മിലന്റെ ശൈത്യകാല മീറ്റിംഗ് വന്‍ വിജയം
Thursday, March 5, 2015 6:04 AM IST
ഡിട്രോയ്റ്റ്: മിഷിഗണിലെ മലയാള സാഹിത്യ ആസ്വാദകരുടെ സംഘടനയായ, മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്റെ പുതിയ ഭരണസമിതിയുടെ ആദ്യത്തെ മീറ്റിംഗ് വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ചു ശ്രദ്ധേയമായി.

മിലന്‍ പ്രസിഡന്റ് ജയിംസ് കുരീക്കാട്ടിലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ സെക്രട്ടറി വിനോദ് കൊണ്ടൂര്‍ സ്വാഗതം ആശംസിച്ചു. അടുത്ത രണ്ടു വര്‍ഷത്തെ മിലന്റെ കര്‍മ പരിപാടികളെ കുറിച്ചു പ്രസിഡന്റ് ജയിംസ് കുരീക്കാട്ടില്‍ വിവരിച്ചു.

തുടര്‍ന്നു നടന്ന കവിയരങ്ങില്‍ മിഷിഗന്റെ സ്വന്തം കവികളായ അബ്ദുള്‍ പുന്നയൂര്‍കുളവും ജെയിംസ് കുരീക്കാട്ടിലും തങ്ങളുടെ പുതിയ സൃഷ്ടികളായ 'മാമാരക്കൊമ്പ്', 'സാത്താന്റെ സങ്കടങ്ങള്‍' എന്നീ കവിതകള്‍ അവതരിപ്പിച്ചു.

മാമാരക്കൊമ്പ് എന്ന കവിതയില്‍, കവി അമ്മയെ ഒരു നാട്ടുമാവിനോടു സങ്കല്‍പ്പിച്ചു. മദ്യപനായ ഭര്‍ത്താവിനാല്‍ പീഡിപ്പിക്കപ്പെട്ടു മരണത്തെ വരിക്കുന്ന അമ്മയെ വരച്ചുകാട്ടുന്നു.

സാത്താന്റെ സങ്കടങ്ങള്‍, ദൈവത്തിനും മതങ്ങള്‍ക്കും വേണ്ടി പടവെട്ടി മരിക്കുന്നവര്‍ കാണാതെ പോകുന്ന സാത്താന്റെ സങ്കടങ്ങളെക്കുറിച്ചാണു പ്രതിപാദിച്ചിരിക്കുന്നത്. തുടര്‍ന്നുനടന്ന സംവാദത്തില്‍ ചുംബന സമരത്തെ കുറിച്ചു ചര്‍ച്ച ചെയ്തു. ചുംബനസമരം എന്ന പേരില്‍ നാട്ടില്‍ നടക്കുന്ന സമര രീതി, കാലത്തിന് അനിവാര്യമായതാണെന്നു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാന്‍ മലയാളി കാണിക്കുന്ന ത്വരസമൂഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടുകയായിരുന്നു ചുംബനസമരം എന്ന സമരമുറ. ആദ്യം കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുമെങ്കിലും താന്‍ ചുംബനസമര രീതിയെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ട്രഷറര്‍ മനോജ് കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഇനിയും കൂടുതല്‍ വ്യത്യസ്ത പരിപാടികളുമായി മിലന്‍ ജൈത്ര യാത്ര തുടരുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയിംസ് കുരീക്കാട്ടില്‍ 248 837 0402, വിനോദ് കൊണ്ടൂര്‍ 313 208 4952.