സാന്റി ദാസ് ഗുപ്തക്ക് എഡ്യൂക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ്
Wednesday, February 25, 2015 10:08 AM IST
ആര്‍ലിംഗ്ടണ്‍: യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ആര്‍ലിംഗ്ടണ്‍ രസതന്ത്രവിഭാഗം പ്രഫസര്‍ സാന്റി ദാസ് ഗുപ്തയ്ക്കു 2015 അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി എഡ്യൂക്കേഷന്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു.

അനലിറ്റിക്കല്‍ കെമിസ്ട്രിയില്‍ നടത്തിയ ഗവേഷണങ്ങള്‍ക്കും പഠനത്തിനും ദേശീയാടിസ്ഥാനത്തില്‍ നല്‍കുന്ന അംഗീകാരമാണ് ദാസ് ഗുപ്തയെ തേടിയെത്തിയത്.

അനലിറ്റിക്കല്‍ കെമിസ്ട്രിയെകുറിച്ചുളള നിരവധി പാഠപുസ്തകങ്ങളും ലേഖനങ്ങളും ദാസ് ഗുപ്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2007 മുതല്‍ യുറ്റി ആര്‍ലിംഗ്ടണില്‍ പ്രഫസറായി പ്രവര്‍ത്തിക്കുന്ന ദാസ് ഗുപ്ത ടെക്സസ് ടെക്ക് യൂണിവേഴ്സിറ്റിയിലെ 25 വര്‍ഷത്തെ സേവനത്തിനുശേഷമാണ് യുറ്റിയില്‍ ചേര്‍ന്നത്.

ഇന്ത്യന്‍ സമൂഹത്തിലെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളുടെ ഗുരുനാഥനായ ദാസ് ഗുപ്തയ്ക്ക് മൂന്നാം തലമുറയിലെ അധ്യാപകനാകാന്‍ കഴിഞ്ഞതില്‍ തീര്‍ത്തും ചാരിതാര്‍ഥ്യം ഉണ്ട്.

2007 ല്‍ ജെന്‍ കിന്‍സ് ഗാരട്ട് പ്രഫസര്‍ ഓഫ് കെമിസ്ട്രിയായും, 2014 ല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഫെല്ലൊയായും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ബര്‍ദ്വാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയിട്ടുളളത്. ലൂസിയാന സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറല്‍ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍