കൃഷിയിൽ പുതുവഴികൾ
Wednesday, February 12, 2025 12:20 PM IST
കാലാവസ്ഥാമാറ്റം, ഉത്പാദനോപാധികളുടെ വിലക്കയറ്റം, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച, മതിയായ സർക്കാർ പിന്തുണയുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഇന്ത്യയിലെ കാർഷിക മേഖല വർഷങ്ങളായി പ്രതിസന്ധിയിലാണ്.
ഇന്ത്യയിലെ ഒരു കർഷക കുടുംബത്തിന്റെ പ്രതിമാസ വരുമാനം കേവലം 13661 രൂപ മാത്രമാണെന്ന് അടുത്തയിടെ നബാർഡ് പ്രസിദ്ധീകരിച്ച നബാർഡ് ഓൾ ഇന്ത്യ റൂറൽ ഫിനാൽഷ്യൽ ഇൻക്ലുഷൻ സർവേ-നാഫിസ് (2021-22) വ്യക്തമാക്കുന്നു.
ഇതിൽ 33 ശതമാനം മാത്രമാണു കൃഷിയിൽ നിന്നു ലഭിക്കുന്നത്. ഒരു കർഷക കുടുംബത്തിന് കൃഷിയിൽ നിന്ന് ഒരു മാസം ലഭിക്കുന്ന വരുമാനം 4500 രൂപ മാത്രം. നബാർഡ് സർവേ പ്രകാരം കേരളത്തിൽ 22757 രൂപയാണ് വിവിധ സ്രോതസുകളിൽ നിന്ന് ഒരു കർഷക കുടുംബത്തിനു ലഭിക്കുന്ന പ്രതിമാസ വരുമാനം.
അതായത് ഒരു ദിവസം 750 രൂപയ്ക്കടുത്തു മാത്രം. അതേസമയം കേരളത്തിൽ ഒരു കർഷക തൊഴിലാളിക്കു ലഭിക്കുന്ന ശരാശരി പ്രതിദിന വരുമാനം ഒരു കർഷക കുടുംബത്തിന് ഒരു ദിവസം ലഭിക്കുന്ന വരുമാനത്തിലും കൂടുതലാണ്.
അടുത്തയിടെ പ്രസിദ്ധീകരിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023-24 ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം കേരളത്തിലെ ഒരു കർഷക തൊഴിലാളിക്ക് ഒരു ദിവസം ലഭിക്കുന്ന വേതനം 807 രൂപയാണ്.
കൂലിപ്പണിക്കു ലഭിക്കുന്നതിലും കുറഞ്ഞ വരുമാനം കൃഷിയിൽ നിന്നു ലഭിക്കുന്പോൾ കർഷക കുടുംബങ്ങളിലെ പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നതിനു കാരണം തേടി മറ്റെങ്ങും തെരയണ്ടതില്ല.
കൃഷിയിൽ ദിശാമാറ്റം
അതേസമയം, ഈ പ്രതികൂല സാഹചര്യങ്ങൾ മറികടക്കാൻ കൃഷി വലിയ ദിശാമാറ്റത്തിന്റെ പാതയിലാണു താനും. ഏകവിള സന്പ്രദായത്തിൽ നിന്നും ബഹുവിള സന്പ്രദായത്തിലൂന്നിയ സംയോജിത കൃഷിയിലേക്കും പരന്പരാഗത വിളകളിൽ നിന്നും പുതുവിളകളിലേക്കുമുള്ള മാറ്റവും മൂല്യവർധനവും വിപണനത്തിലെ പുതിയ രീതികളുമെല്ലാം പ്രതിസന്ധി മറികടക്കാൻ കർഷകർക്കു മുന്നിലുള്ള പുതുവഴികളാണ്.
പരന്പരാഗത വിളകളുടെ കൃഷിയേക്കാൾ പഴം-പച്ചക്കറി വിളകൾ അടങ്ങിയ ഹോർട്ടികൾച്ചർ മേഖല, മൃഗസംരക്ഷണം, മത്സ്യം വളർത്തൽ തുടങ്ങിയ മേഖലകളിലാണ് വളർച്ചാ നിരക്ക് കൂടുതൽ. സ്മാർട് ഫാമിംഗ് മുതൽ കാർബണ്‍ ഫാമിംഗ് വരെയുള്ള പുത്തൻ സാധ്യതകളുടെ വാതിലുകളാണ് കർഷകർക്കു മുന്നിൽ തുറന്നിരിക്കുന്നത്.
നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പുകൾ മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് കൃഷിയിലും വിപണനത്തിലും കൂടുതൽ സ്മാർട്ടായ അവസരങ്ങൾ ഒരുക്കി നൽകുന്നുണ്ട്.
![](https://www.deepika.com/feature/newgen11.jpg)
രാജ്യത്തെ ഗ്രാമങ്ങളിലെ 57 ശതമാനം കുടുംബങ്ങളും കർഷക കുടുംബങ്ങളാണെങ്കിൽ കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളിൽ 18 ശതമാനം മാത്രമാണ് കർഷക കുടുംബങ്ങളെന്നാണ് നബാർഡ് സർവേയിലെ മറ്റൊരു കണ്ടെത്തൽ.
കേരളത്തിലെ കർഷകരുടെ വരുമാനം വർധിപ്പിക്കണമെങ്കിൽ നിരത്തിപ്പിടിച്ചുള്ള പ്രഖ്യാപനങ്ങളെക്കാൾ യഥാർഥ കർഷകരെ കൃത്യമായി കേന്ദ്രീകരിച്ചുള്ള കൃത്യമായ സാങ്കേതിക വിദ്യാ കൈമാറ്റം വേണ്ടി വരും.
ഭൂപരിധി നിയമത്തിൽ മാറ്റം വരുത്തി തോട്ടം മേഖലയിൽ ഫലവർഗ വിളകളുടെ കൃഷി പരിമിതമായ തോതിൽ അനുവദിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. അടുത്ത കാലത്ത് കേരളത്തിൽ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന വിദേശ പഴങ്ങളുടെ വൻ തോതിലുള്ള വ്യാപനത്തിന് ഇതു വഴി തുറക്കും.
വിദേശപ്പഴങ്ങളുടെ വ്യാപനം
റംബൂട്ടാൻ, മങ്കോസ്റ്റീൻ തോട്ടങ്ങൾ മുന്‍പുതന്നെ കേരളത്തിലുണ്ടായിരുന്നുവെങ്കിലും വ്യാപകമായത് അടുത്ത കാലത്താണ്. റബർ വെട്ടി മാറ്റി വിയറ്റ്നാം ഏർലി, ഡ്യാങ് സൂര്യ, ജെ -33 തുടങ്ങിയ വിദേശ പ്ലാവിനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പ്ലാവിൻ തോട്ടങ്ങൾ കേരളത്തിൽ പലയിടത്തും കാണാം.
പ്ലാവിലും മറ്റു വിദേശ ഫലവർഗങ്ങളിലും അധികം പടരാത്ത മികച്ച ഇനങ്ങൾ അതിസാന്ദ്രതാ രീതിയിൽ (ഹൈ ഡെൻസിറ്റി) കൃഷി ചെയ്യുന്ന കർഷകരുമുണ്ട്. ചരൽ കലർന്ന മണ്ണിൽ പോലും കൃഷി ചെയ്യാവുന്ന ഡ്രാഗണ്‍ ഫ്രൂട്ടാണ് മറ്റൊരു താരം.
ഡ്രാഗണ്‍ ഫ്രൂട്ട് ഡ്രമ്മുകളിൽ മണ്ണില്ലാത്ത മാധ്യമത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. മണ്ണില്ലാത്ത മാധ്യമങ്ങളിൽ വളർത്തുന്പോൾ കീട-രോഗ ബാധ കുറവായിരിക്കും.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഡ്രാഗണ്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയതു കേരളത്തിന് വെല്ലുവിളിയാണ്. ഹൈറേഞ്ചുകളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള അവ്ക്കാഡോ കൃഷി കൂടുതൽ വ്യാപകം.
ലിച്ചിയും ഹൈറേഞ്ചുകളിൽ നന്നായി വിളയും. ഗന്ധം ചിലർക്കു പിടിക്കില്ലെങ്കിലും തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ദൂരിയൻ ഇന്ത്യൻ പട്ടണങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ നിറയുകയാണ്. ഇത് കേരളത്തിൽ വളർത്താൻ തികച്ചും അനുയോജ്യവുമാണ്.
കേരളത്തിന്റെ സമതലങ്ങളിലും ഹൈറേഞ്ചുകളിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന മറ്റൊരു വിദേശ പഴവർഗമാണ് ലോങ്ങൻ. ആമസോണിൽ നിന്നെത്തിയ അബിയു പഴവും കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
തോട്ടം മേഖലയിൽ സർക്കാർ നയം മാറ്റത്തിനൊരുങ്ങുന്പോൾ കൈവശ ഭൂമിക്ക് 15 ഏക്കർ വിസ്തൃതി എന്ന പരിധി നീക്കണം. വാണിജ്യ പഴവർഗ കൃഷിയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കത്തക്കവിധം നയം മാറ്റവും ഗവേഷണ-വിപണന മേഖലകളിൽ ഗവണ്മെന്റ് പിന്തുണയും വേണ്ടിവരും.
ഡ്രം കൃഷി
വീട്ടുവളപ്പിലും ടെറസിലും’ ഡ്രമ്മുകളിൽ അധികം പടരാത്ത മാവും പേരയും ചില ഫലവൃക്ഷങ്ങളും വളർത്തുന്നതു കർഷകർക്കിടയിൽ ഇപ്പോൾ വ്യാപകമാണ്. എയർപോട്ടുകളിൽ എയർ പ്രൂണിംഗിലൂടെ ഫലവർഗ വിളകൾ വലിപ്പം നിയന്ത്രിച്ചു വളർത്തുന്ന വിദേശ സാങ്കേതിക വിദ്യയും കേരളത്തിൽ പ്രചരിക്കുന്നുണ്ട്.
ഏതു ചെടിയും എയർപോട്ടുകളിൽ ആരോഗ്യകരമായി വളർത്താം. ചെടികൾ വളർത്തുന്ന എയർപോട്ടുകളുടെ ഭിത്തിയിൽ ദ്വാരങ്ങളുള്ളതിനാൽ വേരുകൾ വായുവുമായി സന്പർക്കത്തിലായിരിക്കും. ഈ വേരുകൾ സ്വാഭാവികമായി പ്രൂണ്‍ ചെയ്യപ്പെടും.
ആരോഗ്യകരമായ വേരുകൾ നിലനിൽക്കുകയും പോഷകങ്ങളും ജലവും ചെടികൾ കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യും’ ചെടികളുടെ വലിപ്പം നിയന്ത്രിച്ച് ഒതുക്കി വളർത്താം.
മണ്ണില്ലാ മാതൃകകൾ
മണ്ണില്ലാ കൃഷിയുടെ പല മാതൃകകളും സംരംഭകരായ യുവ കർഷകർ പരീക്ഷിക്കുന്നുണ്ട്. മണ്ണില്ലാ മാധ്യമങ്ങളിൽ ചെടികൾ വളർത്തുന്ന ഹൈഡ്രോപോണിക്സ്, എയറോപോണിക്സ്, വെർട്ടിക്കൽ ഫാമിംഗ് തുടങ്ങിയ ഹൈടെക് രീതികളിൽ സ്ഥലം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാം.
ഒരു ചതുരശ്ര മീറ്ററിൽ നിന്നുള്ള ഉത്പാദനം പരന്പരാഗത രീതിയേക്കാൾ വളരെ കൂടുതലായിരിക്കും. കീടബാധ കുറവ്. ജലവും വളവും ലാഭിക്കാം.
നിർമിത ബുദ്ധിയുടെ കടന്നു വരവ്
അടുത്ത ഹരിത വിപ്ലവം നിർമിത ബുദ്ധിയുടെ (എഐ) ഉപയോഗത്തിലൂടെയായിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. കൃത്യമായ കാലാവസ്ഥാ പ്രവചനം, കീട-രോഗ സാധ്യത മുൻകൂട്ടി പ്രവചിക്കൽ, വിതരണ ശൃംഖലയുടെ മാനേജ്മെന്റ്, വിപണനം, ജലത്തിന്റെയും വളത്തിന്റെയും കൃത്യമായ വിനിയോഗം തുടങ്ങിയവയിലെല്ലാം എഐ സാങ്കേതിക വിദ്യ കർഷകർക്കു കൃത്യമായ നിർദേശം നൽകും.
നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡ്രോണ്‍ ടെക്നോളജി തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക വിദ്യകൾ കർഷകർക്കിടയിൽ വ്യാപകമാക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ സെപ്റ്റംബറിൽ ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ (ഡിഎഎം) ആരംഭിച്ചിട്ടുണ്ട്.
കർഷകരുടെ നാട്ടറിവുകളും പാരന്പര്യവിജ്ഞാനവും നിർമിത ബുദ്ധിയും തമ്മിൽ ബന്ധിപ്പിച്ച് ചെറുകിട കർഷകരുടെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്ന ഹൈബ്രിഡ് അഗ്രികൾച്ചറൽ ഇന്റലിജൻസ് (എച്ച്എ ഐ) ഈ മേഖലയിലെ ഏറ്റവും പുതിയ എഐ മോഡലാണ്.
ക്ലൈമറ്റ് സ്മാർട് കൃഷി
മാറുന്ന കാലാവസ്ഥയിൽ പഴയ കൃഷി മാതൃകകൾ കൊണ്ട് കർഷകന് അതിജീവിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ക്ലൈമറ്റ് സ്മാർട് കൃഷി രീതികൾ തന്നെ പിന്തുടരേണ്ടി വരും. അഖിലേന്ത്യാ തലത്തിൽ കാലാവസ്ഥാ വ്യതിയാനം നേരിടാൻ വിവിധ വിളകളിലായി 455 പുതിയ വിത്തിനങ്ങളാണ് 2024 ൽ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയത്.
വരൾച്ചയോടും പ്രതികൂല കാലാവസ്ഥയോടും പൊരുതുന്നവയാണ് ഈ വിത്തിനങ്ങൾ. ഈ വർഷം മുതൽ കാലാവസ്ഥാ വ്യതിയാനം നേരിടാൻ കേരളത്തിൽ ലോകബാങ്ക് സഹായത്തോടെ 2400 കോടി രൂപയുടെ വായ്പാ പദ്ധതി നടപ്പാക്കാൻ പോവുകയാണ്.
നെല്ല്, റബർ, കാപ്പി, ഏലം തുടങ്ങിയവയിൽ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന കൃഷി രീതികൾ നടപ്പാക്കും. കേര’ (കേരള ക്ലൈമറ്റ് റെസലിയന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ പ്രോജക്ട്) പദ്ധതിയിൽ 500 കോടി രൂപയാണ് നെൽകൃഷി പ്രോത്സാഹനത്തിനു വേണ്ടി ചെലവഴിക്കുന്നത്.
നെൽകൃഷിയിൽ നിന്നുള്ള കാർബണ്‍ ബഹിർഗമനം കുറച്ച് ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഫിലിപ്പൈൻസിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് സാങ്കേതിക സഹായം നൽകുന്നത്.
അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ലോകം അതിവേഗം അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുന്ന ഹരിത സന്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയിലും ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങൾ കാണാം.
സുസ്ഥിരമായി വിളവ് വർധിപ്പിക്കുന്നതോടൊപ്പം കൃഷിയിൽ നിന്നുള്ള കാർബണ്‍ ബഹിർഗമനം കുറയ്ക്കുകയും വേണം. ക്ലൈമറ്റ് സ്മാർട് കൃഷി രീതികൾക്കൊപ്പം പ്രകൃതി കൃഷി, പുനരുജ്ജീവനത്തിന്റെ കൃഷി തുടങ്ങിയ പ്രകൃതി സൗഹൃദ കൃഷി രീതികളും ഇതിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ഈ മാറ്റം ഏക വിള സന്പ്രദായത്തിൽ നിന്നും ബഹുവിള സന്പ്രദായത്തിലേക്കു മാറി ജൈവവൈവിധ്യം സംരക്ഷിക്കും. മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കും. അന്തരീക്ഷത്തിലേക്കുള്ള കാർബണ്‍ ബഹിർഗമനം കുറയ്ക്കും. ജനങ്ങൾക്ക് വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കും.
![](https://www.deepika.com/feature/newgen0111.jpg)
പ്രകൃതി കൃഷി
അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി കർഷകരെ പ്രകൃതി കൃഷി പരിശീലിപ്പിക്കാനുള്ള നാഷണൽ മിഷൻ ഓണ്‍ നാച്ചുറൽ ഫാമിംഗ് (എൻഎംഎൻഎഫ്) കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
രണ്ടു വർഷത്തിനുള്ളിൽ ഏഴര ലക്ഷം ഹെക്ടർ പുതുതായി പ്രകൃതി കൃഷിയിൽ കൊണ്ടുവരും. താത്പര്യമുള്ള പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് 15000 പ്രകൃതി കൃഷി ക്ലസ്റ്ററുകൾ സ്ഥാപിക്കും. പ്രകൃതി കൃഷിക്കു വേണ്ട ഉത്പാദനോപാധികൾ തയാറാക്കാൻ 10000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും.
പ്രകൃതി കൃഷിയിൽ കർഷകരെ സഹായിക്കാൻ 10000 "കൃഷിസഖി’ മാരെ നിയമിക്കും. അഗ്രോ - ഇക്കോളജിക്കൽ സമീപനത്തിലൂടെ കൃഷിയെ പ്രാദേശിക ആവാസവ്യൂഹവുമായി ബന്ധിപ്പിക്കുന്ന പുനരുജ്ജീവന കൃഷിയും ശ്രദ്ധ നേടിയിട്ടുണ്ട്.
കാർബണ്‍ ബഹിർഗമനം
അന്തരീക്ഷത്തിലേക്കുള്ള കാർബണ്‍ ബഹിർഗമനം കുറച്ചു കൊണ്ടുവരാനും ആഗോള താപനിലയിലെ വർധനവ് ഒന്നര ഡിഗ്രി സെൽഷ്യസിലോ ഏറ്റവും മോശപ്പെട്ട സാഹചര്യത്തിൽ പരമാവധി രണ്ട് ഡിഗ്രി സെൽഷ്യസിലോ പിടിച്ചു നിർത്താനുമായിരുന്നു 2015 ലെ പാരീസ് കാലാവസ്ഥാ ഉടന്പടിയിലെ തീരുമാനം.
ഉടന്പടിയുടെ ആർട്ടിക്കിൾ 6 രാജ്യങ്ങൾക്ക് അവരുടെ കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ നേടാൻ കാർബണ്‍ വിപണികളിൽ കാർബണ്‍ ക്രെഡിറ്റുകൾ വിൽക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.
അന്തരീക്ഷത്തിൽ നിന്ന് നീക്കം ചെയ്യുന്നതോ ഒഴിവാക്കുന്നതോ വേർതിരിച്ച് ഇല്ലാതാക്കുന്നതോ ആയ ഒരു മെട്രിക് ടണ്‍ കാർബണ്‍ ഡയോക്സൈഡിനോ തത്തുല്യമായ ഹരിതഗൃഹ വാതകത്തിനോ നൽകുന്നതാണ് ഒരു കാർബണ്‍ ക്രെഡിറ്റ്.
ഇത്തരം ക്രെഡിറ്റുകൾ കാർബണ്‍ വിപണിയിൽ വിറ്റ് കാശാക്കാം. പ്രകൃതി സൗഹൃദ കൃഷിരീതികളിലൂടെ കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്ന ’കാർബണ്‍ ഫാമിംഗ് ’ നടത്തുന്ന കർഷകർക്കും കാർബണ്‍ ക്രെഡിറ്റ് വിറ്റ് പണം നേടാം.
അസർബെയ്ജാൻ തലസ്ഥാനമായ ബാകുവിൽ അടുത്തിയിടെ സമാപിച്ച 29-മത് കാലാവസ്ഥാ ഉച്ചകോടി ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ സുതാര്യമായ കാർബണ്‍ വിപണി സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങൾ അംഗീകരിച്ചിട്ടുണ്ട്. 2025 അവസാനത്തോടെ ഇന്ത്യയിലും കാർബണ്‍ വിപണി സജീവമാകും.
കടക്കെണി
കൃഷിയിൽ നിന്നുള്ള വരുമാനം വർഷങ്ങളായി നിശ്ചലമാണ്. കാലാവസ്ഥാ വ്യതിയാനം ഉത്പാദനം അനിശ്ചിതത്വത്തിലാക്കുന്നു. കൃഷിച്ചെലവ് നിയന്ത്രണാതീതമായി ഉയരുന്നു. കർഷകരിൽ ഭൂരിപക്ഷവും കടക്കെണിയിലാണ്.
കേരളത്തിൽ 61 ശതമാനം ഗ്രാമീണ കുടുംബങ്ങളും കടക്കെണിയിലാണെന്ന് നബാർഡ് സർവേ വ്യക്തമാക്കുന്നു. ഗ്രാമീണ കുടുംബങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടമുളളത് കേരളത്തിലാണ്. ഇവിടെ കടബാധ്യതയുള്ള ഒരു ഗ്രാമീണ കുടുംബത്തിന്റെ ശരാശരി കടം 198951 രൂപയാണ്.
ഡിജിറ്റൽ സാങ്കേതിക വിദ്യയും പുതിയ സ്മാർട് കൃഷിരീതികളും വരുമാനം വർധിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ കർഷകന് വാഗ്ദാനം ചെയ്യുന്നു.എന്നാൽ ഒറ്റയ്ക്ക് ഈ അവസരങ്ങൾ മുതലാക്കാവുന്ന അവസ്ഥയിലല്ല സാധാരണ കർഷകർ.
അതിന് ഉത്പാദക സംഘടനകൾ, കർഷക കൂട്ടായ്മകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ സഹായം വേണ്ടി വരും.
ഫോണ്‍: 9387100119