ജയ്ഹിന്ദ് വാര്‍ത്ത സാഹിത്യ അവാര്‍ഡ് വിതരണവും ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനവും മേയ് എട്ടിന്
Wednesday, April 29, 2015 4:51 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിന്ദ്വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ സാഹിത്യമത്സരങ്ങളുടെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ മേയ് എട്ടിനു വിതരണം ചെയ്യും. ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വൈകുന്നേരം 6.30നു നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. മികച്ച ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. പ്രവാസലോകത്തെ, പ്രത്യേകിച്ച് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ജയ്ഹിന്ദ്വാര്‍ത്ത സാഹിത്യ മത്സരം നടത്തിയത്. മാതൃഭാഷയെ സ്നേഹിക്കുന്ന മലയാളി വായനക്കാരുടെ മികച്ച പിന്തുണയാണു മത്സരത്തിനു ലഭിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍നിന്നും രാജ്യത്തിനു പുറത്തുനിന്നും മത്സരത്തിന് എന്‍ട്രികള്‍ ലഭിച്ചു. നൂറുകണക്കിന് ലഭിച്ച എന്‍ട്രികളില്‍നിന്നു വിജയികളെ തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൌത്യം നിര്‍വഹിച്ചത് പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്. മാത്യൂസ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരാണു മറ്റ് ജൂറി അംഗങ്ങള്‍.

ഐ.വി.ശശി, ഭരതന്‍, പി.ജി.വിശ്വംഭരന്‍, മോഹന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരാണു ജോണ്‍പോളിന്റെ കഥയ്ക്കും തിരക്കഥയ്ക്കും ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്. കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ 2010ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് മലയാളക്കരയിലേക്ക് എത്തിച്ച അദ്ദേഹത്തിന് ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജെക്കോബി, ജോണ്‍പോള്‍ മാര്‍പാപ്പയുമായി അഭിമുഖം നടത്തിയ അപൂര്‍വം പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. പത്രപ്രവര്‍ത്തനത്തിനൊപ്പം ചെറുകഥാസമാഹം, ജീവചരിത്രം, തര്‍ജമകള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ഇദ്ദേഹം.

മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാര്‍ ജൂറി അംഗങ്ങളായ അമേരിക്കയിലെ ആദ്യ സാഹിത്യമത്സരം എന്ന പ്രത്യേകതകൂടിയുണ്ട് ഈ മത്സരത്തിന്. അമേരിക്കയില്‍ വളര്‍ന്നുവരുന്ന മലയാളികളായ പുതുതലമുറയ്ക്കു മാതൃഭാഷയുടെ അക്ഷരവെളിച്ചം പകരുക എന്ന ദൌത്യവുമായി പ്രസിദ്ധീകരണം ആരംഭിച്ച ജയ്ഹിന്ദ്വാര്‍ത്ത ആഗോള മലയാളികള്‍ക്കുവേണ്ടി വെബ്സൈറ്റും ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണ ചടങ്ങിനൊപ്പം നടക്കും. ലോകത്തിലെ ഓരോ വാര്‍ത്താ സ്്പന്ദനങ്ങളും വായനക്കാരുടെ വിരല്‍ത്തുമ്പില്‍ അത്യാധുനിക സംവിധാനങ്ങളോടെ എത്തിക്കുന്നതാണു ജയ്ഹിന്ദ് വാര്‍ത്തയുടെ ന്യൂസ് പോര്‍ട്ടല്‍. ലോകത്തിന്റെ ഏതുകോണിലുള്ള മലയാളി വായനക്കാരനും അറിയേണ്ടതെല്ലാം ഒറ്റ ക്ളിക്കില്‍ ലഭ്യമാക്കുന്നു. പ്രവാസിമലയാളികള്‍ക്കായി പ്രത്യേക വിഭാഗവും ന്യൂസ്പോര്‍ട്ടലില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവാസിവാര്‍ത്തകളടക്കം വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എഡിറ്റോറിയല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കയിലേയും കാനഡയിലേയും എല്ലാ സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജയ്ഹിന്ദ്വാര്‍ത്താ ഡോട്ട്കോമിനു റിപ്പോര്‍ട്ടര്‍മാരുണ്ട്. ന്യൂയോര്‍ക്കിലാണു ന്യൂസ് പോര്‍ട്ടലിന്റെ സെന്‍ട്രല്‍ ഡെസ്ക് പ്രവര്‍ത്തിക്കുക. പ്രവാസി വാര്‍ത്തകള്‍ക്കു പ്രത്യേക പരിഗണ കൊടുക്കുന്ന ജയ്ഹിന്ദ് വാര്‍ത്ത ഡോട്ട് കോമില്‍ അമേരിക്കയ്ക്കും കാനഡയ്ക്കും പ്രത്യേകമായി മിനി സൈറ്റും ഒരുക്കിയിട്ടുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു നിരവധി വെബ്സൈറ്റുകളുണ്െടങ്കിലും ഒന്നര ലക്ഷത്തോളം മലയാളികളുള്ള കാനഡയ്ക്കുവേണ്ടി പ്രത്യേകവിഭാഗം ആദ്യമായി ഒരുക്കുന്നതു ജയ്ഹിന്ദ്വാര്‍ത്താ ഡോട്ട് കോമിലാണ് എന്ന പ്രത്യേകതയുമുണ്ട്.

അവാര്‍ഡ്ദാനച്ചടങ്ങളില്‍ സാമൂഹ്യസാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളും ഡിന്നറും ഒരുക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം