വരൾച്ചാ കൃഷിനാശം: ജില്ലയിൽ 175.54 കോടിയുടെ നഷ്ടം
1422810
Thursday, May 16, 2024 3:25 AM IST
മന്ത്രി പി. പ്രസാദ് ഇന്ന് ജില്ലയിൽ
തൊടുപുഴ: വരൾച്ചയെ തുടർന്ന് ജില്ലയിലുണ്ടായ കനത്ത കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി മന്ത്രി പി.പ്രസാദ് ഇന്ന് ജില്ലയിൽ സന്ദർശനം നടത്തും. മന്ത്രി റോഷി അഗസ്റ്റിനും സന്ദർശനത്തിൽ പങ്കെടുക്കും.
രാവിലെ ഒന്പതിന് കുമളി പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദർശനം. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയ ശേഷം ഉച്ചയോടെ കട്ടപ്പന ഹിൽ ടൗണ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ യോഗം ചേരും.
ജനപ്രതിനിധികൾ , കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. രൂക്ഷമായ വരൾച്ച ജില്ലയുടെ കാർഷികമേഖലയെ സാരമായി ബാധിച്ചതാണ് കൃഷി വകുപ്പിന്റെ റിപ്പോർട്ട്. 17481.52 ഹെക്ടർ സ്ഥലത്താണ് കൃഷിനാശം ഉണ്ടായത്. 30183 കർഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.
ഏലം കർഷകരെയാണ് വരൾച്ച ഏറെ ബാധിച്ചത്. 22,311 കർഷകരുടെ 16220.6 ഹെക്ടറിലെ ഏലം ഉണങ്ങി നശിച്ചു. 113.54 കോടിയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 39.46 കോടിയുടെ കുരുമുളക് കൃഷിയും 12.56 കോടിയുടെ വാഴ കൃഷിയും നശിച്ചു. മറ്റു നാണ്യ വിളകളെയും പച്ചക്കറി കൃഷിയെയും വരൾച്ച സാരമായി ബാധിച്ചു.
വ്യാപക കൃഷി നാശം കണക്കിലെടുത്ത് ജില്ലയ്ക്കായി പ്രത്യേക സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കൃഷി മന്ത്രി ജില്ലയിലെ കാർഷിക മേഖലകൾ സന്ദർശിക്കുന്നത്.
തോട്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം: പിഎൽസി
ഇടുക്കി: അതി കഠിനമായ വേനൽച്ചൂടിലും വരൾച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലയ്ക്കായി സാന്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉഷ്ണതരംഗ സമാനമായ വേനൽച്ചൂട് തോട്ടം മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ടവിളകളും പൂർണമായി നശിച്ച നിലയിലാണെന്നും അഡീ. ലേബർ കമ്മീഷണർ കെ. ശ്രീലാലിന്റെ അധ്യക്ഷതയിൽ തൊഴിൽഭവനിൽ ചേർന്ന യോഗം വിലയിരുത്തി.
പ്രതിസന്ധിയിലായ തോട്ടം മേഖലയിലെ കർഷകർക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തിയില്ലെങ്കിൽ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും കർഷകരുടെയും ജീവിതം ദുരിതത്തിലാകും.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റബർ, ടീ, കോഫി, സ്പൈസസ് ബോർഡുകൾ അടിയന്തരമായി നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ് എം.ജി. സുരേഷ്കുമാർ തൊഴിലാളി സംഘടന പ്രതിനിധികളായ വാഴൂർ സോമൻ എംഎൽഎ, പി.എസ്. രാജൻ, സി.കെ. ഉണ്ണികൃഷ്ണൻ,
എസ്. ജയമോഹൻ, പി.വി. സഹദേവൻ, പി.എസ്. ചെറിയാൻ കെ. രാജേഷ്, പി.കെ.മൂർത്തി, ഇളമണ്ണൂർ രവി, എ.കെ. മണി,പി.ജെ. ജോയ് , പി.പി. അലി, എൻ.ബി. ശശിധരൻ, ടി. ഹംസ എന്നിവരും തൊഴിലുടമാ പ്രതിനിധികളും പങ്കെടുത്തു.