അമേരിക്കയില്‍ കേരള ഇലക്ഷന്‍ ടെലി-ഡിബേറ്റ് മേയ് 10, 11 എന്നീ തീയതികളില്‍
Friday, May 6, 2016 5:02 AM IST
ഹൂസ്റന്‍: കേരളാ അസംബ്ളിലേക്കുള്ള ചൂടേറിയ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ താത്പര്യമുള്ള അമേരിക്കന്‍ മലയാളികള്‍ക്കായി മേയ് 10 (ചൊവ്വ) മേയ് 11 (ബുധന്‍) എന്നീ രണ്ടു ദിവസങ്ങളില്‍ വൈകുന്നേരം എട്ടു മുതല്‍ (ന്യൂയോര്‍ക്ക് ടൈം) കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ടെലികോണ്‍ഫറന്‍സ് മാതൃകയില്‍ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കയിലെ മാത്രമല്ല ലോകത്തിന്റെ ഏതുഭാഗത്തുള്ളവര്‍ക്കും ടെലിഫോണിലൂടെ ഈ ഇലക്ഷന്‍ സംവാദത്തില്‍-ഡിബേറ്റില്‍ പങ്കെടുക്കാവുന്നതാണ്.

ഇന്ത്യയില്‍ വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ അനേകം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ അധിവസിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ഭരണ അടിയൊഴുക്കുകള്‍ അവരെ ഏവരെയും വിവിധതരത്തില്‍ബാധിക്കാറുണ്ട്. പലര്‍ക്കും ഇന്ത്യയില്‍ ബന്ധുക്കളുണ്ട്, സ്വത്തുക്കളുണ്ട്. അവിടത്തെ വിവിധ ഭരണതട്ടകങ്ങളിലുള്ള കാര്യക്ഷമതയില്ലായ്മ, അഴിമതി, സ്വജനപക്ഷപാതം, അരക്ഷിതാവസ്ഥ, പ്രവാസിചൂഷണങ്ങള്‍, ടാക്സ്, വികസന നയങ്ങളും തുടങ്ങിയവയെപറ്റിയൊക്കെ നിരവധിപേര്‍ ആശങ്കാകുലരാണ്. ഈ ചുറ്റുപാടില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വിവിധ രാഷ്ട്രീയ കക്ഷികളുടെയും, മുന്നണികളുടെയും, മാനിഫെസ്റോയും, പ്രകടനപത്രികകളും വാഗ്ദാനങ്ങളും പഴയകാല ട്രാക്ക് റിക്കാര്‍ഡുകളും പരിശോധിക്കുന്നതും മനസ്സിലാക്കുന്നതും അഭികാമ്യമാണ്. കേരളാ തെരഞ്ഞെടുപ്പില്‍ മാറ്റുരക്കുന്ന വിവിധ കക്ഷികളുടെയും വ്യക്തികളുടെയും ഓവര്‍സീസ് പ്രതിനിധികളും സംഘടനാ നേതാക്കളും ഈ ഡിബേറ്റില്‍ പങ്കെടുക്കും. ഇന്ത്യയിലായിരുന്നപ്പോള്‍ തിളക്കമാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവരും ഈ സംവാദത്തില്‍ ക്രിയാത്മകമായി പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. സാമൂഹ്യ-സാംസ്ക്കാരിക സംഘടനാപ്രവര്‍ത്തകരും, എഴുത്തുകാരും, സാഹിത്യകാരന്മാരും വിവിധ ദൃശ്യശ്രാവ്യപത്രമാധ്യമ പ്രമുഖരും ഈ തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ടെലികോണ്‍ഫറന്‍സ് സംവാദത്തില്‍ ആദ്യവസാനം പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഏവരെയും സവിനയം സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. മുഖ്യമായി മുന്നു രാഷ്ട്രീയ കക്ഷി മുന്നണികളാണ് ഈ തെരഞ്ഞെടുപ്പ് ഗോദായില്‍ കൊമ്പുകോര്‍ക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുഡിഎഫും ഇടതു കമ്മ്യൂണിസ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫും., ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ, യും, ആണ്. ഇതില്‍ മുഖ്യമായ എല്ലാ കക്ഷികളുടെയും അമേരിക്കന്‍ പ്രതിനിധികളും അഭ്യുദയകാംക്ഷികളും ഈ ഡിബേറ്റില്‍ കാര്യമാത്രപ്രസക്തമായി സമയപരിധിക്കുള്ളില്‍നിന്ന് സംസാരിക്കാമെന്നു സമ്മതിച്ചിട്ടുണ്ട ്.

ദിവസവും മൂന്നു മണിക്കൂര്‍ വീതം രണ്ടൂ ദിവസങ്ങളിലായിട്ടായിരിക്കും സംവാദം. ഓരൊ ദിവസവും പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളെപ്പറ്റിയുള്ള തിരിച്ചുപോക്കൊ ആവര്‍ത്തനങ്ങളൊ ഡിബേറ്റില്‍ അനുവദിക്കുന്നതല്ല. കാരണം പ്രയോഗത്തില്‍ അതൊട്ടും അഭികാമ്യമല്ലല്ലൊ. അതിനാല്‍ രണ്ടൂ ദിവസങ്ങളിലായി നടക്കുന്ന ഡിബേറ്റില്‍ മുഴവന്‍ സമയവും പങ്കെടുക്കുന്നവര്‍ക്കെ എല്ലാ വിവരവും സമ്പൂര്‍ണമായി മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ആര്‍ക്കും ഭാഗികമായി ഡിബേറ്റില്‍ സംസാരിക്കാനും ചോദ്യങ്ങള്‍ ചോദിക്കാനും സൌകര്യമുള്ളപോലെതന്നെ പേരുപോലും പറയാതെ, വെളിപ്പെടുത്താതെ ഒരു നിശബ്ദ ശ്രോതാവായും ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. അവതരണത്തില്‍ കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷതയും, നീതിയും പുലര്‍ത്തുന്ന കേരളാ ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ നിര്‍ദേശങ്ങളും, അഭ്യര്‍ഥനകളും കര്‍ശനമായി പാലിക്കേണ്ടതാണ്.

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര സംവാദത്തില്‍ അമേരിക്കയിലെ നാനാഭാഗങ്ങളില്‍നിന്നായി 300ല്‍ പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂര്‍ണ സഹകരണം അത്യന്താപേക്ഷിതമാണ്. സംവാദത്തില്‍ കേരളാ അസംബ്ളി തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളില്‍ മാത്രം ഊന്നല്‍ കൊടുക്കുന്നതായിരിക്കും

മെയ് പത്തിനു (ചൊവ്വ) മെയ് 11 (ബുധന്‍) എന്നീ രണ്ട ു ദിവസങ്ങളില്‍ വൈകുന്നേരം 8 മുതല്‍ (ന്യൂയോര്‍ക്ക് ടൈം-ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റേണ്‍ സ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോണ്‍ ഡയല്‍ ചെയ്ത് ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ പ്രവേശിക്കാവുന്നതാണ്. ടെലികോണ്‍ഫറന്‍സ് ഡിബേറ്റില്‍ സംബന്ധിക്കുന്നവര്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഭികാമ്യം ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നതാണ്.

ടെലികോണ്‍ഫറന്‍സ് ഡിബേറ്റിലേക്കായി ഡയല്‍ ചെയ്യേണ്ട നമ്പര്‍ : 1-605-562-3140 അക്സസ് കോഡ് : 605988 സംവാദത്തില്‍ പങ്കെടുക്കുന്നവര്‍ 'കേരളാ അസംബ്ളി ഇലക്ഷന്‍' എന്ന വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പാര്‍ട്ടിയും മുന്നണിയും ഏതായാലും പരസ്പര ബഹുമാനവും സൌഹൃദവും ഈ സംവാദത്തില്‍ നിലനിര്‍ത്തണം. എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളുടെയും ഓവര്‍സീസ്-അമേരിക്കന്‍ പ്രതിനിധികളും നേതാക്കളുമായി കേരള ഡിബേറ്റ് ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതൊരു പ്രത്യേക ക്ഷണമായി കണക്കാക്കി പ്രവര്‍ത്തകരും പ്രതിനിധികളും താഴെ കാണുന്ന ഡിബേറ്റ് ഫോറം പ്രവര്‍ത്തകരെ വിളിച്ച് ഇന്നുതന്നെ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുക. കൂടാതെ കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക.

എ.സി. ജോര്‍ജ്ജ് : 832-295-1487, സണ്ണി വള്ളിക്കളം : 847-722-7598, റെജി ചെറിയാന്‍: 404-425-4350, തോമസ് കൂവള്ളൂര്‍ : 914-409-5772, ടോം വിരിപ്പന്‍ : 832-462-4596, മാത്യൂസ് ഇടപ്പാറ : 845-309-3671, സജി കരിമ്പന്നൂര്‍ : 813-263-6302, ശ്രീകുമാര്‍ ഉണ്ണിത്താന്‍ : 914-886-2655, ജിബി എം. തോമസ് : 914-573-1616.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്