാണു കാരണം. സര്‍വകക്ഷി യോഗം ചേര്‍ന്നെങ്കിലും അവിടെയും പരിഹാരമൊന്നും കാണാനായില്ല. പ്രധാനമന്ത്രിയാകട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ മൌനത്തിലാണ്. എന്നു മാത്രമല്ല, പ്രതിപക്ഷത്തിനു മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന നിലപാടിലുമാണത്രേ. ആരോപിതരുടെ രാജിയില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. രാഷ്ട്രീയ ബലപരീക്ഷണത്തില്‍ പാര്‍ലമെന്റ് മുഴുകുമ്പോള്‍ പ്രഹരമേല്‍ക്കുന്നതു ജനങ്ങളുടെ അവകാശങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമാണ്. ഗൌരവപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കേണ്ട സ്ഥലത്ത് ഒച്ചപ്പാടും ബഹളവും. ഭരണപക്ഷവും പ്രതിപക്ഷവും പോര്‍ക്കോഴികളെപ്പോലെ ഏറ്റുമുട്ടുന്നു.

ഏറ്റുമുട്ടലിനു പുതിയൊരു മാനം നല്‍കിക്കൊണ്ടു തിങ്കളാഴ്ച സ്പീക്കര്‍ സുമിത്രാ മഹാജന്‍ 374(എ) ചട്ടം അനുസരിച്ച് 25 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. അഞ്ചു ദിവസത്തേക്കാണു സസ്പെന്‍ഷന്‍. തുടര്‍ച്ചയായും ബോധപൂര്‍വവും സഭാനടപടികള്‍ തടസപ്പെടുത്തി എന്നതാണു സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ പേരിലുള്ള കുറ്റാരോപണം. സസ്പെന്‍ഡ് ചെയ്യപ്പെട്ടവരെല്ലാം കോണ്‍ഗ്രസ് അംഗങ്ങളാണ്. സുഷമാ സ്വരാജിന്റെ രാജി എന്ന ആവശ്യത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കാത്ത ചില പ്രതിപക്ഷ കക്ഷികളുണ്ട്. അതേസമയം, ഈ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന ധിക്കാരപൂര്‍ണമായ നിലപാടിനോടുള്ള വിയോജിപ്പ് അവര്‍ പ്രകടിപ്പിക്കുന്നു. ലോക്സഭയില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവില്ല. പ്രതിപക്ഷനേതൃസ്ഥാനത്തിനുള്ള അംഗബലം ഒരു കക്ഷിക്കും ഇല്ലാത്തതാണു കാരണം. എന്നിരുന്നാലും ജനാധിപത്യത്തെ മാനിക്കുന്ന ഒരു സര്‍ക്കാര്‍ പ്രതിപക്ഷത്തുള്ള അംഗങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പാടേ അവഗണിച്ചുകൂടാ. പ്രതിപക്ഷത്തെ ധിക്കാരപൂര്‍വം അവഗണിക്കുന്നത് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ ഒരു കക്ഷിക്കും അതിന്റെ നേതൃത്വത്തിനും ഭൂഷണമല്ല.


പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അംഗങ്ങളെ കൂട്ടമായി സസ്പെന്‍ഡ് ചെയ്യുന്നത്. അതിനു തക്ക അസാധാരണമായ സംഭവങ്ങള്‍ സഭയില്‍ നടന്നതായി തോന്നുന്നില്ല. സഭയില്‍ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചതും മുദ്രാവാക്യം മുഴക്കിയതും കൂട്ട സസ്പെന്‍ഷനു കാരണമായി പറയുമ്പോള്‍, അത്തരം പ്രതിഷേധങ്ങള്‍ ഇതിനുമുമ്പ് അനേകം തവണ പാര്‍ലമെന്റിലും വിവിധ നിയമസഭകളിലും അരങ്ങേറിയിട്ടുണ്െടന്ന കാര്യം ഭരണപക്ഷം വിസ്മരിക്കരുത്. മുന്‍ ലോക്സഭയില്‍ അന്നത്തെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളനിയമസഭയില്‍ കുറച്ചുനാള്‍മുമ്പ് പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ പോഡിയത്തില്‍ കയറി മൈക്ക് തട്ടിത്തെറിപ്പിക്കുകയും കസേര വലിച്ചു താഴെയിടുകയും വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്യുകയുമൊക്കെ ഉണ്ടായി. അത്തരം ഗുരുതരമായ അച്ചടക്കലംഘനത്തിനും സഭാനടപടികളുടെ തടസപ്പെടുത്തലിനുംപോലും നല്‍കാത്തവിധത്തിലുള്ള ശിക്ഷ ലോക്സഭാംഗങ്ങള്‍ക്കു സ്പീക്കര്‍ നല്‍കിയപ്പോള്‍ അതിനുള്ള ന്യായീകരണംകൂടി നല്‍കേണ്ടതുണ്ട്.

തെലുങ്കാനാ സമരകാലത്തു പാര്‍ലമെന്റില്‍ കുരുമുളകുപൊടി സ്പ്രേ പ്രയോഗംവരെ നടന്നു. ഇപ്പോഴത്തെ ഭരണകക്ഷി പ്രതിപക്ഷ ബെഞ്ചിലായിരുന്നപ്പോള്‍ നടത്തിയ കടുത്ത പ്രതിഷേധങ്ങള്‍ അവര്‍ മറക്കരുത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഒരു നയം, അധികാരത്തിലിരിക്കുമ്പോള്‍ മറ്റൊരു നയം. ഏതു പക്ഷത്തിരുന്നാലും ജനപ്രതിനിധികള്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അധികാരത്തിന്റെ ഉദ്ഭവകേന്ദ്രം ജനങ്ങളുടെ വിശ്വാസമാണെന്ന കാര്യം ആരും മറക്കരുത്. ഭൂരിപക്ഷം നേടി അധികാരത്തിലേറിയാല്‍ എന്തു കാര്യവും സ്വന്തം ഇഷ്ടംപോലെ ചെയ്യാം എന്ന ധാരണ ആരും വച്ചുപുലര്‍ത്തരുത്. എന്തിനും ഏതിനും ഭരണപക്ഷത്തെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുക എന്നതാണു തങ്ങളുടെ ധര്‍മമെന്ന ചിന്ത പ്രതിപക്ഷത്തിന് ഉണ്ടാകുകയുമരുത്.

പാര്‍ലമെന്റ് നിര്‍ണായകമായ പല നിയമനിര്‍മാണങ്ങളും പരിഗണിക്കുന്ന വേളയാണിത്. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പോലെ ജനങ്ങളെ ആഴത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ജനപ്രതിനിധികള്‍ ഒന്നടങ്കം തികഞ്ഞ ജാഗ്രതയോടെ അതില്‍ ഇടപെടേണ്ടതുണ്ട്. ബില്ലുകളെക്കുറിച്ചു പഠിക്കാനും അവ നിയമമായാലുള്ള പ്രത്യാഘാതങ്ങള്‍ മനസിലാക്കാനും ജനപ്രതിനിധികള്‍ക്കു സാധിക്കണം. സഭയില്‍ ബഹളമുണ്ടാക്കാനും മുദ്രാവാക്യം വിളിക്കാനുമൊക്കെയുള്ള വിരുതു മാത്രം പോരാ ജനപ്രതിനിധികള്‍ക്ക്. ജനസേവനത്തിനുള്ള വേദിയാണു നിയമനിര്‍മാണസഭയെന്ന ബോധ്യത്തോടെ വേണം ജനപ്രതിനിധികള്‍ സഭാനടപടികളില്‍ പങ്കുകൊള്ളാന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.