മുഖപ്രസംഗം: പ്രകൃതിയെ രക്ഷിക്കണം, ഒപ്പം കര്‍ഷകരെയും
Monday, November 18, 2013 9:19 PM IST
ഫാ.അലക്സാണ്ടര്‍ പൈകട സിഎംഐ, ചീഫ് എഡിറ്റര്‍

പ്രകൃതിയില്ലാതെ കര്‍ഷകനില്ല. കര്‍ഷകനില്ലാത്ത പ്രകൃതിയെക്കൊണ്ടു കാര്യവുമില്ല. കാരണം, പ്രകൃതി പ്രകൃതിക്കുവേണ്ടിയല്ല. മനുഷ്യനുവേണ്ടിയാണ്, മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യനുവേണ്ടിയാണ്.ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകകേരളത്തിന്റെ ശാപമാണ്. അങ്ങനെയല്ലെന്നു വരുത്താന്‍, അവയെ വെള്ളപൂശാന്‍, ഒരു ഗവണ്‍മെന്റും പരിസ്ഥിതിവാദിയും മിനക്കെടേണ്ട. എന്തോ കരിനിഴല്‍ മാത്രം കണ്ടിട്ടുള്ള ആശങ്കയാണു കര്‍ഷകരുടേതെന്നും ആരും കരുതേണ്ട. തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പായാല്‍ എന്താണു തങ്ങള്‍ക്കു സംഭവിക്കുകയെന്നു മനസിലാക്കാന്‍ കഴിവില്ലാത്ത കാനനവാസികളൊന്നുമല്ല മലയോരകര്‍ഷകര്‍.

ആരു പറഞ്ഞു തങ്ങളെ കുടിയിറക്കുമെന്ന ഭീതിയിലാണു പശ്ചിമഘട്ടനിവാസികളായ കര്‍ഷകരെന്ന്? അവര്‍ക്ക് അങ്ങനെയൊരു ഭയമില്ല. അങ്ങനെയിരിക്കെ മുഖ്യമന്ത്രിയെപ്പോലുള്ള ഒരാള്‍ ഇങ്ങനെ സംസാരിക്കുന്നതു ഖേദകരമാണ്. ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ സംസാരം? ഒരു കര്‍ഷകനെയും കുടിയിറക്കുകയില്ല, ആശങ്ക വേണ്െടന്നു മുഖ്യമന്ത്രി പറയുമ്പോള്‍ തോന്നും കുടിയിറക്കുമെന്നു ഭയപ്പെട്ടിട്ടാണു കര്‍ഷകര്‍ പ്രതിഷേധിക്കുന്നതെന്ന്. കര്‍ഷകരെ കുടിയിറക്കുമെന്നോ കുടിയിറക്കണമെന്നോ ഗാഡ്ഗിലോ കസ്തൂരിരംഗനോ പറയുന്നില്ലെന്ന് അറിയാവുന്നവര്‍ തന്നെയാണു തികഞ്ഞ ആശങ്കയോടെ പ്രതിഷേധമുയര്‍ത്തുന്നതെന്നു മുഖ്യമന്ത്രിയും ഗവണ്‍മെന്റും കോണ്‍ഗ്രസ് നേതൃത്വവും പരിസ്ഥിതിവാദികളും മനസിലാക്കണം. റിപ്പോര്‍ട്ട് ഇന്നത്തെ രീതിയില്‍ നടപ്പായാല്‍ എല്ലാം ഉപേക്ഷിച്ചു പോകാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നു കര്‍ഷകര്‍ മനസിലാക്കുന്നു, അത്രമാത്രം. മാന്യമായി ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം ഗവണ്‍മെന്റ്, പരിസ്ഥിതി മൌലികവാദികളുടെ സമ്മര്‍ദത്തില്‍ സൃഷ്ടിക്കുമ്പോള്‍ സ്വന്തം കിടപ്പാടം, കിട്ടുന്ന വിലയ്ക്കു വിറ്റിട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നതാണു കര്‍ഷകരുടെ ആശങ്ക.

മാളത്തില്‍നിന്ന് എലിയെ പുകച്ചു പുറത്തുചാടിക്കുന്ന എലിപിടിത്തക്കാരന്റെ മനോഭാവമാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഒളിഞ്ഞിരിക്കുന്നത്. എലിയോടു പുറത്തു ചാടണമെന്നു പുകയ്ക്കുന്ന എലിപിടിത്തക്കാരന്‍ പറയുന്നില്ലല്ലോ. എലിക്ക് ഒന്നുകില്‍ മാളത്തില്‍ കിടന്നു ചാകാം. അല്ലെങ്കില്‍ വേറെ മാളം കണ്െടത്തി പുറത്തുചാടി ഓടാം. ഈ സ്ഥിതിവിശേഷത്തിലാണ് അതീവ പരിസ്ഥിതിലോല പ്രദേശമെന്നു മുദ്രകുത്തപ്പെട്ടിരിക്കുന്ന പൂഞ്ഞാര്‍ പോലുള്ള പുരാതന ജനവാസകേന്ദ്രങ്ങളിലെ കര്‍ഷകര്‍ പോലും. അതുകൊണ്ടു മുഖ്യമന്ത്രിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ദയവായി പറയരുത് “”ഒരു കര്‍ഷകനെയും കുടിയിറക്കില്ലെന്ന്. കുടിയിറക്കുകയല്ല, സ്വയം കുടിയിറങ്ങിപ്പോകാന്‍ കര്‍ഷകനെ പരോക്ഷമായി സമ്മര്‍ദത്തിലാക്കുകയെന്ന അജന്‍ഡയാണ് പരിസ്ഥിതി മൌലികവാദികളുടേതെന്ന് അറിയാത്തവരായി ആരുമില്ല ഈ നാട്ടില്‍. മനസിലാക്കൂ, ആശങ്ക കുടിയിറക്കലിനെപ്പറ്റിയല്ല; കുടിയിറങ്ങിപ്പോകാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുന്നതിനെപ്പറ്റിയാണ്, അന്തസായി മണ്ണില്‍ പണിചെയ്തു ജീവിക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചാണ്. ആ ആശങ്കയില്‍നിന്നാണ് അവര്‍ക്കു മോചനം ലഭിക്കേണ്ടത്.

കഴിഞ്ഞ ദിവസം ഒരു പരിസ്ഥിതിവാദി തന്റെ തീവ്രവാദം എവിടെവരെ പോകുമെന്നു ടിവി ചര്‍ച്ചയില്‍ വ്യക്തമാക്കുകയുണ്ടായി. കര്‍ഷകര്‍ എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്, അവര്‍ക്കു പശ്ചിമഘട്ടത്തില്‍ ശുദ്ധവായുവും ശുദ്ധജലവും ലഭിക്കുന്നുണ്ടല്ലോ, മറ്റൊരിടത്തും കിട്ടാത്ത വലിയ നേട്ടമല്ലേ അത് എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതുപറഞ്ഞ നഗരവാസിക്ക്, ശുദ്ധജലവും ശുദ്ധവായുവും ലഭിക്കാത്ത നഗരവാസിക്ക്, എന്തുകൊണ്ട് ആ നഗരജീവിതം മതിയെന്നുവച്ച് പശ്ചിമഘട്ട പരിസ്ഥിതി പ്രദേശത്തേക്കു കുടിയേറിക്കൂടാ? ശുദ്ധജലം കുടിച്ച്, ശുദ്ധവായു ശ്വസിച്ച്, സന്തോഷമായി ജീവിക്കാമല്ലോ, സന്തോഷമായി മരിക്കാമല്ലോ. മനുഷ്യനു ശുദ്ധവായുവും ശുദ്ധജലവും മാത്രം മതിയല്ലോ ജീവിക്കാന്‍! ഭക്ഷണം വേണ്ട, പുതിയ നല്ല പാര്‍പ്പിടം വേണ്ട, മക്കള്‍ക്കു വിദ്യാഭ്യാസം വേണ്ട, ആശുപത്രികള്‍ വേണ്ട! പരിസ്ഥിതി തീവ്രവാദികള്‍ക്കു വേണ്ടതു പച്ചപ്പും പച്ചമരുന്നുകളും മാത്രം! കര്‍ഷകര്‍ ജീവിക്കുകയോ മരിക്കുകയോ മരിച്ചതിനൊപ്പം ജീവിക്കുകയോ ചെയ്യുന്നത് അവര്‍ക്കൊരു പ്രശ്നമല്ല.

പശ്ചിമഘട്ട കര്‍ഷകരെ സാന്ത്വനപ്പെടുത്താന്‍ ഓരോരോ ചെപ്പടിവിദ്യകളുമായി ഇറങ്ങിത്തിരിക്കുന്ന സംസ്ഥാന ഭരണനേതൃത്വവും രാഷ്ട്രീയനേതൃത്വവും ഒരു കാര്യം മനസിലാക്കണം: എന്തും വിഴുങ്ങാന്‍ കര്‍ഷകര്‍ ഇനി തയാറാകുകയില്ല. നിങ്ങള്‍ ഈ ചെപ്പടിവിദ്യകള്‍കൊണ്ടു നിങ്ങളുടെ വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴത്തെ നടപ്പാക്കല്‍ താത്കാലികമാണ്, അന്തിമ നടപ്പാക്കല്‍ നാലുമാസം കൂടി കഴിഞ്ഞേ ഉണ്ടാകൂ, അതുകൊണ്ട് അതിനായി കാത്തിരിക്കണം എന്നൊക്കെപ്പറഞ്ഞു പശ്ചിമഘട്ടവാസികളുടെ പ്രതിഷേധം ശമിപ്പിക്കാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമം പാഴ്വേലയാണ്.

ഡെമോക്ളിസിന്റെ വാള്‍പോലെ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകരുടെ തലയ്ക്കുമീതേ തൂങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷമൊന്നു കഴിഞ്ഞില്ലേ? ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്ന് അധികം താമസിക്കാതെ, ഈ വര്‍ഷം ജനുവരി ആദ്യവാരത്തില്‍ത്തന്നെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ടു ഞങ്ങള്‍ ഒരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ സമ്മതിക്കുന്നു- അത് ആരുടെയും കണ്ണു തുറപ്പിച്ചില്ല, കര്‍ഷകരുടെപോലും, എന്ന്. കണ്ണു തുറക്കേണ്ടവര്‍ അന്നു തുറന്നിരുന്നെങ്കില്‍ ഇന്നു പ്രശ്നം ഇത്ര രൂക്ഷമാകുമായിരുന്നില്ല. എന്നാല്‍, ഞങ്ങള്‍ ചൂണ്ടിക്കാണിച്ച അപകടങ്ങള്‍ സാവകാശം സംസ്ഥാന ഗവണ്‍മെന്റും കര്‍ഷകരും ഇപ്പോള്‍ തിരിച്ചറിഞ്ഞുതുടങ്ങി. നിയമസഭയില്‍ വിഷയം ചര്‍ച്ചചെയ്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനു കളമൊരുക്കി.

എന്നാല്‍, വേണ്ടപ്പെട്ടവര്‍ക്കു കസ്തൂരിരംഗനെ കൈയിലെടുക്കാനും തെറ്റായ വഴിക്കു നയിക്കാനും സാധിച്ചു. കര്‍ഷകരെ വിശ്വാസത്തിലെടുക്കാതെതന്നെ കസ്തൂരിരംഗനും റിപ്പോര്‍ട്ട് തയാറാക്കി. കര്‍ഷകരുടെ മനസും അവരുടെ വേദനയുമെല്ലാം അറിയാവുന്നവരെ പരിഹസിച്ചുകൊണ്ട് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയന്തി നടരാജന്‍, സംസ്ഥാനഗവണ്‍മെന്റിനോട് ആലോചിക്കാനുള്ള വിവേകംപോലും കാണിക്കാതെ റിപ്പോര്‍ട്ട് ഭാഗികമായെങ്കിലും നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവും ഇറക്കി. കര്‍ഷകമനസുകളില്‍ ഭീതിയുടെയും ആശങ്കയുടെയും തീ കോരിയിടാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം?


സ്വാഭാവിക പ്രതികരണം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. തെരഞ്ഞെടുപ്പു സമീപിച്ചിരിക്കുന്നുവെന്നു ചിന്തിക്കാനുള്ള സാമാന്യബോധം പോലും കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്കില്ലേ എന്ന സാധാരണ ജനങ്ങളുടെ ചോദ്യം പ്രസക്തമല്ലേ? ഒരുപക്ഷേ രാഷ്ട്രീയ ആത്മഹത്യയ്ക്കുതന്നെ കോണ്‍ഗ്രസ് നേതൃത്വം തയാറെടുക്കുകയായിരിക്കുമോ? കേരളത്തില്‍നിന്നു പാര്‍ലമെന്റിലേക്കുപോയ ജനപ്രതിനിധികള്‍ ഒരുപക്ഷേ ഇനി ഒരു മത്സരത്തിനു തങ്ങള്‍ ഇല്ലെന്നു പരോക്ഷമായി പ്രഖ്യാപിക്കുകയാകും അവരുടെ പ്രകടമായ നിസംഗതയിലൂടെ. പശ്ചിമഘട്ടത്തിലായിപ്പോയെന്നു കരുതി അവിടത്തെ ജനവാസകേന്ദ്രങ്ങളെ ജനവാസകേന്ദ്രങ്ങളായി കാണാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കു കഴിയില്ലേ? പശ്ചിമഘട്ടനിവാസികളുടെ വോട്ടുവാങ്ങി ജയിച്ച ജനപ്രതിനിധികള്‍ എന്തുചെയ്യുന്നു? കേരളത്തില്‍നിന്നുള്ള എട്ടു കേന്ദ്രമന്ത്രിമാര്‍ക്ക് 22 ലക്ഷത്തിലധികം ജനങ്ങളുടെ അസ്തിത്വത്തെത്തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ഗൌരവം മനസിലാകില്ലേ? കേന്ദ്രനേതൃത്വത്തിന്റെ മുമ്പിലും നല്ലപിള്ള ചമയണം, സമ്മതിദായകരുടെ മുമ്പിലും നല്ലപിള്ള ചമയണം- അങ്ങനെ ഒരു ഇരട്ടറോള്‍ അഭിനയിക്കേണ്ടിവരുമ്പോഴത്തെ രാഷ്ട്രീയാഭ്യാസം തികച്ചും മെയ്വഴക്കത്തോടെതന്നെ ചിലര്‍ നടത്തുന്നു. ഇതെല്ലാം വെറും അഭ്യാസമോ അഭിനയമോ ആണു ജനങ്ങളെ സംബന്ധിച്ചിടത്തോളം.

കര്‍ഷകദ്രോഹപരമായ യാതൊരു നടപടിയും കേന്ദ്രം സ്വീകരിക്കുകയില്ലെന്നും സ്വീകരിച്ചവ പിന്‍വലിച്ചെന്നും ഉറപ്പുവരുത്താനുള്ള ഭാരിച്ച ഉത്തരവാദിത്വം കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും എംപിമാര്‍ക്കും സംസ്ഥാന ഭരണനേതൃത്വത്തിനുമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കാതെ സമ്മതിദായകര്‍ക്കരികിലേക്ക് അവര്‍ ഇറങ്ങിത്തിരിക്കാതിരിക്കട്ടെ. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രത്തെക്കൊണ്ട് പൂര്‍ണമായും തള്ളിക്കളയിക്കട്ടെ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധത നീക്കിക്കളയട്ടെ.

ഇത് 22 ലക്ഷം പശ്ചിമഘട്ട നിവാസികളുടെ മാത്രം പ്രശ്നമല്ല; അവരുടെ വരുംതലമുറകളുടെ പ്രശ്നംകൂടിയാണ്. തീവ്രപരിസ്ഥിതിവാദത്തില്‍ മതിമറന്ന് കഠിനപരിസ്ഥിതിയില്‍ സുഖമായി ജീവിക്കുന്ന ചെറിയ ഒരു ന്യൂനപക്ഷമൊഴിച്ച് സര്‍വരും ഈ നിര്‍ഭാഗ്യരായ ജനതയ്ക്കു പിന്തുണ കൊടുക്കുമെന്നതില്‍ സംശയം വേണ്ട. കാരണം, ഇതു ജനകീയപ്രശ്നമാണ്. ഇതു കേരളത്തിന്റെ പൊതുവായ പ്രശ്നമാണ്. ഈ പ്രശ്നത്തിന്റെ ആഴവും പരപ്പും ഗ്രഹിക്കാന്‍ കഴിയുന്നവരാണു മൌലികവാദികള്‍ ഒഴികെയുള്ള കേരളജനത. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെയും കര്‍ഷകവിരുദ്ധ ചതിക്കുഴികള്‍ ഈ മുഖലേഖനത്തില്‍ ഞങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നില്ല. കുരുക്കു മുറുകുന്ന ഗാഡ്ഗില്‍ എന്ന തലക്കെട്ടില്‍ ജനുവരി രണ്ടു മുതല്‍ ആറു വരെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പരമ്പരയിലും ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പരമ്പരയിലും ആ ചതിക്കുഴികളെപ്പറ്റി, ജനദ്രോഹനിര്‍ദേശങ്ങളെപ്പറ്റി, ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ത്തന്നെ സവിസ്തരം പറയുന്നുണ്ട്.

ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞു- അന്ധതയാണ്, അല്ലെങ്കില്‍ അന്ധത നടിക്കലാണു കേന്ദ്ര-സംസ്ഥാന പരിസ്ഥിതിവാദികളുടെയും അവരെ അന്ധമായി വിശ്വസിക്കുന്ന പരിസ്ഥിതിഭരണക്കാരുടെയും മുഖമുദ്ര. ജനങ്ങളുടെ എതിര്‍പ്പിനവര്‍ പുല്ലുവിലയാണു നല്‍കുന്നത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാത്രമല്ല, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പരിസ്ഥിതിമന്ത്രാലയത്തിന് ആധാരമാക്കാം എന്നു ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയതിനു തൊട്ടു പിന്നാലെയാണു വിജ്ഞാപനം ഇറങ്ങിയതെന്നതു ശ്രദ്ധിക്കപ്പെടാതെ പോകരുത്. സംഭവിച്ചതു താത്കാലിക കാര്യമാണ്, അവസാന ഉത്തരവു വരാനുണ്ട്, അതിനാല്‍ ആശങ്കയ്ക്ക് അവകാശമില്ല എന്നുപറയുന്ന നേതാക്കന്മാരുണ്ട്. ഈ നേതാക്കന്മാരെ എങ്ങനെ വിശ്വസിക്കാനാവും? ഇത് ഇടക്കാല ഉത്തരവാണെന്നോ കരട് ഉത്തരവാണെന്നോ നവംബര്‍ 13നു പരിസ്ഥിതിമന്ത്രാലയം ഇറക്കിയ ഉത്തരവിലില്ല. അതേസമയം, ഈ ഉത്തരവില്‍ താഴെപ്പറയുന്ന വാക്യം ഉണ്ട്: ഠവലലെ റശൃലരശീിേ ംശഹഹ രീാല ശിീ ളീൃരല ംശവേ ശാാലറശമലേ ലളളലര മിറ ൃലാമശി ശി ളീൃരല ശേഹഹ ളൌൃവേലൃ ീൃറലൃവെേറെ ഉത്തരവുകള്‍ വരുന്നുവെന്നോ ഇതു കരട് ഉത്തരവാണെന്നോ ഇതിനര്‍ഥമില്ല. ഇത് 1986-ലെ പരിസ്ഥിതി സംരക്ഷണനിയമത്തിന്റെ അഞ്ചാം അനുച്ഛേദം അനുസരിച്ച് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവാണ്. ഇതു കരട് ഉത്തരവാണെന്നു പറഞ്ഞ് രാഷ്ട്രീയ-ഭരണ നേതാക്കള്‍ക്കു ജനങ്ങളെ എങ്ങനെ വഞ്ചിക്കാനാവും? സത്യം പറയാന്‍ അവര്‍ക്കു കടമയില്ലേ?

പതിനഞ്ചോ അതിലധികമോ നൂറ്റാണ്ടു മുതല്‍ അര നൂറ്റാണ്ടുവരെ പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളിലെ നാനാജാതിമതസ്ഥരായ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിന്മേലാണു കേന്ദ്രഗവണ്‍മെന്റ് കടന്നാക്രമണം നടത്തുന്നതും സംസ്ഥാന ഗവണ്‍മെന്റ് നിശബ്ദ നിരീക്ഷകരെപ്പോലെ മൌനം ഭജിക്കുന്നതും. ഇതിനെതിരേ സ്വാഭാവികമായും ജനരോഷം ഉണരും. ഗവണ്‍മെന്റ് അടിയന്തരമായി ഉണരണം. പ്രശ്നം കേന്ദ്രത്തെ ബോധ്യപ്പെടുത്തണം. അങ്ങനെ ജനരോഷം ഉണരുമ്പോള്‍ അതിനെ ആരും പഴിക്കേണ്ട. ശക്തമായ ജനവികാരത്തിനു മാത്രമേ മരവിച്ച മനസുകളെ ചലിപ്പിക്കാനാവൂ. എന്നാല്‍, ആ ജനരോഷപ്രകടനം തികച്ചും ഗാന്ധിയന്‍ മാര്‍ഗത്തിലാകണം. വിധ്വംസകശക്തികളും തീവ്രവാദികളും മണല്‍ - ക്വാറി മാഫിയകളും നുഴഞ്ഞുകയറി അക്രമവും കൊള്ളിവയ്പും നടത്തി നീതിപൂര്‍വകമായ ജനവികാരത്തെ ചൂഷണം ചെയ്യാന്‍ കര്‍ഷകജനത അനുവദിച്ചുകൂടാ. അങ്ങനെ ചെയ്യുന്നവര്‍ കര്‍ഷക ജനതയെ ഒറ്റുകൊടുത്ത് സ്വാര്‍ഥരാഷ്ട്രീയലാഭം കൊയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരാണെന്ന ഒരു തിരിച്ചറിവ് കര്‍ഷകജനതയ്ക്കും അവര്‍ക്കു നേതൃത്വം കൊടുക്കുന്നവര്‍ക്കും അവശ്യം ഉണ്ടാകണം. ശത്രുക്കളാര്, മിത്രങ്ങളാര് എന്ന തിരിച്ചറിവ് കര്‍ഷക ജനതയ്ക്കും അവരെ പിന്തുണയ്ക്കുന്ന വിശാല ജനാധിപത്യ വീക്ഷണമുള്ളവര്‍ക്കും ഉണ്ടാകട്ടെ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.