കുവൈറ്റ് ദിനാറിന് നിറങ്ങളും മാറ്റങ്ങളും നല്‍കി പുതിയ നോട്ടുകള്‍ പുറത്തിറക്കി
Tuesday, May 20, 2014 8:15 AM IST
കുവൈറ്റ്: കുവൈറ്റ് ദിനാര്‍ ബാങ്ക് നോട്ടുകളുടെ ആറാമത് പതിപ്പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈറ്റ് ഗവര്‍ണര്‍ ഡോ. മുഹമ്മദ് യൂസുഫ് ഹശല്‍ പുറത്തിറക്കി. ജൂണ്‍ 29 മുതലാണ് പുതിയ നോട്ടുകള്‍ വിപണിയിലിറങ്ങുക. പുതിയ നോട്ടുകള്‍ ഇറങ്ങിയാലും നിലവില്‍ ഉപയോഗത്തിലുള്ള അഞ്ചാം പതിപ്പ് നോട്ടുകള്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വിപണിയില്‍നിന്ന് പിന്‍വലിക്കുന്നതുവരെ ഉപയോഗിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചു.

20, 10, 5 ദിനാറുകളും ഒന്ന്, അര, കാല്‍ ദീനാറുകളുമാണ് പുതുതായി ഇറക്കിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചും നിലവില്‍ ലഭ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുമാണ് പുതിയ നോട്ടുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് മുഹമ്മദ് ഹശല്‍ വ്യക്തമാക്കി. കാഴ്ചയില്ലാത്തവര്‍ക്ക് സ്പര്‍ശനത്തിലൂടെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക അലങ്കാരവും എല്ലാ നോട്ടിലുമുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍