സൌദിയില്‍ ശക്തമായ പൊടിക്കാറ്റ്
Thursday, April 2, 2015 4:21 AM IST
ദമാം: സൌദിയിലെങ്ങും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇതുമൂലം ചിലയിടങ്ങളില്‍ റോഡു ഗതാഗതം സ്തംഭിച്ചു. സൌദിയില്‍ വിവിധ ഭാഗങ്ങളില്‍ ഇന്നും പൊടിക്കാറ്റ് അടിക്കുമെന്നു സൌദിയുടെ വിവിധ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.

റിയാദില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഫഫര്‍ബാതിനില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് രാത്രിക്കു സമാനമായ രീതിയിലായിരുന്നു. പൊടിക്കാറ്റിനെത്തുടര്‍ന്നു അല്‍ജൌഫ് മേഖലയില്‍ വിവിധ കോളജുകളിലെ ഈവനിംഗ് ക്ളാസുകള്‍ക്കു അവധി നല്‍കി.

ഫഫര്‍ബാതിനിലും ഈവനിംഗ് ക്ളാസുകള്‍ക്കു അവധി നല്‍കി. പൊടിക്കാറ്റിനെത്തുടര്‍ന്നു റഫ്ഹ വിമാനത്താവളത്തില്‍ വ്യോമ ഗതാഗതം നിര്‍ത്തിവച്ചു. ഹായില്‍ വിമാനത്താവളത്തിലും ചില സര്‍വീസുകളെ ബാധിച്ചു. റഹ്ഹയില്‍ ഉച്ചയ്ക്കു 12നാണു പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഇവിടെയും രാത്രിക്കു സമാനമായ പൊടിക്കാറ്റ് അന്തരീക്ഷത്തെ മൂടി. തായിഫ-റിയാദ് റോഡിലും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്.

പൊടിക്കാറ്റുണ്ടാകുമെന്നതിനെത്തുടര്‍ന്നു സൌദി സിവില്‍ ഡിഫന്‍സ്, ട്രാഫിക്, ആരോഗ്യമന്ത്രാലയം തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. പൊടിക്കാറ്റിനെത്തുടര്‍ന്നു ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നു സൌദി സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനു ട്രാഫിക് വിഭാഗവും മുന്നറിയിപ്പു നല്‍കിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം