അനധികൃത പിരിവ് സ്വകാര്യ ബസ് വ്യവസായത്തിന് ഭീഷണി: അസോ.
1465706
Friday, November 1, 2024 7:29 AM IST
തൊടുപുഴ: അനധികൃത പണപ്പിരിവ് നടത്തി തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽനിന്നു ഓപ്പറേറ്റ് ചെയ്യുന്ന ബസ് ഉടമകളെ ദ്രോഹിക്കുന്ന നടപടികളാണ് അടുത്തിടെ നടന്നുവരുന്നതെന്നും ഇതു സ്വകാര്യ ബസ് വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായി മാറുകയാണെന്നും കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം വർധിച്ചുവരികയാണ്. രാത്രിയിലും മറ്റു സമയങ്ങളിലും ബസുകൾ സർവീസ് മുടക്കുന്നുവെന്ന് കാണിച്ച് മുഖ്യമന്ത്രി, ഗതാഗതമന്ത്രി, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് വ്യാജ പരാതി നൽകുകയാണ്. പൗരാവകാശ സംരക്ഷണസമിതി എന്ന പേരിൽ ഒരാൾ ബസുടമകളോട് എല്ലാമാസവും പിരിവ് ആവശ്യപ്പെടുന്നുണ്ട്. ഇതു നൽകാത്തവർക്കെതിരേയാണ് നിരന്തരം പരാതികൾ അയയ്ക്കുന്നത്.
ഇത്തരം നടപടികൾക്കെതിരേ ഗതാഗതവകുപ്പും മോട്ടോർ വാഹന വകുപ്പും പോലീസ് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണം. ഇനിയും സംഭവങ്ങൾ ആവർത്തിച്ചാൽ മന്ത്രി, കളക്ടർ, പോലീസ്, മോട്ടോർവാഹനവകുപ്പ്, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവർക്ക് അസോസിയേഷൻ പരാതി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അജിത്കുമാർ, ട്രഷറർ പി.എം. ജോർജ്, കെ.എം. സലിം എന്നിവരും പങ്കെടുത്തു.