പന്തളം: ഇഷ്ടഭക്ഷണമായ വറുത്ത മീൻ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിയെ അഗ്നിശമനസേന എത്തി രക്ഷിച്ചു. പന്തളം ചേരിക്കൽ ഷിനാസ് മൻസിൽ ഷിനാസിന്റെ വീട്ടിലാണ് സംഭവം. വീട്ടിലെ വളർത്തുപൂച്ച ഇന്നലെ ഉച്ചയോടെയാണ് സ്റ്റൗവിൽ കുടുങ്ങിയത്.
വീട്ടുകാർ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജീഖാൻ യൂസഫ്, റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോർജ്, പ്രകാശ് എന്നിവർ ഗ്യാസ് സ്റ്റൗ കട്ട് ചെയ്തു പൂച്ചയെ രക്ഷപ്പെടുത്തി.