ഓണം ബംബര്‍ ഭാഗ്യക്കുറികള്‍ മൊത്തവ്യാപാരികള്‍ക്കു മാത്രം
Tuesday, August 4, 2015 12:29 AM IST
പ്രത്യേക ലേഖകന്‍

തൃശൂര്‍: ഓണം ബംബര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ വന്‍കിടക്കാരായ ഭാഗ്യക്കുറി മൊത്ത വ്യാപാരികള്‍ക്കു മാത്രം. ചെറുകിട ലോട്ടറി കച്ച വടക്കാര്‍ക്കു ടിക്കറ്റുകള്‍ നല്കാന്‍ ലോട്ടറിവകുപ്പ് തയാറാകുന്നില്ല. ചെറുകിട വില്പനക്കാര്‍ക്കെല്ലാം ടിക്കറ്റുകള്‍ വിതരണം ചെയ്യാനുള്ളത്രയും ജീവനക്കാരും സൌകര്യ വും ജില്ലാ ലോട്ടറി ഓഫീസുകളില്‍ ഇല്ലെന്നു മാത്രമല്ല, ആവശ്യത്തിനു ലോട്ടറി ടിക്കറ്റുകളും ഇല്ല.

ഇപ്പോള്‍ ദിവസേന 56 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലിറക്കുന്നത്. അവയെല്ലാം വിറ്റഴിയുന്നെന്നു മാത്രമല്ല, മാസങ്ങളായി ആവശ്യക്കാര്‍ക്കു കിട്ടുന്നില്ലെന്ന പരാതിയാണ്. ക്ഷാമം പരിഹരിക്കാന്‍ അടുത്ത 13 മുതല്‍ 63 ലക്ഷം ടിക്കറ്റുകള്‍ വിപണിയിലിറക്കാനാണു പരിപാടി. എന്നാല്‍, കൂടുതല്‍ ടിക്കറ്റ് പുറത്തിറക്കിയാലും ക്ഷാമം പരിഹരിക്കാനോ ചെറുകിടക്കാര്‍ക്കുള്ള ലഭ്യത ഉറപ്പാക്കാനോ കഴിയില്ലെന്നാണു ചെറുകിട വ്യാപാരികളുടെ പരാതി.

ഇത്തവണ എഴുപതു ലക്ഷം ഓണം ബംബര്‍ ടിക്കറ്റുകള്‍ വിറ്റഴിയുമെന്നാണു വില്പനക്കാരുടെ പ്രതീക്ഷ. ഇരുന്നൂറു രൂപയാണു ടിക്കറ്റ് വില. ഒന്നാം സമ്മാനം ഏഴു കോടി രൂപയും. മികച്ച കമ്മീഷനുള്ളതിനാല്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ചെറുകിട വ്യാപാരികള്‍ കൂടുതല്‍ ഉത്സാഹത്തോടെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ജില്ലാ ലോട്ടറി ഓഫീസുകളില്‍നിന്നു ബംബര്‍ ടിക്കറ്റിന്റെ പത്തുവീതം ടിക്കറ്റുകളുള്ള രണ്ടു ബുക്കുകള്‍ വീതം മാത്രമാണു നല്കിയതെന്നാണു പരാതി. കൂടുതല്‍ ടിക്കറ്റുകള്‍ മൊത്തവ്യാപാരികളില്‍നിന്നു വാങ്ങേണ്ട അവസ്ഥയാണ്.

ലോട്ടറി ടിക്കറ്റുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ സേവനനികുതി ബാധകമാക്കിയതോടെ ചെറുകിട വ്യാപാരികള്‍ക്കു ലഭിക്കുന്ന കമ്മീഷന്‍ കുറഞ്ഞെങ്കിലും വില്പന കൂടിയിട്ടേയുള്ളൂ.

എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ലോട്ടറി ഓഫീസുകള്‍ തുറക്കണമെന്നാണു വ്യാപാരികളുടെ ആവശ്യം. ആഴ്ചയില്‍ ഒരു ലോട്ടറിയില്‍നിന്ന് ഏഴു ലോട്ടറി ടിക്കറ്റുകളായി സര്‍ക്കാര്‍ കൂട്ടിയെങ്കിലും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കാന്‍ ആവശ്യമായ ജീവനക്കാരെയോ സൌകര്യങ്ങളോ വര്‍ധിപ്പിച്ചിട്ടില്ല. ഓരോ ജില്ലയിലും ആറായിരം മുതല്‍ എണ്ണായിരം വരെ ലോട്ടറി ടിക്കറ്റു കച്ചവടക്കാരുണ്ട്. അത്രയും പേര്‍ക്കു ടിക്കറ്റുകള്‍ വിതരണം ചെയ്യാനുള്ള സൌകര്യം ജില്ലാ ഓഫീസിനില്ല. എല്ലാ ദിവസവും ഉച്ചയ്ക്കു മൂന്നിനു വില്പന അവസാനിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് ഓരോ ജില്ലാ ഓഫീസിലും ഒരു ദിവസം 75 മുതല്‍ നൂറുവരെ പേര്‍ക്കു മാത്രമേ ടിക്കറ്റു നല്‍കാനാകൂ. ഏജന്‍സിയുള്ള വികലാംഗര്‍ക്കും വയോധികര്‍ക്കും മുന്‍ഗണന നല്കാറുമുണ്ട്.


എല്ലാ ഏജന്റുമാര്‍ക്കും ടിക്കറ്റു ലഭ്യമാക്കാനാണ് മൊത്തവിതരണക്കാരായ വ്യാപാരികള്‍ക്കു കൂടുതല്‍ ടിക്കറ്റുകള്‍ നല്കുന്നതെന്നു ലോട്ടറി വകുപ്പ് അധികാരികള്‍ വ്യക്തമാക്കുന്നു.

പ്രാദേശിക തലത്തില്‍ മൊത്തവ്യാപാരികളില്‍നിന്നു ടിക്കറ്റു വാങ്ങി വില്പന നടത്തുന്ന ഏജന്റുമാരാണ് അധികവും. ഓരോ ടിക്കറ്റിനും നാലോ അഞ്ചോ രൂപയുടെ ലാഭമെടുത്താണ് മൊത്തവ്യാപാരികള്‍ ചെറുകിടക്കാര്‍ക്കു ടിക്കറ്റുകള്‍ നല്‍കുന്നത്. മൊത്തവ്യാപാരി വാങ്ങുന്ന ടിക്കറ്റിന്റെ എണ്ണത്തിനനുസരിച്ചു ടിക്കറ്റ് വിലയില്‍ സര്‍ക്കാര്‍ ഡിസ്കൌണ്ട് നല്‍കുന്നുണ്ട്.

രണ്ടായിരം വരെ ടിക്കറ്റുകള്‍, പതിനായിരം വരെ ടിക്കറ്റുകള്‍, പതിനായിരത്തിനു മുകളില്‍ ടിക്കറ്റുകള്‍ എന്നിങ്ങനെ മൂന്നു സ്ളാബുകളില്‍ മൂന്നുതരം നിരക്കിലാണു ടിക്കറ്റുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്.

ആവശ്യത്തിനു ടിക്കറ്റുകള്‍ നേടിയെടുക്കാന്‍ വന്‍കിടക്കാരും ചെറുകിടക്കാരും രാഷ്ട്രീയ, യൂണിയന്‍ നേതാക്കള്‍വഴി സ്വാധീനിച്ചു ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദമുണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.