ബാലികയുടെ മരണം ചികിത്സാപ്പിഴവു മൂലമെന്ന്
1465315
Thursday, October 31, 2024 4:16 AM IST
നെടുങ്കണ്ടം: കുഴിത്തൊളുവിൽ നാലുവയസുകാരിയുടെ മരണം ചികിത്സാപ്പിഴവു മൂലമാണെന്നു കുട്ടിയുടെ മാതാപിതാക്കളും കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് കമ്മിറ്റിയും ആരോപിച്ചു. പൂതക്കുഴിയില്‍ വിഷ്ണുവിന്റെയും അതുല്യയുടെയും മകള്‍ ആധികയാണ് (നാല് ) ജൂണ്‍ 16നു മരിച്ചത്. ജൂണ്‍ 12നു കുട്ടിക്കു പനി ബാധിച്ചതിനെത്തുടര്‍ന്നു ചേറ്റുകുഴി സഹകരണ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു.
ഇവിടെനിന്നും മരുന്നുവാങ്ങി വീട്ടിലേക്കു മടങ്ങിയെങ്കിലും 14നു പനി കൂടുതലായതിനെത്തുടര്ന്നു കുട്ടിയെ കട്ടപ്പന സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ പരിശോധനയില്‍ ചേറ്റുകുഴിയില്നിന്നു നല്കിയ മരുന്നുകള്‍ ഓവര്‍ഡോസ് ആയതാണ് പ്രശ്നമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി വീട്ടുകാർ പറയുന്നു.
ചികിത്സയ്ക്കുശേഷം വീട്ടിലേക്കു മടങ്ങിയെങ്കിലും ഒരു മണിക്കൂറിനകം കുട്ടിയുടെ സ്ഥിതി ഗുരുതരമാകുകയും തുടര്‍ന്നു കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.
കുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് വിഷ്ണു ജില്ലാ കളക്ടര്‍ക്കും എസ്പിക്കും ഡിഎംഒയ്ക്കും പരാതി നല്‍കിയിരുന്നു. മൊഴികള്‍ രേഖപ്പെടുത്തിയെങ്കിലും ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം ഇതുവരെയും ലഭിച്ചിട്ടില്ല.
കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും സ്ഥാപനത്തിനെതിരേ നടപടി സ്വീകരിക്കണമെന്നും മാതാപിതാക്കളും കോൺഗ്രസ് നേതാക്കളായ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്, ഡിസിസി ജനറൽ സെക്രട്ടറി ജി. മുരളീധരന് തുടങ്ങിയവർ ആവശ്യപ്പെട്ടു.