പോക്സോ: നൃത്താധ്യാപകന് 80 വർഷം തടവ്
1464945
Wednesday, October 30, 2024 4:17 AM IST
തൊടുപുഴ: നാലാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ നൃത്താധ്യാപകന് 80 വർഷം തടവും 4.5 ലക്ഷം രൂപ പിഴയും. കോടിക്കുളം കോട്ടക്കവല നടുക്കുഴിയിൽ സോയിസ് ജോർജിനെയാണ് (34) തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി ആഷ് കെ.ബാൽ ശിക്ഷിച്ചത്.
2015 നവംബർ, ഡിസംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. നൃത്തപരിശീലനത്തിനായി പലയിടങ്ങളിൽ കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തുപറയരുതെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. സ്വകാര്യ മെഡിക്കൽ കോളജിൽ നൽകിയ കൗണ്‍സലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്.
ഡോക്ടർ ഇടുക്കി ചൈൽഡ് വെൽഫയർ കമ്മിറ്റിയെ അറിയിച്ചതിനെ തുടർന്ന് തൊടുപുഴ പോലീസ് കേസെടുത്തു. കുട്ടിയുടെ സഹപാഠിയെയും ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി കണ്ടെത്തി. സഹപാഠിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.