സംസ്ഥാന സീനിയർ ഗുസ്തി ചാന്പ്യൻഷിപ്പ് ചെറുതോണിയിൽ
1464935
Wednesday, October 30, 2024 4:05 AM IST
ചെറുതോണി: 71-ാമത് സംസ്ഥാന പുരുഷ-സീനിയർ വിഭാഗത്തിന്റെയും 26-ാമത് വനിതാ സീനിയർ വിഭാഗത്തിന്റെയും ഗുസ്തി മത്സരം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ചെറുതോണി ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. നവംബർ ഒന്നിന് രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലാ ചാന്പ്യൻഷിപ്പുകളിൽനിന്ന് യോഗ്യത നേടിയ 800ൽ അധികം മത്സരാർഥികളാണ് സംസ്ഥാന ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.
മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ എം.എം. മണി, പി.ജെ. ജോസഫ്, വാഴൂർ സോമൻ, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ജില്ലാ വികസന സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.
രണ്ടാം ദിന മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിക്കും. വിജയികൾക്കുള്ള സമ്മാന വിതരണം ഇടുക്കി എസ്പി ടി.കെ. വിഷ്ണുപ്രദീപ് നിർവഹിക്കും. സ്വാഗത സംഘം ഭാരവാഹികളായി ജെയിൻ അഗസ്റ്റിൻ-ചെയർമാൻ, പി. രാജൻ, എ.പി. ഉസ്മാൻ, പി.ബി. സബീഷ് - വൈസ് ചെയർമാന്മാർ, സിജി ചാക്കോ-കൺവീനർ, പി.ജെ. ജോസഫ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.