കൈരളി കള്‍ച്ചറല്‍ ഫോറം-എന്‍പിസിസി ഓണം ആഘോഷിച്ചു
Tuesday, September 22, 2015 5:55 AM IST
അബുദാബി: കൈരളി കള്‍ച്ചറല്‍ ഫോറം (അബുദാബി എന്‍പിസിസി) 'ഓണാഘോഷം 2015' വിപുലമായ രീതിയില്‍ സെപ്റ്റംബര്‍ 18ന് ആഘോഷിച്ചു. എന്‍പിസിസി അങ്കണത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ പ്രവാസലോകത്തിലെ ഏറ്റവും വലിയ ഘോഷയാത്രയ്ക്കാണു കാണികള്‍ സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ തനത് കലാരൂപങ്ങളായ

തെയ്യം, പുലികളി, പൂക്കാവടി, കഥകളി, വള്ളംകളി, ചെണ്ടമേളം എന്നിവയും മുത്തുക്കുടകളും ഘോഷയാത്രയെ വര്‍ണാഭമാക്കി.

ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി ദിനേശ്കുമാര്‍ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടി എന്‍പിസിസി സിഇഒ അക്വീല്‍ മാധി, മലയാള ചലച്ചിത്രതാരം മാമുക്കോയ എന്നിവര്‍ കാണികളെ അഭിസംബോധന ചെയ്തു.

മദ്യത്തിനും പുകവലിക്കും എതിരേ നല്‍കിയ സന്ദേശത്തോടനുബന്ധിച്ചു തീര്‍ത്ത

മനുഷ്യ ചങ്ങലയില്‍ ദിനേഷ്കുമാര്‍, അക്വീല്‍ മാധി മറ്റു പ്രമുഖരും അണിചേര്‍ന്നു. കൈരളി രക്ഷാധികാരി വര്‍ക്കല ദേവകുമാര്‍, കൈരളി പ്രസിഡന്റ് മുസഫ മാവിലായി, സെക്രട്ടറി അനില്‍കുമാര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ കൊല്ലം, രാജന്‍ ചെറിയാന്‍, രാജന്‍ കണ്ണൂര്‍, അഷ്റഫ് ചമ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള