തിരുപ്പിറവിരംഗവും ക്രിസ്മസ് ട്രീയും വത്തിക്കാനില്‍ അനാവരണം ചെയ്തു
ജോസ് കുമ്പിളുവേലില്‍
Friday, December 13, 2024 7:13 AM IST
വത്തിക്കാന്‍ സിറ്റി: ക്രിസ്മസിനോടനുബന്ധിച്ചുള്ള തിരുപ്പിറവി രംഗവും ക്രിസ്മസ് ട്രീയും വത്തിക്കാനില്‍ അനാവരണം ചെയ്തു. തടാകത്തിന് നടുവില്‍ മുക്കുവരുടെ ചെറുകുടിലില്‍ ഉണ്ണിയേശുവും മാതാവും യൗസേപ്പിതാവും അടങ്ങുന്ന തിരുക്കുടുംബത്തിന് വാസസ്ഥലം ഒരുക്കിയും വള്ളത്തില്‍ ഉണ്ണിയേശുവിനെ സന്ദര്‍ശിക്കാന്‍ വരുന്ന പൂജരാക്കന്മാരെയും അവതരിപ്പിച്ചാണ് ഇത്തവണ തിരുപ്പിറവിരംഗം കമനീയമാക്കിയത്.
അഡ്രിയാറ്റിക്ക് കടലില്‍ വെനീസിനും ട്രിയസ്റ്റെക്കും ഇടയിലുള്ള തടാകക്കരയിലെ ഗ്രാഡോ നഗര നിവാസികളാണ് ദൃശ്യാവിഷ്ക്കാരത്തിന്റെ നിര്‍മിതിക്ക് സഹായിച്ചത്. ഇവിടെ ഏകദേശം 8,000 ആളുകളാണ് വസിക്കുന്നത്. ആന്‍ഡ്രിയ ഡി വാള്ഡര്സ്റ്റെെന് ആണ് തിരുപ്പിറവി രംഗത്തിന്റെ ഡിസൈനറും കണ്‍സ്ട്രക്ഷന്‍ മാനേജരും.
ദൈവരാജ്യം സ്ഥാപിക്കാനായി ദൈവം ഭൂമിയില്‍ ജനിച്ച ക്രിസ്മസിന്റെ മനോഹാരിത അടയാളപ്പെടുത്തുന്നതാണ് ദൃശ്യാവിഷ്ക്കാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. അതേസമയം വത്തിക്കാന്‍ ചത്വരത്തില്‍ സ്ഥാപിച്ച 29 മീറ്റര്‍ ഉയരമുള്ള ഫിര്‍ ക്രിസ്മസ് ട്രീ യേശു കേന്ദ്രസ്ഥാനത്തുള്ള സഭയുടെ പ്രതീകമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ക്രിസ്മസിനെ മോടിയാക്കാന്‍ വത്തിക്കാന്റെ വിവിധയിടങ്ങളില്‍ പലസ്തീനിലെ കലാകാരന്മാര് നിര്‍മ്മിച്ച പുല്‍ക്കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.