നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്
ദമാം: നവയുഗം സാംസ്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024ലെ കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു.
നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന് ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും കേരളരാഷ്ട്രീയത്തിലും സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.
മുൻ വൈക്കം എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ. ഓമന എന്നിവരുടെ മകനായി 1955 നവംബർ 25ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലെ എഐഎസ്എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു.
എംഎ, എൽഎൽബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിക്കുകയും 2006-2011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു.
2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും, പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ പൊതുപ്രവർത്തകനും അദ്ദേഹം മാതൃകയാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.
ഡിസംബർ ആറിന് ദമാമിൽ നടക്കുന്ന നവയുഗസന്ധ്യ-2024 എന്ന മെഗാപരിപാടിയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യൻ മൊകേരി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും അറിയിച്ചു.
സർവ്വശ്രീ വെളിയം ഭാർഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ് നജാത്തി, പി.എ.എം. ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം. കബീർ, ടി.സി. ഷാജി, കെ.രാജൻ എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ.
അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ കൊയ്ത്തുത്സവം ഞായറാഴ്ച
അബുദാബി: ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്റെ ഓർമയുണർത്തുന്ന കൊയ്ത്തുത്സവത്തിനു അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
ഞായറാഴ്ച മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കുന്ന വമ്പൻ മേളയ്ക്ക് അരങ്ങൊരുങ്ങുക. രാവിലെ 9.30നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
ഈ വർഷത്തെ ചിന്താ വിഷയം "സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതാണ്'. വൈകുന്നേരം മൂന്നിനു നടക്കുന്ന വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.
പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെന്റി, വിജയ് ടിവി സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറും.
52 ഭക്ഷണ സ്റ്റാളുകളിലൂടെ നടക്കുന്ന ഭക്ഷ്യമേളയാണ് മുഖ്യാകർഷണം. കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങളും ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമാകും.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു,
ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് .ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥിയായി എത്തിച്ചേർന്നതായിരുന്നു മെത്രാപ്പോലീത്ത.
ഇടവക വികാരി റവ.ഫാ.ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ.ഫാ. തോമസ് മാത്യൂ, മഹാഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഷാജി വർഗീസ്, ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്നാണ് കുവൈറ്റ് വിമാനത്താവളത്തിൽ മെത്രാപ്പോലിത്തയെ സ്വീകരിച്ചത്.
വാഹനാപകടം: ബീഹാർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബീഹാർ സ്വദേശി അഷ്റഫ് അലി(25) മരിച്ചു. റിയാദിലെ അൽഖർജ് അൽമറായ് റോഡിലാണ് സംഭവം.
20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യക്കാരന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് കേളി അൽഖർജ് ജീവകാരുണ്യ കമ്മിറ്റി കൺവീനർ നാസർ പൊന്നാനിയെ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
പോലീസ് പറയുന്നത് അനുസരിച്ച് 20 ദിവസങ്ങൾക്ക് മുൻപ് അൽമറായ് റോഡിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞിരുന്നു. പൂർണമായും തകർന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരായ പാക്കിസ്ഥാനിയും നേപ്പാളിയും തിരിച്ചറിഞ്ഞു.
എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കളിൽ നിന്നും പോലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരനാണെന്ന് മനസിലായതിനെ തുടർന്നാണ് പോലീസ് നാസറിനെ വിളിച്ചു വരുത്തി വിവരങ്ങൾ കൈമാറിയത്.
നാസർ പൊന്നാനി ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും പോലീസ് നൽകിയ രേഖകളിൽ നിന്നും കൂടുതൽ അന്വേഷണം നടത്തി അഷ്റഫ് അലിയുടെ കൂടുതൽ വിവരങ്ങൾ തരപ്പെടുത്തുകയുമായിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു.
തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുൻപ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇക്കാമ കിട്ടിയതിനു ശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഉറൂബ് ആക്കിയതായും അതിനാൽ തന്നെ മറ്റ് നടപടികളുമായി സഹകരിക്കാൻ തയാറല്ലെന്നും സ്പോൺസർ അറിയിച്ചു.
ഇന്ത്യൻ എംബസി നാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും നാസർ പൊന്നാനി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു
ഇന്ത്യൻ എംബസി ഡത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ പ്രവീൺകുമാർ, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവർ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെലവ് ഇന്ത്യൻ എംബസി വഹിക്കുകയും ചെയ്തു.
"നവയുഗസന്ധ്യ-2024' മെഗാപ്രോഗ്രാം ഡിസംബർ ആറിന്
ദമാം: നവയുഗം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന "നവയുഗസന്ധ്യ-2024' എന്ന കലാസാംസ്കാരിക മെഗാപ്രോഗ്രാം, ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടു മുതൽ ദമാമിൽ വച്ച് നടക്കുമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ നവയുഗസന്ധ്യയിൽ ഒരുക്കിയിട്ടുണ്ട്.
വിവിധ മത്സരങ്ങൾ, പുസ്തകമേള, ചിത്രപ്രദർശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കൽ ക്യാംപ്, സാംസ്കാരിക സദസ്, "നവയുഗം കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം' വിതരണം, പ്രവാസലോകത്തു വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സമൂഹം ആദരിക്കുന്ന പ്രമുഖവ്യക്തിത്വങ്ങളെ ആദരിക്കൽ, നൂറിലധികം കലാകാരൻമാർ അണിനിരക്കുന്ന വിവിധ സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ് നവയുഗസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാർ അമ്പലപ്പുഴ (ചെയർമാൻ), ബിജു വർക്കി (ജനറൽ കൺവീനർ), സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ജാബിർ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കൺവീനർമാർ) എന്നിവർ നേതൃത്വം നൽകുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്.
നവയുഗസന്ധ്യ-2024ന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന, കളറിംഗ് എന്നീ മത്സരങ്ങളും സ്ത്രീകൾക്കായി മെഹന്ദി, കേക്ക് മേക്കിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം. മത്സരവിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയിലേയ്ക്ക് എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജനറൽ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവർ അറിയിച്ചു.
രാജൻ പള്ളിത്തടത്തിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടത്തിന് അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി. 33 വർഷമായി അൽഖർജ് സനയ്യ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജൻ പള്ളിത്തടം പത്തനംതിട്ട മുണ്ടു കോട്ടക്കൽ സ്വദേശിയാണ്.
അൽഖർജ് റൗള റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്,
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാക്ക്, ലിപിൻ പശുപതി, കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ രക്ഷാധികാരി സമിതി കൺവീനറുമായ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അൽ ഖർജിലെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന അൽ ദോസരി ക്ലിനിക്കിലെ ഡോ. അബ്ദുൾ നാസർ,
കെഎംസിസി അൽഖർജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, കെഎംസിസി ടൗൺ കമ്മറ്റി ട്രഷറർ നൗഫൽ, ഡബ്ലുഎംഎഎഫ് പ്രതിനിധി അയൂബ് പനച്ചമൂട്, ഗോപൻ, യൂണിറ്റ് സെക്രട്ടറിമാർ, മറ്റ് പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ രാജൻ പള്ളിത്തടത്തിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു.
കുവൈറ്റ് സാംസ്കാരിക കാര്യ മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ, യുവജനകാര്യ, സാംസ്കാരിക മന്ത്രി അബ്ദുൾറഹ്മാൻ ബദ്ദ അൽ മുതൈരിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക വിവര കൈമാറ്റ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷണല്‍ തിയറ്ററില്‍
അബുദാബി: കലാലയം സാംസ്കാരിക വേദിയുടെ കീഴില്‍ നടത്തുന്ന പതിനാലാം എഡിഷന് യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷനല്‍ തിയറ്ററില്‍ നടക്കും.
രജിസ്റ്റർ ചെയ്ത 7119 മത്സരികളിൽ നിന്ന് യൂണിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മത്സരിക്കുന്നത്.
"പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സരങ്ങളും നടക്കും
പ്രവാസി വിദ്യാർഥി യുവജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്കി പ്രതിഭാത്വം ഉയർത്തി കൊണ്ടുവരികയും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.
മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറൽ റീഡിങ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ ഏഴിന് ആരംഭിക്കും.
വൈവിധ്യമായ പ്രാചാരണ പ്രവർത്തനങ്ങൾ സംഘാടക സമിതി യുടെ നേതൃത്വത്തിൽ നടക്കുന്നു. വൈകുന്നേരം ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം നിർവഹിക്കും.
എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്കാര ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.
സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർഎസ്സിസി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർഎസ്സി യുഎഇ നാഷണൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അബുദാബി മലയാളീസ് സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: അബുദാബി മലയാളീസ് 2024-25 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. പ്രസിഡന്റ് വിദ്യ നിഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റാഫി വാസ്മ സ്വാഗതവും ട്രെഷറർ മുബാറക് നന്ദിയും പറഞ്ഞു.
60ൽ പരം ടീം അംഗങ്ങൾ പങ്കെടുത്തു. കമ്മിറ്റി ചെയർമാൻ ഗ്രൂപ്പ് ഫൗണ്ടർ മമ്മിക്കുട്ടി കുമരനെല്ലൂർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സമീർ, ലേഡീസ് കൺവീനർ നാദിയ മുസ്തഫ, പ്രോഗ്രാം ഡയറക്ടർ ഫിറോസ് ഇ.എം.കെ, ആർട്ട് സെക്രട്ടറി ശ്രീജ, അസിസ്റ്റന്റ് ആർട്ട് സെക്രട്ടറി സുബിന, ലേഡീസ് ജോയിന്റ് കൺവീനർ രാജി, ഗ്രൂപ്പ് കോഓർഡിനേറ്റർ സുമോദ് എന്നിവർ ആശംസകൾ നേർന്നു.
എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം
ദോഹ: ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം. നൂതനമായ മാര്‍ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്കി മികച്ച റിസല്‍ട്ട് നിലനിര്‍ത്തുന്നത് പരിഗണിച്ചാണ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് എന്‍വിബിഎസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ എന്നിവരെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചത്.
യൂണിവേര്സിറ്റി ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടന്ന നാഷണല്‍ മാനേജ്മെന്റ് കോണ്‍ഫറന്‍സായ അസന്റ് 2024 സമാപന ചടങ്ങില്‍ സർവകലാശാല സിണ്ടിക്കേറ്റ് മെമ്പറും ഫിസിക്സ് വകുപ്പിലെ സീനിയര്‍ പ്രഫസറുമായ ഡോ. പ്രദ്യുപ്നന്‍ അവാര്‍ഡ് സമ്മാനിച്ചു.
സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹീന്‍ തയ്യില്‍, സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ശ്രീഷ സി.എച്ച്, ഫാക്കല്‍ട്ടി കോഓര്‍ഡിനേറ്റര്‍ ഡോ.നതാഷ, അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഹരികുമാര്‍, അസന്‍ഡ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ബിലാല്‍, കണ്‍വീനര്‍ നബീഹ് ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ബാഡ്മിന്റണ്‍ പരിശീലന രംഗത്തെ എന്‍വിബിഎസിന്റെ മികവിനെ അംഗീകരിക്കുകയും പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തതില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ ഇന്നൊവേഷനുകളുമായി മുന്നോട്ടുപോകുവാന്‍ ഇത് പ്രചോദനമാകുമെന്നും ചടങ്ങില്‍ സംസാരിച്ച എന്‍വിബിഎസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജും ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാനും പറഞ്ഞു.
തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരവും അവാർഡ് ദാനവും ഡിസംബർ ആറിന്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18-ാം ദേശീയ വടംവലി മത്സരം ഡിസംബർ ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെ നടക്കും.
കുവൈറ്റിലെ മുപ്പതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന - പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദ സ്കുൾ അവാർഡ് ദാനവും ഇതോട് അനുബന്ധിച്ച് നടക്കും.
20ലധികം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.
സൗദി എംഒഎച്ചിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേക്കു നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ.
നഴ്സിംഗിൽ ബിഎസ്സി പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www. nifl.norkaroots.org വെബ്സൈറ്റുകൾ സന്ദർശിച്ച് 30 നകം അപേക്ഷ സമർപ്പിക്കണം.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + ) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷൻ, എച്ച്ആർഡി അറ്റസ്റ്റേഷനും രജിസ്റ്റർ ചെയ്യുന്നതിനാവശ്യമാണ്.
അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. അഭിമുഖ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം.
അഭിമുഖം ഡിസംബർ രണ്ടാംവാരം കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്തുനിന്നും- മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.
ഇശൽ ഓണം വർണാഭമായ പരിപാടികളോടെ അരങ്ങേറി
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ഇശൽ ഓണം മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് എന്നിങ്ങനെ വർണാഭമായ ഓണപ്പരിപാടികളോടെ അരങ്ങേറി.
സിനിമാ നടൻ സെൻതിൽ കൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു. അബുദാബി കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ-ഷഹീ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഉപദേശക സമിതി അംഗം മഹ്റൂഫ് കണ്ണൂർ, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്റ് കോഓർഡിനേറ്റർ ഇഖ്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ബേയ്പ്പുർ ബോട്ട് റസ്റ്റോറന്റ് മാനേജർ ഷിഹാജ് റഹീം, ഹാപ്പി ബേബി മൊബൈൽസ് ഉടമ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടിൽപ്പാലം സ്വദേശി കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
ഇശൽ ബാൻഡ് അബുദാബിയുടെ രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം ബെൻസർ ട്രാൻസ്പോർട്ട് ഉടമ മുഹമ്മദ് ഷരീഫ്, ക്യുപ്കോ ജനറൽ ട്രെഡിംഗ് ഉടമ ഒ.കെ. മൻസൂർ, ഡീപ് സീ ഫിഷ് ട്രെഡിംഗ് ഉടമ ഹാരിസ് പാങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഷോയിൽ ഇൻസ്റ്റാഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുത്തു. തുടർന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായ മിസി മാത്യൂസ് നയിച്ച ഓണം തീം ഫാഷൻ ഷോയും അരങ്ങേറി.
ഇശൽ ബാൻഡ് അബുദാബി ഓർഗനൈസിംഗ് സെക്രട്ടറി അൻസർ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസിസ്, നിഷാൻ അബ്ദുൾ അസിസ്, മുഹമ്മദ് ഇർഷാദ്, വോളണ്ടിയർ ക്യാപ്റ്റൻ മുജീബ് എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
പീഡനക്കേസ്; പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: പീഡനക്കേസ് പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. സൗദിയിലെ അല്‍ഖസീമില്‍ ആണ് സംഭവം.
അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു.
കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി കെ.എം. ഷാജി തുടങ്ങിയവർ പങ്കെടുക്കും.
മൂന്നാമത് ഇ. അഹമ്മദ് എക്സലൻസി അവാർഡിന് അർഹനായ എം.എ. ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം. ഹൈദറലിക്ക് അവാർഡ് കൈമാറും.
"തംകീൻ' അഥവാ "ശാക്തീകാരണം' എന്ന സമ്മേളനപ്രമേയത്തെ അടിസ്ഥാനപെടുത്തി സാമൂഹിk-ക-സാംസ്കാരിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ കുവൈറ്റ് കെഎംസിസി അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാൻ ആവശ്യമായ ചർച്ചകളും പദ്ധതികളും നടപ്പിൽ വരുത്തുക എന്നതാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
സമ്മേളന വിജയത്തിനായി 359 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സംഘടനാ തലങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. തംകീൻ എന്ന സമ്മേളന പ്രമേയം കുവൈറ്റിലുടനീളം ചർച്ച ചെയ്തു.
മുസ്ലിം ലീഗ് നേതാക്കളുടെ കുവൈറ്റിലേക്കുള്ള വരവ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് മുന്നോട്ട് വയ്ക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി കുവൈറ്റിലെ പ്രവാസി പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുകയും ലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകർഷിക്കുകയുമാണ് കെഎംസിസിയുടെ ലക്ഷ്യങ്ങളിലൊന്ന്.
മുൻകാലങ്ങളിൽ കുവൈറ്റ് കെഎംസിസി നടപ്പിൽ വരുത്തിയിരുന്ന പല ജനക്ഷേമ പദ്ധതികളും തിരിച്ചുകൊണ്ടുവരാനും സോഷ്യൽ സെക്യൂരിറ്റി സ്കീം പോലുള്ള സുപ്രധാനമായ പദ്ധതികളിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മീഡിയ ചാർജുള്ള വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സലാം പാപ്പിനിശേരിയുടെ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: യുഎഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രയരായ പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു.
43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യുഎഇ പൗരനും ഇനായ ഗ്രൂപ്പിന്റെ ചെയർമാനുമായ റിയാദ് അഹമ്മദ് ടിം മുൻ റേഡിയോ അവതാരകൻ കെ.പി.കെ. വേങ്ങരയ്ക്ക് നൽകി കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
നിയമ കുരുക്കിൽ അകപ്പെട്ട് പ്രതിസന്ധിയിലായവരുടേതുൾപ്പടെ പ്രവാസലോകത്തെ അനുഭവങ്ങൾ വരച്ചു കാട്ടുന്ന പുസ്തകമാണ് ഒലീസിയ.
മരുപ്പച്ചയ്ക്കും മണൽക്കാറ്റിനുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രതിസന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് ഒലീസിയ എന്ന പുസ്തകത്തിൽ പറയുന്നത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
ചടങ്ങിൽ യുഎഇ അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, സഫ്വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, മുന്ദിർ കൽപകഞ്ചേരി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, ഫർസാന അബ്ദുൾജബ്ബാർ, അൻഷീറ അസീസ്, ഷഫ്ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും പ്രമേഹ ബോധവത്കരണം സംഘടിപ്പിച്ചു
ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി സ്കില്‍ ഡലവപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണം ശ്രദ്ധേയമായി.
മോഡേണ്‍ മെഡിസിനും ആയുര്‍വേദയും കുംഗ്ഫുവും യോഗയും അക്യപംക്ചറുമൊക്കെ പ്രമേഹം നിയന്ത്രിക്കുവാന്‍ എങ്ങനെ സഹായകമാകുമെന്നാണ് ബോധവത്കരണ പരിപാടിയില്‍ ശ്രദ്ധ കേന്ദീകരിച്ചത്.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആൻഡ് വെല്‍വനസ് എഡ്യൂക്കേറ്റര്‍ ഡോ. ഫഹദ് അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഹ് മദ് മുഖ്യ പ്രഭാഷണം നടത്തി. ജീവിത ശൈലി മാറ്റുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്നും ഭക്ഷണം, ഉറക്കം, നടത്തം എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും പ്രമേഹത്തെ പ്രതിരോധിക്കുവാനും സാധിക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍ ഡോ. ഫസീഹ അസ്കര്‍ പറഞ്ഞു.
രാവിലെ എഴുന്നേല്ക്കുന്നതുമുതല് ഉറങ്ങുന്നതുവരേയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധവേണമെന്നും ശാസ്ത്രീയമായ രീതിയിലുള്ള ബോഡി സ്ട്രച്ചിംഗ്, ബ്രീത്തിംഗ് എക്സര്‍സൈസ്, നടത്തം എന്നിവ ജീവിത ശൈലി മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള പ്രയാസങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുമെന്ന് യുഎംഎഐ ഫൗണ്ടറും ഗ്രാൻഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി അഭിപ്രായപ്പെട്ടു.
ശാസ്ത്രീയമായ രീതിയില്‍ യോഗ പരിശീലിക്കുന്നത് രക്തസംക്രണം അനായാസമാക്കാനും വിവിധ തരം രോഗങ്ങളെ പ്രതിരോധിക്കുവാനും സഹായിക്കുമെന്ന് യോഗ ഇന്‍സ്ട്രക്ടര്‍ ഇറ്റി ബെല്ല പറഞ്ഞു.
നേരത്തെ ഉണരുക, വ്യായാമം പരിശീലിക്കുക, രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങുക തുടങ്ങിയവ ആരോഗ്യ സംരംക്ഷണത്തില്‍ പ്രധാനമാണെന്നും ജീവിത ശൈലി ക്രമീകരിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും അക്യൂപംക്ചറിസ്റ്റ് നിജാസ് ഹസൈനാര്‍ അഭിപ്രായപ്പെട്ടു.
ജീവിതത്തല്‍ സമ്മര്‍ദ്ധങ്ങള്‍ ഒഴിവാക്കുകയും ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ സ്ഥാപിച്ചും പൊട്ടിച്ചിരിച്ചും ജീവിതം മനോഹരമാക്കുവാന്‍ ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന് പ്രതിനിധി ഉണ്ണികൃഷ്ണന് പറഞ്ഞു. ആരോഗ്യ സംരംക്ഷണത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രവാചക വചനങ്ങളെന്നും അവ ജീവിതത്തില്‍ പാലിക്കുന്നതിലൂടെ വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നും സൂപ്പര്‍ഫൈന്‍ ഡോക്യൂമെന്റ് ക്ളിയറന്‍സ് മാനേജര്‍ മുഹമ്മദ് ഫാറുഖ് പറഞ്ഞു.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഇവന്റ് ഓഫീസര്‍ അഷ്റഫ് പി എ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. നേരത്തെ ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആന്റ് വെല്‍വനസ് എഡ്യൂക്കേറ്റര്‍ ഡോ.ഫഹദ് അബ്ദുല്ലയുടേയും ഇവന്റ് ഓഫീസര്‍ അഷ്റഫ് പി എ നാസറിന്റേയും നേതൃത്വത്തില്‍ പരിപാടിക്കെത്തിയ മുഴുവനാളുകളേയും രക്ത പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനുകളും പുറത്തിറക്കി.
സീ ഷെല്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന് നിര്‍വഹിച്ചു. ഐഒഎസ് ആപ്ലിക്കേഷന്‍ ദോഹ ബ്യൂട്ടി സെന്ററര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസും അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടര്‍ പി.ടി. മൊയ്തീന്‍കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്.
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബുവും അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, യുഎംഎഐ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.
പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ലസ് സിഇഒയും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 4324853 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഓണ്‍ലൈന്‍ വിലാസം www.qatarcontact.com.
ക്യുകെഐസി കലണ്ടർ പ്രകാശനം ചെയ്തു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന 2025 വർഷത്തെ കലണ്ടർ ട്രഷറർ മുഹമ്മദലി മൂടാടിക്ക് നൽകി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി പ്രകാശനം ചെയ്തു. ഇസ്ലാമിലെ പ്രധാനപ്പെട്ട മസ്ജിദുകൾ എന്ന തീമിൽ തയാറാക്കിയ കലണ്ടർ ഏതാനും ദിവസങ്ങൾക്കകം വിതരണത്തിന് തയാറാവും.
ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, ശബീറലി അത്തോളി, ഉമർ ഫൈസി, ഷാനിബ്, കബീർ എന്നിവർ സംബന്ധിച്ചു. കോപ്പികൾ ആവശ്യമുള്ളർ 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടുക.
അൽഫസാഹ: ടീം റെഡ് ഓവറോൾ ചാമ്പ്യന്മാർ
ദോഹ: അൽമനാർ മദ്റസ ആർട്സ് ഡേ അൽഫസാഹ'24ൽ 150 പോയിന്റ് നേടി ടീം റെഡ് ഓവറോൾ ചാമ്പ്യന്മാരായി. 131 പോയിന്റോടെ ടീം ബ്ലൂ റണ്ണേഴ്സ് അപ്പായി. നാലു ടീമുകളായി തിരിച്ച് അഞ്ച് കാറ്റഗറികളിലായി നടത്തിയ കലാമത്സരങ്ങൾ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ഏറെ മികച്ചതായിരുന്നു.
കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ഫാതിമ അബ്ദുൽ ഗഫൂറും(റെഡ്) സബ്ജൂനിയർ വിഭാഗത്തിൽ ആയിഷ അബ്ദുൽ ഗഫൂറും(ബ്ലൂ) ജൂണിയർ വിഭാഗത്തിൽ ഇഹാൻ അബ്ദുൽ വഹാബും(റെഡ്) സീനിയർ ബോയ്സിൽ ഇജാസ് അബ്ദുല്ലയും(ബ്ലൂ) സീനിയർ ഗേൾസിൽ റന ഫാതിമയും(യെല്ലൊ) തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രിയേഷൻ ഹാളിൽ നടന്ന പരിപാടി ആസ്വദിക്കാൻ രക്ഷിതാക്കൾ അടക്കമുള്ള നൂറുകണക്കിനാളുകൾ സന്നിഹിതരായിരുന്നു.
സമാപന സെഷനിൽ സ്വലാഹുദ്ധീൻ സ്വലാഹി, മുജീബ് റഹ്മാൻ മിഷ്കാത്തി, കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ഷാനിബ്,ഷബീറലി അത്തോളി എന്നിവർ സംബന്ധിച്ചു.
പ്രവാസി സാഹിത്യോത്സവ് കിരീടം കുവൈറ്റ് സിറ്റി സോണിന്
കുവൈറ്റ് സിറ്റി: രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ്കാരിക വേദിയുടെ പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ കുവൈറ്റ് സിറ്റി സോണിന് കലാ കിരീടം.
ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ - കവിതാരചന, മാഗസിൻ ഡിസൈനിംഗ് തുടങ്ങിയ 59 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽ നിന്നായി നാന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
ഫാമിലി, യൂണിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഖൈത്താനിൽ മൂന്ന് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
ഫർവാനിയ സോൺ ഫസ്റ്റ് റണ്ണറപ്പും, ജലീബ് സോൺ സെകന്റ് റണ്ണറപ്പുമായി. കലാപ്രതിഭയായി നവീൻ ബദറുദ്ദീൻ (ജലീബ്), സർഗപ്രതിഭയായി അൻസില സവാദ് (ജഹ്റ) എന്നിവരെ തെരെഞ്ഞെടുത്തു.
സാംസ്കാരിക സമ്മേളനം അലവി സഖാഫി തെഞ്ചേരിയുടെ അധ്യക്ഷതയിൽ അഹമ്മദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ഇന്ത്യ സെക്രട്ടറി ജഅഫർ സ്വാദിഖ് സി.എൻ സാംസ്കാരിക പ്രഭാഷണം നടത്തി.
മത്സരങ്ങളും സ്വാർഥതയും കൊടികുത്തുന്ന ആധുനിക ലോകത്ത് പരസ്പ്പരം ഉൾക്കൊള്ളാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ കുറേ കാലങ്ങളിലായ് സാഹിത്യോത്സവിലൂടെ അത് സാധ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുജിസി നെറ്റ് പരീക്ഷയിൽ വിജയം നേടിയ മുൻ ആർഎസ്സി സെക്രട്ടറി സലീം മാസ്റ്ററെ അനുമോദിച്ചു. ഷിഫ അൽജസീറ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് അസീം സേട്ട് സുലൈമാൻ, അബ്ദുല്ല വടകര, സത്താർ ക്ലാസിക്ക്, ഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, ശിഹാബ് വാരം തുടങ്ങിയവർ സംബന്ധിച്ചു.
കേരളാ ദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാടികളോടെ കേരളാ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി മലയാളി അസോസിയേഷനുകൾ കേരളത്തിന്റെ പരമ്പരാഗതവും വൈവിധ്യമാർന്നതുമായ കലാരൂപങ്ങൾ അവതരിപ്പിച്ചു.
ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടിയിൽ ആയോധനകലയായ കളരിപ്പയറ്റ്, അനുഷ്ഠാന കലാരൂപമായ തെയ്യം, തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, ഒപ്പന, ഗസൽ എന്നിവയുമുണ്ടായിരുന്നു.
മഹാരാജ മാർത്താണ്ഡവർമ, പഴശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്കരീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കേരളത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്കിറ്റുകളും മോണോലോഗുകളും അവതരിപ്പിക്കപ്പെട്ടു.
വിജയകരമായ ആഘോഷം സംഘടിപ്പിച്ചതിനും അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിനും അംബാസഡർ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.
ലിറ്റിൽവേൾഡ് എക്സിബിഷന് ബുധനാഴ്ച തുടക്കമാകും
കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളുടെ സാംസ്കാരിക, പൈതൃക പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന ലിറ്റിൽവേൾഡ് എക്സിബിഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രൊമോട്ടർമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ തുടങ്ങിയവ ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭമായിരിക്കുമിത്.
മിശിരിഫ് എക്സിബിഷൻ സെൻട്രൽ ഏരിയയിൽ ഹാൾ നമ്പർ ആറിന് സമീപത്തുള്ള പാർക്കിംഗ് ഏരിയയിൽ തുറസായ സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് ഒരുങ്ങുന്നത്.
കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ്, തുർക്കി, ഈജിപ്ത്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ജിസിസി രാജ്യങ്ങൾ എന്നിവയുടെ പതിനാലോളം പവലിയനായാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണിൽ ഉണ്ടാവുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത വിനോദങ്ങള്‍ക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
വിവിധ പവലിയനുകളിൽ അതാത് രാജ്യങ്ങളുടെ തനത് ഉത്പന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ കാഴ്ച ഒരുക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി മിനി മൃഗശാല കൂടി ഒരുക്കുന്നതാണ് സംഘാടകർ അറിയിച്ചു.
സർക്കാർ സംവിധാനമായ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായി ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായ ഇന്ത്യ പവലിയൻ തലയെടുപ്പോടെ മുഖ്യ ആകർഷകമായി മേളയിൽ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നുള്ള തുണിത്തരങ്ങൾ, തനത് ആഭരണങ്ങൾക്കായുള്ള പ്രത്യേക വിഭാഗം, ലോക പ്രശസ്തമായ കാശ്മീർ തുണിത്തരങ്ങൾ, ഇന്ത്യൻ നിർമ്മിത സുഗന്ധ വസ്തുക്കൾ, ആസ്സാമിൽ നിന്നുള്ള ഊദ് അനുബന്ധ ദ്രവ്യങ്ങൾ, ഇന്ത്യൻ ചാറ്റ് വിഭവങ്ങൾ,
ഹോം ഡെക്കറേഷൻ, കൈത്തറി വസ്ത്രങ്ങൾ, പഞ്ചാബി തുകൽ ചെരിപ്പുകൾ, ഫാഷൻ തുണിത്തരങ്ങൾ, ആദിവാസി ഹെർബർ എണ്ണകൾ, പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയ വേദന സംഹാരികൾ ഹെർബൽ എണ്ണ അനുബന്ധ വസ്തുക്കൾ, ആയുവേദ വസ്തുക്കൾ എന്നിവയുടെ വിശാലമായ ശേഖരം തന്നെ ഇന്ത്യ പവലിയനിൽ ഉണ്ടാകും.
സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മുതൽ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റിൽവേൾഡിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും മാർച്ച് ഒന്ന് വരെ നീണ്ടു നിൽക്കുമെന്നും സംഘാടകർ പറഞ്ഞു.
ഫോക്ക് ഫഹാഹീൽ സോണൽ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോണൽ "ഒരു ഓർഡിനറി യാത്ര' എന്ന പേരിൽ വഫ്രയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സോണൽ ചാർജുള്ള വൈസ് പ്രസിഡന്റ് നിഖിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ സുവിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഹരിപ്രസാദ് യുകെ, ട്രെഷറർ ടി.വി. സാബു, ഉപദേശക സമിതി അംഗം കെ.ഇ. രമേശ്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാ വേദി സോണൽ കോഓർഡിനേറ്റർ രമ സുധീർ, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവരും മറ്റു ഫോക്ക് ഭാരവാഹികളും ആശംസകൾ നേർന്നു.
കണ്ണൂർ മഹോത്സവത്തിൽ അവതാരികയായിരുന്ന രശ്മി രമേശിന് ഫോക്കിന്റെ ഉപഹാരം ചടങ്ങിൽ വച്ച് കൈമാറി. ഫഹാഹീൽ സോണലിലെ മഹ്ബുള, അബുഹലിഫ, മംഗഫ്, മംഗഫ് ഈസ്റ്റ്, മംഗഫ് സെൻട്രൽ, ഫഹാഹീൽ നോർത്ത്, ഫഹാഹീൽ എന്നീ യൂണിറ്റിലെ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടികളുടെ കലാപരിപാടികളും വിവിധ ഗെയിംസും വടം വലിയും വിനോദ യാത്രയ്ക്ക് ആവേശം നൽകി.
റഹീമിനുവേണ്ടി പിരിച്ചതില്‍ ബാക്കിയുള്ളത് 11.60 കോടി
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിനായി പിരിച്ചെടുത്തതില്‍ ബാക്കി തുക 11.60 കോടി. ക്രൗഡ് ഫണ്ടിംഗില്‍ പിരിഞ്ഞുകിട്ടിയത് 47.87 കോടി രൂപയാണ്.
സൗദി കുടുംബത്തിനു ദിയ ധനവും അഭിഭാഷക ഫീസും നല്‍കിയശേഷമുള്ള തുകയാണ് 11,60,30,420 രൂപ. 36,27,34,927 രൂപ ചെലവ് വന്നതായി അബ്ദുറഹീം ലീഗല്‍ അസ്സിസ്റ്റന്‍സ് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2024 മാര്‍ച്ച് പത്തുമുതല്‍ ഏപ്രില്‍ 12 വരെയാണ് ആപ്പ് വഴി ധനസമാഹരണം നടന്നത്. റഹീമിന്റെ ഉമ്മ ഫാത്തിമയുടെ പത്ത് ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,54,96,942 രൂപയും ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് 44,32,68,404 രൂപയുമാണ് പിരിഞ്ഞുകിട്ടിയത്. റിയാദ് ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പടെ വ്യക്തമായ കണക്കുകള്‍ കമ്മിറ്റി പുറത്ത് വിട്ടു.
ബാങ്കില്‍ ബാക്കിയുള്ള തുക അബ്ദുറഹീം ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സര്‍വകക്ഷി സമിതിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കും. സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്.
റിയല്‍ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തില്‍ ലോകം കൈകോര്‍ത്തത് കേരള ചരിത്രത്തില്‍ സുവര്‍ണ രേഖയായി അവശേഷിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. നാളെയാണ് റിയാദിലെ ക്രിമിനല്‍ കോടതിയുടെ സിറ്റിംഗ്.
ദിയ ധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും.
അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലില്‍ റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയത് ഈ മഹാ ദൗത്യത്തില്‍ പങ്കാളികളായിരുന്ന എല്ലാവര്ക്കും ഏറെ സന്തോഷം പകര്‍ന്നുവെന്ന് അവര്‍ പറഞ്ഞു.
സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം 15 മില്യണ്‍ റിയാലായിരുന്നു ആവശ്യപ്പെട്ടത്.
റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം പതിനഞ്ച് മില്യണ്‍ റിയാലിന് മോചനംനല്കാന് തീരുമാനിച്ചത്.
മലപ്പുറത്തെ സ്പെയിന് കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടത്തിയത്. സോഷ്യല്‍ മീഡിയ വഴി ചിലര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കമ്മിറ്റി കണക്കുകള്‍ പുറത്തുവിട്ടത്. പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ജയില്‍മോചനത്തിന് ഇടപെടുന്നതില്‍ കാലതാമസമുണ്ടായെന്ന വിമര്‍ശനമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. റിയാദിലെത്തി ഉമ്മയും സഹോദരനും റഹീമിനെ കാണുകയും നിയമസഹായ സമിതി സ്വീകരണത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ യഥാര്‍ഥ വസ്തുതകള്‍ കുടുംബത്തിനു മനസിലാക്കാന്‍ കഴിഞ്ഞതായി അവര്‍ പറഞ്ഞു.
ചെയര്മാന് കെ.സുരേഷ്കുമാര്‍, കെ.കെ.ആലിക്കുട്ടി, ഓഡിറ്റര്‍ പി.എം. സമീര്‍, അഷ്റഫ് വേങ്ങാട്, എം.മൊയ്തീന്‍കോയ, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ശ്രവണ സഹായി കൈമാറി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണ സഹായി മന്ത്രി വി.എൻ. വാസവൻ കൈമാറി. കേളി നാട്ടിൽ നടത്തുന്ന സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായാണ് ശ്രവണ സഹായി കൈമാറിയത്.
കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർഥിക്ക് ജന്മനാടായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസം നേരിടുന്നതായി മന്ത്രി വാസവൻ സംഘടനയെ അറിയിക്കുകയും സാമ്പത്തികമായി പരാധീനതയുള്ള കുടുബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കോട്ടയത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ലാ ട്രഷറർ സി. ജോർജ്, പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡന്റ് ഷിൻസി തോമസ്, സെക്രട്ടറി അജയകുമാർ, കേളിയുടെ കോട്ടയം ജില്ലാ കോഓര്‍ഡിനേറ്റർ പ്രതീപ് രാജ് എന്നിവർ സന്നിഹിതരായി.
ആംബുലൻസ്, ഡയാലിസിസ് മിഷ്യനുകൾ, ഭക്ഷണ വിതരണം, വിശ്രമ ജീവിതം നയിക്കുന്ന അംഗങ്ങൾക്കുള്ള പെൻഷൻ, മുൻ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, എസ്എംഎ രോഗികൾക്കുള്ള ബൈപാസ് മിഷ്യനുകൾ തുടങ്ങി ഒട്ടനവധി ഇടപെടലുകൾ കൂടാതെ നാട് അഭിമുഖീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങളിലും മറ്റും കേളി ക്രിയാത്മകമായി നാട്ടിൽ ഇടപെടുന്നുണ്ട്.
കേളി സംഘടിപ്പിക്കുന്ന ക്യാന്പ് "കരുതലും കാവലും' വെള്ളിയാഴ്ച
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സംഘടിപ്പിക്കുന്ന "കരുതലും കാവലും' എന്ന ക്യാമ്പ് വെള്ളിയാഴ്ച്ച നടക്കും. രാവിലെ ഒന്‍പത് മുതൽ രാത്രി ഏഴ് വരെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും രോഗനിർണയ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലു വരെ നോർക്കയുമായി ബന്ധപ്പെട്ട ഐഡി രജിസ്റ്റ്ട്രേഷൻ പ്രവാസിരക്ഷ ഇൻഷുറൻസ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ തുടങ്ങി പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകും.
ഒപ്പം തന്നെ മലാസിലെ നൂറാന പോളിക്ലിനിക്കുമായി സഹകരിച്ച് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സൗജന്യ ആരോഗ്യ പരിശോധനയും നാലു മുതൽ ഡോ. അബ്ദുൾ അസീസ് ജീവിത ശൈലീ രോഗങ്ങളെകുറിച്ചും ഡോ. കെ.ആർ ജയചന്ദ്രൻ ആരോഗ്യ രംഗത്തെ കരുതലും കാവലും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും പ്രാഥമിക മുൻകരുതലുകളെ കുറിച്ച് ഡോ. എൻ. ആർ. സഫീറും നടത്തുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകളും അരങ്ങേറും.
സൗജന്യമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: നൗഫൽ - 053 862 9786, മുകുന്ദൻ - 050 944 1302, സിംനേഷ് - 056 975 6445, ഗിരീഷ് കുമാർ - 050 090 5913 എന്നിവരുമായി ബന്ധപെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
കുവൈറ്റിൽ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി(51) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ കുവൈറ്റിലെ ഫർവാനിയയിൽവച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈറ്റിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു താമസം.
ഭർത്താവ്: പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് മലയാളിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മലയാളി ഗ്രന്ഥകാരന്റെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം. ഗ്രന്ഥകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ തഅ് വീദാത്തുന്നജാഹ് എന്ന മോട്ടിവേഷണല്‍ ഗ്രന്ഥമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിവിധ ദേശക്കാരെ വായനക്കാരെ ആകര്‍ഷിക്കുന്നത്.
ഈ വര്‍ഷം ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങിയ മലയാളി ഗ്രന്ഥകാരന്റെ ഏക അറബി ഗ്രന്ഥം എന്നതും പുസ്തകത്തിന്റെ സവിശേഷതയാകും. മലയാളത്തിലും ഇംഗ്ലീഷിലും മോട്ടിവേഷണല്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയാറാമത് പുസ്തകമാണ് തഅ് വീദാത്തുന്നജാഹ്.
കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേര്‍സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഇമാറാത്തി എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. മറിയം ശിനാസിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അറബി ഭാഷയോടും സാഹിത്യത്തോടും ഇന്ത്യന്‍ സമൂഹം പൊതുവിലും മലയാളി സമൂഹം വിശേഷിച്ചും കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്നും അറബി ഭാഷയിലുള്ള ഇന്ത്യന്‍ ഗ്രന്ഥകാരന്റെ മോട്ടിവേഷണല്‍ ഗ്രന്ഥം ഏറെ ശ്ലാഘനായീമണെന്നും അവര്‍ പറഞ്ഞു.
ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്‍വിബിഎസ് കോഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍, ഗ്രന്ഥകാരനായ സലീം അയ്യനത്ത്, ലിപി അക്ബര്‍, ഷാജി ,സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്.
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും
കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ് - ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന പുസ്തകം അറബി ഭാഷയില്‍ പ്രകാശനം ചെയ്തു.
ദുബായിയില്‍ നടന്ന പരിപാടിയില്‍ യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സെയൂദി മുഖ്യാതിഥിയായി. നിരവധി ബിസിനസ് സംരംഭകരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച ദുബായി നഗരത്തോടുള്ള ആദരക സൂചകമായാണ് അറബി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ആരംഭിച്ച് യുഎഇയില്‍ വളർന്ന ജോയ്ആലുക്കാസ് എന്ന സംരംഭം ലോകമെമ്പാടും പ്രശസ്തി നേടി എന്നത് ഏറെ അഭിമാനകരമാണെന്ന് യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സെയൂദി പറഞ്ഞു.
സ്വര്‍ണ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്കി യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താന്‍ ജോയ് ആലുക്കാസ് ഏറെ സഹായിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിജയകരമായ ബിസിനസ് നേതാക്കള്‍ കൊണ്ടുവന്ന പ്രചോദനത്തെയും ഐക്യത്തെയും കുറിച്ച് പുസ്തകം പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറബ് ലോകത്തേക്ക് ‘സ്പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്നമായിരുന്നെന്നും എന്നെപ്പോലെ തന്നെ നിരവധി ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യുഎഇ സഹായിച്ചിട്ടുണ്ടെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഈ രാഷ്ട്രത്തിലെ നേതാക്കളോടുള്ള നന്ദിസൂചകം കൂടിയാണ് ഈ പുസ്തകം. എല്ലാ വായനക്കാര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ ആരംഭിച്ച്, മികച്ച നേതൃപാടവത്തിലൂടെയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയിലൂടെയും ജോയ്ആലുക്കാസ് എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ പ്രശസ്തമാക്കിയ ജോയ് ആലുക്കാസിന്റെ സംരംഭകത്വയാത്രയാണ് സ്പ്രെഡിംഗ് ജോയ് എന്ന പുസ്തകത്തില്‍ പറയുന്നത്. യുഎഇയിലും മറ്റ് സ്ഥലങ്ങളിലും അറബി പതിപ്പ് ലഭ്യമാണ്.
ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി
ടെഹ്റാന്: ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റ. മുഹമ്മദ് അലി സലാമത്തി (43) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഹമേദാൻ നഗരത്തിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡിപ്പിച്ചെന്നാണു കുറ്റം.
ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ഇയാൾക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ട് റഹീമിന്റെ കുടുംബം; തെറ്റിദ്ധാരണകൾ നീങ്ങിയതായി സഹോദരൻ
റിയാദ്: കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ച് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിക്കാനായി റിയാദിലെത്തിയ ഉമ്മയും ബന്ധുക്കളും എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലരുടെയും വാക്കുകൾ കേട്ട് റഹീമിന്റെ മോചനത്തിനായി വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന നിയമസഹായ സമിതിയെ തെറ്റിദ്ധരിച്ചിരുന്നതായും ഇന്ത്യൻ എംബസിയിൽ വച്ച് വിധിപ്പകർപ്പ് അടക്കമുള്ള എല്ലാ രേഖകളും കണ്ടതോടെ അതെല്ലാം മാറിയതായും സഹോദരൻ നസീർ കോടമ്പുഴ പറഞ്ഞു.
റിയാദിൽ ഇതിനായി പ്രയത്നിച്ച സമിതി അംഗങ്ങളോടും മാധ്യമ പ്രവർത്തകരോടും മുഴുവൻ നാട്ടുകാരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസീറിനോടൊപ്പം ഉമ്മ ഫാത്തിമയും അമ്മാവൻ അബ്ബാസും അമ്മാവന്റെ ഭാര്യയുമാണ് സൗദിയിലെത്തിയത്.
രണ്ടാഴ്ച മുൻപ് സൗദിയിലെ അബഹയിൽ എത്തിയെങ്കിലും കഴിഞ്ഞദിവസമാണ് അവർക്ക് അബ്ദുറഹീമിനെ ജയിലിൽ സന്ദർശിക്കാനായത്. അതിന് ശേഷം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
തങ്ങൾക്കുള്ള അറിവുകൾ പരിമിതമായിരുന്നെന്നും അതുകൊണ്ടു തന്നെ പലരും ഈ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചിരുന്നതായാണ് ഇപ്പോൾ തിരിച്ചറിയുന്നതിനും മുഴുവൻ രേഖകളുടെയും കോപ്പികൾ തന്റെ കെെയിലുണ്ടെന്ന് അബ്ദുറഹീം തന്നെ പറഞ്ഞതായും നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ കേസുമായി വർഷങ്ങളായി റഹീമിന്റെ കൂടെയുള്ള റിയാദ് റഹീം നിയമ സഹായ സമിതിയെയും അതിന്റെ തലപ്പത്തുള്ള നാട്ടുകാരൻ കൂടിയായ അഷ്റഫ് വേങ്ങാട്ടിനെയും പൂർണ വിശ്വസമാണെന്നും സഹോദരൻ പറഞ്ഞു.
അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയ സ്ഥിതിക്ക് ഇനി സാങ്കേതികമായ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മയും ബന്ധുക്കളും പറഞ്ഞു. ഇതിനായി പ്രയത്നിച്ചവർ ഇനിയും കൂടെയുണ്ടാകണമെന്നും എന്നും തങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നതായും നസീർ അറിയിച്ചു. .
ചലച്ചിത്രക്കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം: വി.കെ. ജോസഫ്
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്.
റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യ ചാപ്റ്ററിന്റെ അധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്.
ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ. ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും പശ്ചാത്തലത്തിൽ ജോസഫ് നടത്തിയ വിലയിരുത്തലുകൾ സംവാദത്തിൽ പങ്കെടുത്തവരുടെ കാഴ്ച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കാൻ സാധിക്കുന്നതായിരുന്നു.
സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെ സമീപനങ്ങളും നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ് സംസാരിച്ചു.
വി.കെ. ജോസഫിന്റെ ദീർഘമായ പ്രഭാഷണത്തിന് ശേഷം നടന്നചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് നന്ദി പറഞ്ഞു.
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മുറിയിൽ ശരത് തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു.
പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങൾ വ്യക്തമല്ല.
എം.എ. അബ്ബാസിന് യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയകമ്മിറ്റി അംഗവും പവർ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം.എ. അബ്ബാസിനു കേളി ന്യൂസനയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
30 വർഷമായി റിയാദിലെ സി.എം.സി കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരുകയായിരുന്ന അബ്ബാസ് തൃശൂർ ജില്ലയിലെ മുള്ളൂർക്കര സ്വദേശിയാണ്.
ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ന്യൂ സനയ്യ ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കുട്ടായി, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി ഏരിയ ചാർജുകാരനായ കേന്ദ്രകമ്മിറ്റി അംഗം ലിബിൻ പശുപതി,
അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിടത്തടം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽ നാസർ, നിസാർ മണ്ണഞ്ചേരി, ജയപ്രകാശ്, ഷിബു എസ്, ഷമൽ രാജ് ഏരിയകമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, സജീഷ്, കരുണാകരൻ മണ്ണടി പവർ ഹൗസ് യൂണിറ്റ് അംഗങ്ങളായ രാജശേഖരൻ, വിജയാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും യാത്രയയപ്പു ചടങ്ങിൽ പങ്കെടുത്തു. ഏരിയ രക്ഷധികാരി സമിതി കൺവീനവർ, ഏരിയ ആക്ടിങ് സെക്രട്ടറി സുവി പയസ് എന്നിവർ ഉപഹാരങ്ങൾ നൽകി.ഏരിയ ആക്ടിംഗ് സെക്രട്ടറി താജുദീൻ സ്വാഗതവും യാത്ര പോകുന്ന എം. എ. അബ്ബാസ് നന്ദിയും പറഞ്ഞു.
ഉത്സവരാവായി കണ്ണൂർ മഹോത്സവം
കുവൈറ്റ് സിറ്റി: ആസ്വാദനത്തിന്റെ ഉത്സവരാവൊരുക്കി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ 19-ാം വാർഷികമായ കണ്ണൂർ മഹോത്സവം 2024 സമാപിച്ചു. പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന, ഭാഗ്യരാജ്, ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക എന്നിവർ ചേർന്നൊരുക്കിയ സംഗീത വിരുന്ന്, അഹമ്മദി ഡിപിഎസ് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസിനെ ഇളക്കി മറിച്ചു.
ഫോക്ക് പ്രസിഡന്റ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനോജ് കുമാർ നന്ദിയും പറഞ്ഞു.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച് ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് നജിബുൽ ഹക്കിം, ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ എന്നിവർ ചേർന്ന് വാർഷിക സുവനീർ "അലോഹ' പ്രകാശന കർമ്മം നിർവഹിച്ചു.
ഫോണിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കൺട്രി ഹെഡ് രാജീവ്, വർബ ഇൻഷുറൻസ് പ്രതിനിധി അദീപ്, യമാമ ഫുഡ്സ് ഓപ്പറേഷൻ മാനേജർ സുരേഷ് കുമാർ, ടി.വി.എസ് പ്രതിനിധി ഗംഗേയി ഗോപാൽ, ഫോക്ക് ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ ജീവ സുരേഷ്, രക്ഷാധികാരി അനിൽ കേളോത്, ഉപദേശക സമിതി അംഗം ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പതിനേഴാമത് ഗോൾഡൻ ഫോക് അവാർഡും ചടങ്ങിൽ സമർപ്പിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നൽകുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന അവാർഡിന് ഇത്തവണ പ്രവാസി സംരംഭകൻ മുസ്തഫ ഹംസ ആണ് അർഹനായത് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പ്രശസ്തി പത്രം വായിച്ചു.
പ്രസിഡന്റ് ലിജീഷ് അവാർഡ് കൈമാറി പ്രശസ്തിപത്രം ജനറൽ സെക്രട്ടറി ഹരിപ്രസാദും ക്യാഷ് അവാർഡ് ട്രെഷറർ സാബുവും കൈമാറി. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച ഫോക്ക് മെമ്പർമാരുടെ കുട്ടികളെ വേദിയിൽ ആദരിച്ചു.
സുഗതാഞ്ജലി കാവ്യാലപന മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച ആവണി പേരോട്ടിനും അന്വിത പ്രതീശനും മികവുറ്റ മെമ്പർഷിപ് പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച സജിൽ പി.കെ, ഗിരീശൻ എം.വി എന്നിവരെയും ചടങ്ങിൽ ആദരങ്ങൾ കൈമാറി.
ജികെപിഎ കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോയിയേഷൻ (ജികെപിഎ) കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി സാൽമിയയിൽ ചേർന്ന ഓർഗനൈസേർസ് മീറ്റിംഗിൽ വച്ചു രൂപീകരിച്ചു. ഏരിയ കോഓർഡിനേറ്റർമാർ വഴി ഏരിയ കമ്മിറ്റികൾ വിപുലീകരിച്ച് ജെനറൽ ബോഡി മീറ്റിംഗ് വിളിക്കാൻ തീരുമാനമായി.
ജസ്റ്റിൻ പി ജോസ് (പ്രസിഡന്റ്), ബിനു യോഹന്നാൻ (ജെനറൽ സെക്രട്ടറി), ലെനീഷ് കെ.വി.(ട്രഷറർ), അംബിളി നാരായണൻ (വനിതാ ചെയർപെർസ്സൺ), സലീം കൊടുവള്ളി (വൈസ് പ്രസിഡന്റ്), വനജ രാജൻ (ജോയിന്റ് സെക്രെട്ടറി), ലിസ്സി ബേബി (ജോയിന്റ് ട്രഷറർ), റസിയത്ത് ബീവി (വനിതാ സെക്രെട്ടറി) എന്നിവർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചുമതലയേറ്റു.
ഏരിയ കമ്മിറ്റികളുടെ വിപുലീകരണത്തിന്റെ ചുമതല പ്രസീത, മെനീഷ് വാസ് (സാല്‍മിയ), ജലീൽ കോട്ടയം, സലീം കൊടുവള്ളി ( ഹവല്ലി), റഹീം ആരിക്കാടി, റഷീദ് കണ്ണവം (റിഗഗായ്) അഷറഫ് ചൂരൂട്ട്, മുജീബ് കെ.ടി, ലത്തീഫ് (മഹ്ബൂല), ഗിരീഷ് ഗോവിന്ദൻ, പ്രീത ശ്രീഹരി (മംഗഫ്), ഷിയാസ്, അജിത ഷാജി (ഫഹഹീൽ), ബിനു യോഹന്നാൻ, സജിനി ബിജു (ഫർവാനിയകൈത്താൻ), ഷാജി, ഷാനവാസ്, ഉലാസ് (അബ്ബാസിയ) എന്നിവർക്കാണ്.
ഡോ. സാജു, സാബു മാത്യു, ഷിയാസ്, മിനി കൃഷ്ണ, മനോജ് കോന്നി, നളിനാക്ഷൻ, അജിതാ ജോയ്, മൻസൂർ കിനാലൂർ, സാബു മാത്യു, പ്രമോദ് കുറുപ്പ്, നസീർ അസ്സൈനാർ, വിബിൻ, ഷെരീഫ, ഷീജ സജീവൻ, ഷിൽജു പി.വി, ഗഫൂർ, ഷോബി ജോർജ് എന്നിവർ പ്രസംഗിച്ചു.
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "സ്മൃതിലയം' പുസ്തകം പ്രകാശനം ചെയ്തു
ദുബായി: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥികൾ രചിച്ച "സ്മൃതിലയം' എന്ന കൃതി ഡോ. മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു.
കേരളത്തിലെ കോളേജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ അക്കാഫ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഹരിതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചരിത്രത്തിലാദ്യമായാണ് പത്തു കോളേജുകളിലെ ഇത്രയധികം പൂർവ്വ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലിരുന്ന് രചിച്ച പത്തു പുസ്തകങ്ങൾ ഒരു വേദിയിൽ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ്വ വിദ്യാർഥിയായിരുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആശംസകൾ എഴുതിയ സ്മൃതിലയം, കലാലയ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
അനുഭവങ്ങളുടെ രസച്ചരടിൽ കോർത്തിണക്കിയ, കലാലയ സ്മരണകളുടെ കഥയും കവിതയും ലേഖനവും കൊണ്ടു നിറച്ച നിറക്കൂട്ട് ആയിരിക്കും ഈ ഓർമച്ചെപ്പ് എന്ന് എഡിറ്റർമാരായ മോഹൻ ജോർജ് പുളിന്തിട്ട, ഡോ. ചെറിയാൻ ടി. കീക്കാട് എന്നിവർ അറിയിച്ചു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ (യുഎഇ) ഭാരവാഹികളായ ഡോ. തോമസ് കോയാട്ട് (പ്രസിഡന്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ(ട്രഷറർ), ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കോൺസുലാർ സേവനങ്ങൾ വേഗത്തിലും ആയാസരഹിതമായും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ലഭ്യമാക്കുന്നതിനായി വഫ്രയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നതായിൽ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ മാസം 29നു രാവിലെ 9.30 മുതൽ ഉച്ച കഴിഞ്ഞു 3.30 വരെയാണ് ക്യാമ്പ്. വഫ്ര ജംഇയ്യക്ക് സമീപമുള്ള അൽ ഫൈസൽ ഫാമിൽ നടക്കുന്ന ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, റിലേഷൻഷിപ് സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്ട്, പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, തൊഴിൽ പരാതികളുടെ രജിസ്ട്രഷൻ തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമായിരിക്കും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ മേൽനോട്ടത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും.
ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയും താലപ്പൊലിയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി ഉൽഘാടനം ചെയ്തു. ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് രാജേഷ് കായലം പള്ളത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ റബിത രാജേഷ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഗഫൂർ എടപ്പാൾ, കെഎസ്സി സെക്രട്ടറി നൗഷാദ് യൂസഫ്, ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ റഹീദ്, ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് ലിവ, ബഷീർ കെ.വി, പ്രകാശ് പള്ളിക്കാട്ടിൽ, നൗഷാദ് എൻ.പി, ഇടപ്പാളയം യുഎഇ സെൻട്രൽ കമ്മിറ്റി കോഓർഡിനേറ്റർ ഷറഫ് സി.വി എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി.
അബുദാബി മലയാളി സമാജം കോഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു
അബുദാബി: അബുദാബി മലയാളി സമാജം കോർഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബി. യേശുശീലനെ ചെയർമാനായും സുരേഷ് പയ്യന്നൂർ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.
സമാജം ഭരണ സമിതിയിലെ 12 സംഘടനകളെ ഏകോപിപ്പിച്ച് സമാജത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് കോർഡിനേഷൻ കമ്മിറ്റി.
ബാബു വടകര, എ.എം. അൻസാർ എന്നിവർ വൈസ് ചെയർമാന്മാരും രഖിൻ സോമൻ, ബഷീർ.കെ.വി, ദശപുത്രൻ, നസീർ പെരുമ്പാവൂർ എന്നിവർ ജോയിന്റ്കൺവീനർമാരുമാണ്.
12 സംഘടനകളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും കോഡിനേഷൻ കമ്മിറ്റിയിൽ അംഗങ്ങളാണ്.
നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ലവം സൃഷ്ടിക്കും: താഹ മുഹമ്മദ്
ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ദോഹ സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും സ്വാഭാവികമാണെന്നും അത്തരം ഘട്ടങ്ങളില്‍ മോട്ടിവേഷണല്‍ സന്ദേശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ജീവിതം മാറ്റി മറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് പിടിച്ച ജീവിതയാത്രയില്‍ പലപ്പോഴും വായന പരിമിതപ്പെടുകയാണെന്നും ഏത് പ്രായത്തില്‍പെടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ചരിത്ര കഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഉള്‍കൊള്ളുന്ന വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര വായന സംസ്കാരം പുനര്ജീവിപ്പിക്കുവാന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ക്ളിക്കോണ്‍ ഖത്തര്‍ മാനേജര്‍ അബ്ദുല്‍ അസീസ്, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, ഡോ.സിമി പോള്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ സിസി മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ജാഫര്‍ ഖാന് കേച്ചേരി, അബ്ദുല്ല പൊയില്‍, വെസ്റ്റ് പാക് മാനേജര്‍ മശ്ഹൂദ് തങ്ങള്‍, ശൈനി കബീര്‍, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഏയ്ഞ്ചല്‍ റോഷന് എന്നിവര്‍ സംസാരിച്ചു.
എന്‍വിബിഎസ് കോ ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
ഏഴ് വാല്യങ്ങളായുള്ള വിജയമന്ത്രം യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്ത് ചലചിത്ര നടനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ പോഡ്കാസ്റ്റാണ് വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ പുസ്തക പരമ്പരയായത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്.
മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭരണസമിതി നിലവിൽ വന്നു
അബുദാബി: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ 2024-26 പ്രവർത്തനകാലയളവിലേക്കുള്ള ഭരണസമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.
സൂരജ് പ്രഭാകർ (ഉപദേശകസമിതി ചെയർമാൻ), എ. കെ. ബീരാൻകുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡന്റ്), ടി. എം. സലിം (വൈസ് പ്രസിഡന്റ്), സി. പി. ബിജിത്കുമാർ (സെക്രട്ടറി), ടി. ഹിദായത്തുള്ള (ജോ. സെക്രട്ടറി), എ. പി. അനിൽകുമാർ (കൺവീനർ), എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
മലയാളം അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളുടെ കോർഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെൻർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്റ) എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും, 15 അംഗ വിദഗ്ധസമിതിയെയും, 31 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു. 114 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
പാറശാല സ്വദേശിക്ക് പുതു ജീവനേകി കേളി ജീവകാരുണ്യ വിഭാഗം
റിയാദ് : ശരീരം തളർന്നു കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്നതിന്ന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്നു വർഷം മുമ്പാണ് കന്യാകുമാരി പാറശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്.
റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായ സ്റ്റാലിൻ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം തളർന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടിയെങ്കിലും പിന്നീട് ആറു മാസത്തോളം സമയമെടുത്തു ആരോഗ്യം വീണ്ടെടുക്കാൻ.
അതിനിടയിൽ വിദഗ്ദ ചികിൽസക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.
അപ്പോഴേക്കും ആറുമാസത്തിലേറെയായിരുന്നു. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. തുടർന്ന് സ്റ്റാലിൻതന്നെ നാടണയാനുള്ള ശ്രമം നടത്തി. പക്ഷെ തന്റെ പേരിലുള്ള കേസ് എന്താണ് അറിയാതെ കുഴഞ്ഞു. ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ2018ലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ എക്സിറ്റ് തരപെടുത്തി.
ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും, സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി.
ഈ കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും, വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനു ശേഷം സ്റ്റാലിൻ വെറും കയ്യോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു(58) അന്തരിച്ചു. വീണാഭവനിൽ രാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്.
24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു.
ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യുണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഭാര്യ വി. മണി. മക്കൾ: വീണ, വിപിൻ.
ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം. പ്രസിഡന്റ് എൻ.എം. അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി.എസ്. നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
സമീർ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം (ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്റ്), ടി.എസ്. നിസാമുദ്ധീൻ (ജോയിന്റ് സെക്രട്ടറി).
അനിൽ സി. ഇടിക്കുള, പി.എം. അബ്ദുൽ റഹ്മാൻ, സഫറുള്ള പാലപ്പെട്ടി, ടി.പി. ഗംഗാധരൻ, എൻ.എം. അബൂബക്കർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
18 വർഷത്തെ കാത്തിരിപ്പ്; റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മയും ബന്ധുക്കളും
റിയാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മ ഫാത്തിമ. റഹീമിന്റെ മാതാവ് ഫാത്തിമയ്ക്കൊപ്പം സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കണ്ടത്.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് കുടുംബം റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയാണ് ഫാത്തിമ മകനെ കണ്ടത്. കഴിഞ്ഞ ദിവസം ഫാത്തിമ ജയിലിൽ എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് റഹീം തയാറായിരുന്നില്ല.
ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. കോഴിക്കോട് കോടമ്പുഴ സ്വദേശി ആണ് അബ്ദുൽ റഹീം. 18 വർഷമായി അദ്ദേഹം റിയാദിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
ഹരിദാസൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ കേളി യാത്രയയപ്പ് നൽകി.
22 വർഷമായി അൽഗുവയ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക് പൊതിനൂർ തോനക്കാട് സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം, ഏരിയ പ്രസിഡന്റ് നടരാജൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രതിൻ ലാൽ, ശ്യാം, നെൽസൺ, സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അനീസ് അബൂബക്കർ യൂണിറ്റിന്റെ ഉപഹാരം യാത്രപോകുന്ന ഹരിദാസന് കൈമാറി. യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും ഹരിദാസൻ ആചാരി നന്ദിയും പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് 29ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റ്ൺ ടൂർണമെന്റ് സീസൺ2 സംഘടിപ്പിക്കുന്നു. ഈ മാസം 29ന് വൈകുന്നേരം നാലു മുതൽ എട്ട് വരെ മുഹറഖ് സ്പോർട്സ് ക്ലബിൽ വച്ചാണ് മത്സരങ്ങൾ.
ലെവൽ 1, 2 വിഭാഗങ്ങളിലായി നടക്കുന്ന ഡബിൾസ് ടൂർണമെന്റിലേക്കുള്ള ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഡിസംബർ അഞ്ചിന്
അബുദാബി: സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധനവിനും പ്രവാസി വോട്ടവകാശത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുമുള്ള ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന "ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി' ഡിസംബർ അഞ്ചിന് നടക്കും.
ഡൽഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളിലാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രചാരണ കൺവൻഷൻ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. കൺവൻഷൻ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘടാനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
ലുലു എക്സ്ചേഞ്ച് മാനേജർ അജിത് ജോൺസൻ, കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, ബി. യേശുശീലൻ (ഇൻകാസ് യുഎഇ കമ്മറ്റി), സലിം ചിറക്കൽ, ടി.വി. സുരേഷ് കുമാർ, ടി.എം. നാസിർ (അബുദാബി മലയാളി സമാജം), ജോൺ പി വർഗീസ് (വേൾഡ് മലയാളി ഫോറം ), ഹിദായത്തുള്ള പറപ്പൂര്,
ബി.സി. അബൂബക്കർ (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), മുഹമ്മദ് അലി (കെഎസ്സി അബുദാബി), എം.യു. ഇർഷാദ് (ഗാന്ധി വിചാർ വേദി), മുഹമ്മദ് അലി, അബ്ദുൽ കരീം (ഇന്ദിര ഗാന്ധി വീക്ഷണം ഫോറം), ബഷീർ, നൗഷാദ് എ.കെ.(അനോറ), ഫസലുദ്ധീൻ (കുന്നംകുളം എൻആർഐ ), ജിഷ ഷാജി, ശരീഫ് സി.പി (അബുദാബി മലയാളി ഫോറം), റഷീദ് ഇ.കെ, അലി അക്ബർ (വഫ അബുദാബി ) എന്നിവർ സംസാരിച്ചു.
അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും ട്രഷറർ പി.കെ. അഹമ്മദ് നന്ദിയും പറഞ്ഞു.