ഏപ്രില്‍ മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയില്‍ മൊബൈല്‍ ഫോണ്‍ വിളികള്‍ക്കുള്ള നിരക്ക് കുറയും
Saturday, March 26, 2016 2:32 AM IST
ദമാം: ഏപ്രില്‍ മാസം ആദ്യം മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടിയില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളുടെയും നിലവിലെ നിരക്കില്‍ നാല്‍പ്പതു ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്ന് ഗള്‍ഫ് സഹകരണ കൌണ്‍സിലിനു കീഴിലുള്ള സാമ്പത്തിക ഡെവലപ്മെന്റ് വിഭാഗം അസിസ്റന്റ് സെക്രട്ടറി ജനറല്‍ അബ്ദുല്ലാ അല്‍ ഷിബ് ലി അറിയിച്ചു.

മൊബൈല്‍ ഫോണ്‍ വഴിയുളള കോളുകള്‍ക്കും റോമിംഗ് സേവനങ്ങള്‍ക്കും എസ്എംഎസ് സന്ദേശങ്ങള്‍ക്കും നിരക്കില്‍ കുറവുണ്ടാകും. നിലവില്‍ സൌദിയില്‍ നിന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിളിക്കുന്നതിനു മിനിറ്റിനു 1.03 റിയാലാണ് നിരക്ക്.

ഫോണ്‍ കോളുകള്‍ മൂലമുള്ള അമിത ഭാരം കുറക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള തപാല്‍, ടെലികോം മന്ത്രാലയ ഉന്നതാധികാര സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് ഗള്‍ഫ് രാജ്യങ്ങളിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്കു നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് അബ്ദുല്ലാ അല്‍ ഷിബ് ലി പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഫോണ്‍ കോളുകളുടെ നിരക്കും സേവനങ്ങളും നിരീക്ഷിക്കുന്നതിനു പ്രത്യേക സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം