ഗുരുതരാവസ്ഥയിലായിരുന്ന എറണാകുളം സ്വദേശി നാടണഞ്ഞു; കെെത്താങ്ങായി അലിക് ഇറ്റലി
ജെജി മാന്നാർ
Friday, December 13, 2024 4:54 PM IST
റോം: ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ നേതൃത്വത്തിൽ റോമിലെ മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെ ആറു മാസം മുൻപ് നാപോളിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മസ്തിഷ്ക ആഘാതം വന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന എറണാകുളം കാഞ്ഞൂർ സ്വദേശി സുബിൻ പുത്തൻപുരക്കലിനെ ഡോക്ടർമാരുടേയും വിദഗ്ധരുടേയും നിർദേശപ്രകാരം നാട്ടിലെത്തിച്ചു.
വിമാനത്തിൽ പ്രത്യേക രീതിയിൽ കിടത്തി കൊണ്ടുപോകുന്നതിന് സീറ്റുകൾ ക്രമീകരിച്ചാണ് നാട്ടിൽ എത്തിച്ചത്. വിമാനത്തിൽ രോഗിയെ കൊണ്ടുപോകുന്നതിന് വിദഗ്ധനായ ഇറ്റാലിയൻ ഡോക്ടർ, മലയാളി നഴ്സ് ജെറ്റി, സുബിന്റെ ഭാര്യ സബിത എന്നിവരുടെ പരിചരണം ഉണ്ടായിരുന്നു.
നാപോളിയിൽ നിന്നു അംബുലൻസിൽ റോമിലെ ഫുമിച്ചിനോ എയർപോർട്ടിലെത്തിയ സുബിനെ വിമാനത്തിൽ കൊണ്ടു പോകാൻ വേണ്ട സഹായങ്ങൾക്ക് അലിക് കമ്മിറ്റിയുടെ ഭാരവാഹികളായ പ്രസിഡന്റ് ഷൈൻ റോബോർട്ട് ലോപ്പസും സെക്രട്ടറി തോമസ് ഇരുമ്പനു, ഭാരവാഹികളായ ജിൻസൺ പലാട്ടി, നിശാന്ത് ശശീന്ദ്രൻ, ജെജി മാന്നാർ, സുനിൽ, ഓഡിറ്റർമാരായ ജോസ് മോൻ കമ്മിട്ടിൽ, ഹാമിൽട്ടൺ മറ്റ് കൂട്ടായ്മകളുടെ ഭാരവാഹികളായ ജീസ് മോൻ എന്നിവരും മലയാളികളും ഉണ്ടായിരുന്നു.
റോമിലെ ഇന്ത്യൻ എംബസി അധികൃതർ ഇറ്റാലിയൻ ഡോക്ടർമാർക്ക് വേണ്ട ഇന്ത്യൻ വീസ വേഗത്തിൽ ലഭിക്കാൻ സഹായിച്ചു. കൊച്ചിയിൽ അലിക് ഇറ്റലിയുടെ ട്രഷറർ ഗോപകുമാർ എല്ലാ സഹായങ്ങൾക്കും ഉണ്ടായിരുന്നു.
സുബിനെ അവിടെ നിന്നും ആയൂർവേദ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഈ ലക്ഷ്യം സഫലികരിക്കാൻ സഹായിച്ച റോമിലുള്ള എല്ലാ അസോസിയേഷൻ ഭാരവാഹികളെയും വാട്സ്ആപ് കൂട്ടായ്മകളെയും അലിക് ഇറ്റലിയുടെ ഭാരവാഹികളെയും മലയാളികളെയും പ്രസിഡന്റ് ഷൈൻ റോബോർട്ട് ലോപ്പസ് കമ്മിറ്റിക്ക് വേണ്ടി നന്ദി അറിയിച്ചു.