മുട്ടത്തു വര്‍ക്കിയുടെ എഴുത്തുപുരയില്‍ പാടാത്ത പൈങ്കിളിയും മയിലാടുംകുന്നും
മുട്ടത്തു വര്‍ക്കിയുടെ എഴുത്തുപുരയില്‍ പാടാത്ത പൈങ്കിളിയും മയിലാടുംകുന്നും
Friday, April 26, 2013 10:18 PM IST
സ്വന്തം ലേഖകന്‍

കോട്ടയം: മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഇതിവൃത്തമാക്കിയ ജനപ്രിയ നോവലുകളിലൂടെ മലയാളികളെ വായനയുടെ ലോകത്തേക്കു നയിച്ച മുട്ടത്തു വര്‍ക്കിയുടെ ജന്‍മശതാബ്ദി ആഘോഷത്തിനു ജന്‍മനാട് ഒരുങ്ങി.

മനുഷ്യനെയും മണ്ണിനെയും ഒരുപോലെ സ്നേഹിച്ച സാഹിത്യകാരന്റെ വീടു പൊളിച്ചുമാറ്റിയെങ്കിലും വര്‍ക്കി പണികഴിപ്പിച്ച എഴുത്തുപുര ഇന്നും ജനപ്രിയ സാഹിത്യകാരന്റെ സ്മാരകമായി ചെത്തിപ്പുഴയിലുണ്ട്.

പാടാത്ത പൈങ്കിളി, ഇണപ്രാവ്, മയിലാടുംകുന്ന് തുടങ്ങി ഒട്ടേറെ നോവലുകള്‍ വര്‍ക്കിയുടെ മനസില്‍ രൂപം കൊണ്ടത് ഇവിടെവച്ചായിരുന്നു. ഇവയിലേറെയും രചിക്കപ്പെട്ടതു ദീപികയുടെ കോട്ടയം ഓഫീസിലും വെളിച്ചംകണ്ടതു ദീപികയുടെ താളുകളിലും.

മലയാള ഭാഷയ്ക്ക് ജനപ്രിയസാഹിത്യം എന്ന ശാഖ സമ്മാനിച്ച വര്‍ക്കിയുടെ വീട്ടങ്കണത്തിലാണു ഞായറാഴ്ച വായനാലോകം ഒത്തുചേരുന്നത്.

എഴുത്തിന്റെ ലോകത്തെ വിസ്മയമായിരുന്ന മുട്ടത്തു വര്‍ക്കിയുടെ പേനയും മഷിക്കുപ്പിയും എഴുത്തുപുരയില്‍ കാലത്തിന്റെ തിരുശേഷിപ്പുകള്‍പോലെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ എഴുത്തുമേശയും കസേരയും കണ്ണടയും മുറിയിലുണ്ട്. കേരളം ചുറ്റിയ അദ്ദേഹത്തിന്റെ കുടയും ലെതര്‍ ബാഗും ഇവിടെയുണ്ട്.

കൃഷിയെയും കര്‍ഷകരെയും സ്നേഹിച്ച വര്‍ക്കി നട്ടുവളര്‍ത്തിയ പേരയ്ക്കാമാവും കാഞ്ഞിരമര വും എഴുത്തുപുരയുടെ മുന്‍പില്‍ കാണാം. രണ്ടുമുറികളുള്ള പുരയില്‍ നാല് അലമാരകളിലായി ഇരുന്നൂറിലധികം കൃതികളും സൂക്ഷിച്ചിരിക്കുന്നു. കൈപ്പടയില്‍ എഴുതി ഇനിയും പ്രസിദ്ധീകരിക്കാത്ത കൃതികളും ഡയറിക്കുറിപ്പുകളും അലമാരയില്‍ കാണാം. വരവു-ചെലവുകളുടെ കാര്യത്തില്‍ കര്‍ക്കശക്കാരനായിരുന്ന അദ്ദേഹം ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന വരുമാനക്കണക്കുകളും ഇതിലുണ്ട്.


കൂടാതെ നല്ല വായനക്കാരനായിരുന്ന ഇദ്ദേഹം സൂക്ഷിച്ചിരുന്ന മറ്റുപ്രശസ്ത സാഹിത്യകാരുടെ കൃതികളും. നോവലുകള്‍ 81, സിനിമകള്‍ 26, വിവര്‍ത്തനങ്ങള്‍ 17, ചെറുകഥാ സമാഹാരങ്ങള്‍ 17, നാടകങ്ങള്‍ 12, ജീവചരിത്രങ്ങള്‍ അഞ്ച് എന്നിങ്ങനെയാണ് അഞ്ചു പതിറ്റാണ്ടിനുള്ളില്‍ വര്‍ക്കി എഴുതി പ്രസിദ്ധീകരിച്ച സാഹിത്യ ഉപഹാരങ്ങള്‍.

തലമുറകള്‍ ആവേശത്തോടെ വായിക്കുകയും മനഃപാഠമാക്കുകയും ചെയ്ത വിഖ്യാതമായ നോവലുകളും ഇതില്‍പ്പെടും. ഇതില്‍ 26 നോവലുകള്‍ സിനിമകളാക്കി. നസീറും ഷീലയും സത്യനും കൊട്ടാരക്കരയും വര്‍ക്കിയുടെ കഥാപാത്രങ്ങളായി മലയാളിമനസുകളില്‍ ഇന്നും ജീവിക്കുന്നു.

1950ല്‍ മുതല്‍ 26 വര്‍ഷം ദീപിക പത്രാധിപസമിതിയില്‍ അംഗമായിരുന്നു മുട്ടത്തു വര്‍ക്കി. ദീപികയില്‍ തുടങ്ങിയ നേരും നേരംപോക്കും എന്ന നര്‍മപംക്തിയുടെ രചയിതാവും വര്‍ക്കിയായിരുന്നു.

ഇദ്ദേഹത്തിന്റെ സാഹിത്യകൃതികളില്‍ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യന്‍ പശ്ചാത്തലങ്ങളായിരുന്നു പ്രധാന വിഷയം. തികച്ചും നാട്ടിന്‍പുറത്തുകാരുടെ നിഷ്കളങ്കമായ മനുഷ്യബന്ധങ്ങളുടെ കഥകളായിരുന്നു ഈ സാഹിത്യകൃതികള്‍.

ജന്മശതാബ്ദിയുടെ ഭാഗമായി ഇന്നു രാവിലെ പത്തിനു മുട്ടത്തുവര്‍ക്കി കൃതികളിലെ കഥപാത്രങ്ങളെ ആസ്പദമാക്കി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഇലുസ്ട്രേഷന്‍ ക്യാമ്പ്, വൈകുന്നേരം നാലിനു സര്‍ഗപ്രതിഭാസംഗമം എന്നിവ നടക്കും. നാളെ വൈകുന്നേരം നാലിനു മുട്ടത്തു വര്‍ക്കിയുമായി അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ഒത്തുചേര്‍ന്ന് ഓര്‍മകള്‍ പങ്കുവയ്ക്കും. 28നു വൈകുന്നേരം നാലിനു ജന്മശതാബ്ദി ഉദ്ഘാടന സമ്മേളനം കേന്ദ്ര സഹമന്ത്രി കൊടിക്കുന്നേല്‍ സുരേഷ് നിര്‍വഹിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.