നോത്ര്ദാം പള്ളി കൂദാശ ചെയ്തു
Monday, December 9, 2024 1:10 PM IST
പാരീസ്: 2019 ഏപ്രിൽ 15നുണ്ടായ അഗ്നിബാധയ്ക്കുശേഷം കമനീയമായി പുനരുദ്ധരിച്ച പാരീസിലെ നോത്ര്ദാം കത്തീഡ്രൽ പള്ളി പാരീസ് ആർച്ച്ബിഷപ് ലോറെന്റ് ഉൾറിച്ച് കൂദാശ ചെയ്തു. വിവിധ രാജ്യക്കാരായ 170 മെത്രാന്മാർ സഹകാർമികരായി.
അന്പതോളം രാഷ്ട്രത്തലവന്മാരോടൊപ്പം 2500 ക്ഷണിതാക്കളും പള്ളിക്കുള്ളിലെ ചടങ്ങിൽ പങ്കെടുത്തു. കൂദാശാകർമത്തിനുശേഷം നടന്ന വിശുദ്ധ കുർബാനയർപ്പണത്തിലും ആർച്ച്ബിഷപ് ഉൾറിച്ച് കാർമികനായിരുന്നു.
രണ്ടര മണിക്കൂർ നീണ്ട കൂദാശാകർമം ആരംഭിച്ചത് ആർച്ച്ബിഷപ് നോത്ര്ദാമിലെ വിശ്വവിശ്രുതമായ പൈപ്പ് ഓർഗനു നൽകിയ ആഹ്വാനത്തോടെയാണ്. “വിശുദ്ധമായ സംഗീതോപകരണമേ ഉണരൂ. ദൈവസ്തുതികൾ ആലപിക്കൂ.’’
8000 പൈപ്പുകളുള്ള ഓർഗൻ ഉണർന്നു. സംഗീതധാര പ്രവഹിച്ചു. ഇത്തരത്തിലുള്ള എട്ട് ആഹ്വാനങ്ങളും പ്രാർഥനകളും ധൂപാർച്ചനയ്ക്കും അൾത്താരയുടെ തൈലാഭിഷേകവും കഴിഞ്ഞ് പാരീസിനോടു ബന്ധപ്പെട്ട വിശുദ്ധരുടെ തിരുശേഷിപ്പു പ്രതിഷ്ഠയ്ക്കും ശേഷം വിശുദ്ധ കുർബാന നടന്നു.
കുർബാനയ്ക്കിടെ വായിച്ച ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിൽ, പള്ളിയുടെ പുനഃപ്രതിഷ്ഠ പ്രവാചകതുല്യമായ ഒരടയാളമാണെന്നു ചൂണ്ടിക്കാട്ടി. ഈ പള്ളിയിൽ പ്രവേശിച്ചു പ്രാർഥിക്കുന്നവർ ഫ്രാൻസിന്റെ ധന്യമായ വിശ്വാസപൈതൃകത്തിൽനിന്നു ശക്തിനേടി, നവപ്രേഷിതരായി രൂപാന്തരപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പള്ളിയിലെ രണ്ടാമത്തെ കുർബാന ചൊവ്വാഴ്ച വൈകുന്നേരം 6.30ന് നടന്നു. ഇന്നു മുതൽ പതിവായി വിശുദ്ധ കുർബാനയുണ്ടാകും. പൊതുജനങ്ങൾക്കും സൗജന്യമായി പള്ളി സന്ദർശിക്കാം.
പള്ളിയുടെ കൂദാശാകർമം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ട്രംപും യുക്രേനിയൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കും വേദിയാക്കി ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ നയതന്ത്ര വിജയം നേടുകയും ചെയ്തു.