കരിമുണ്ടയിൽ കൃഷിയിടം സമൃദ്ധിയുടെ പര്യായം
Thursday, January 9, 2025 5:57 PM IST
കുടുംബാംഗങ്ങളുടെ കൂട്ടായ യത്നത്തിലൂടെ വിഭവസമൃദ്ധിയുടെ പര്യായമായി മാറുകയാണ് കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി കരിമുണ്ടയിൽ കൃഷിയിടം. എഴുപത്തിനാലുകാരനായ കെ.കെ. വാസുവും ഭാര്യ രാധാമണിയും മകൻ കെ.വി. മനോജും അദ്ദേഹത്തിന്റെ ഭാര്യ ദീപ്തിയും വിദ്യാർഥികളായ മക്കൾ അഖിലും അമലും കൂട്ടുകാരനായ ജോബി പുലികുത്തിയിലും ചേരുന്പോൾ കരിമുണ്ടയിൽ സമ്മിശ്ര കൃഷിത്തോട്ടത്തിലെ പോരാളികളുടെ നിരയായി.
സ്വന്തമായി ഒന്നരയേക്കർ ഭൂമിയാണ് ഇവർക്കുള്ളത്. രണ്ടേക്കർ പാട്ടത്തിനും. അങ്ങനെ മൊത്തം മൂന്നരയേക്കറിലാണു കൃഷി. വിവിധയിനം വാഴകൾ, മരച്ചീനി, തെങ്ങ്, കമുക്, ജാതി, പ്ലാവ് ഇതര ഫല വൃക്ഷവിളകൾ... അങ്ങനെയെല്ലാം സമൃദ്ധമായി വളയുന്ന മണ്ണ്. പയർ, പാവൽ, നിത്യവഴുതന, പച്ചമുളക്, ചീര, കോവൽ തുടങ്ങി പച്ചക്കറികളില്ലാത്ത സമയമില്ല.
ഇഞ്ചി മഞ്ഞൾ, ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവിളകളുമുണ്ട്. ശാസ്ത്രീയ കൃഷിരീതികൾക്കൊപ്പം പരന്പരാഗത കൃഷിയറിവുകളും സമന്വയിപ്പിച്ചാണ് കൃഷി. സ്വന്തം ആവശ്യത്തിനു ശേഷം വരുന്ന കാർഷികോത്പന്നങ്ങൾ കർഷകരുടെ സ്വന്തം വിപണികളായ കുരുവിക്കൂടുള്ള എലിക്കുളം നാട്ടുചന്തയിലും കൂരാലിയിലുള്ള കർഷകരുടെ വിപണിയായ ഫെയ്സിലും പൊതുമാർക്കറ്റുകളിലുമാണ് വിൽക്കുന്നത്.
ചീരയെയാണ് താരവിള. നല്ല വെയിലും ആവശ്യത്തിനു നനയുമുണ്ടെങ്കിൽ കുറച്ചു സ്ഥലത്തുനിന്നു കൂടുതൽ വിളവെടുക്കാവുന്ന പച്ചക്കറി വിളയാണിത്. സാധാരണ നിലയിൽ ചീരയുടെ വിളവെടുപ്പിന് 28 ദിവസം മതി.
പറന്പു കിളച്ചൊരുക്കി അടിവളമായി കോഴിവളവും വിതറി ചീരവിത്തിട്ടാൽ പിന്നെ വളത്തിന്റെ കാര്യം ചിന്തിക്കണ്ട. നന ഉറപ്പാക്കണമെന്നു മാത്രം. ചീരക്ക് 30-40 രൂപ വരെയാണ് വിപണി വില. എന്നാൽ കരിമുണ്ടയിൽ കൃഷിയിടത്തിൽ വിളയുന്ന വിഷരഹിത ചീരക്ക് കിലോ 60 രൂപ വില കിട്ടും.
തണ്ണിമത്തൻ പരീക്ഷണത്തിലും മികച്ച വിജയം നേടാൻ ഇവർക്കായി. എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീണിന്റെ നിർദേശങ്ങൾ സ്വീകരിച്ചാണ് തണ്ണിമത്തൻ പരീക്ഷിക്കാനിറങ്ങിയത്. വിത്തുകൾ കൃഷിഭവനിൽ നിന്നു നൽകി. പ്രാദേശിക വിപണിയിൽ നിന്നും തമിഴ്നാട് കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നുമായി വിവിധയിനങ്ങൾ ഒരുമിച്ചു നട്ടായിരുന്നു പരീക്ഷണങ്ങൾ.
നാലുമുതൽ പത്തു കിലോവരെ തൂക്കമുള്ള തണ്ണിമത്തനാണ് വിളഞ്ഞു കിട്ടിയത്. എലിക്കുളത്തിന്റെ നാട്ടുചന്തയിൽ കിലോയ്ക്ക് 50 രൂപ വരെ അതിന് വിലയും കിട്ടി. വരും വർഷങ്ങളിൽ തണ്ണിമത്തൻ കൃഷി-പരീക്ഷണങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണിവർ.
കൃഷിപ്പണികൾ പരമാവധി ലഘൂകരിക്കുകയും നല്ല വിത്ത് ശേഖരിച്ച് യഥാസമയം കൃഷിയിറക്കുകയും ചെയ്താൽ മികച്ച വിളവ് ഉറപ്പെന്നാണ് ഇവരുടെ അനുഭവം. വളത്തിന്റെ ചെലവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കണമെന്നും മണ്ണിനിണങ്ങിയതും ശാസ്ത്രീയവുമാകണം കൃഷിയെന്നും ഇവർ പറയുന്നു.
ഒട്ടുമിക്ക സൂഷ്മമൂലകങ്ങളും ഏറെയുള്ള കോഴിവളം അടിസ്ഥാന വളമായി ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിനു കൂട്ടായി ആവശ്യത്തിന് പൊട്ടാഷും ആവശ്യമെങ്കിൽ മാത്രം സൂഷ്മവളങ്ങളും നൽകുന്നതാണ് ഇവരുടെ രീതി.
വിത്തിടുന്നതിനു മുന്പുള്ള മണ്ണൊരുക്കം പ്രധാനമാണ്. കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് മണ്ണിളക്കി പുളിപ്പ് മാറ്റുകയാണ് ആദ്യം. മണ്ണിലുള്ള വളം ചെടിക്ക് കൃത്യമായി വലിച്ചെടുക്കുന്നതിനും മികച്ച രോഗപ്രതിരോധ ശേഷി കൈവരുന്നതിനും ഇതുവഴി കഴിയും. കൃഷിഭവൻ നിർദേശാനുസരണം ട്രൈക്കോഡെർമ, സ്യൂഡോമോണസ്, സിവേറിയ, അയർ തുടങ്ങിയ ജൈവ കാർഷിക നിയന്ത്രണോപാധികൾ പ്രയോഗിക്കുകയാണ് അടുത്ത നടപടി.
കൃഷിയിടത്തിൽ നിർമിച്ചിട്ടുള്ള രണ്ട് മീൻകുളങ്ങളിൽ വിയറ്റ്നാം വരാലുകളെയും വളർത്തുന്നുണ്ട്. മീൻ കുഞ്ഞൊന്നിന് ആറുരൂപാ വില വരും. കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുന്പ് കുളമൊരുക്കൽ പ്രധാനമാണ്. കളമത്സ്യങ്ങളെ നീക്കി മണ്ണിന്റെ പുളിപ്പ് മാറ്റും.
എന്നിട്ടാണ് മീൻ കുഞ്ഞുങ്ങളെ കുളത്തിൽ ഇടുന്നത്. ശ്രദ്ധയോടെ പരിചരിച്ചാൽ ഒരു കിലോ തൂക്കം വയ്ക്കാൻ വിയറ്റ്നാം വരാലുകൾക്ക് എട്ടു മാസം മതി. കിലോയ്ക്ക് നാനൂറ് രൂപ വരെ വില കിട്ടും. ഇരുനൂറ് കുട്ടനാടൻ താറാവുകളേയും ഇവർ വളർത്തുന്നുണ്ട്. പരന്പരാഗത തീറ്റകൾക്കു പുറമെ കോഴി/താറാവ് തീറ്റകളും നൽകും.
ഇറച്ചിക്കോഴി കടകളിൽ നിന്നു ലഭിക്കുന്ന അറവ് മാലിന്യങ്ങൾ നുറുക്കി മഞ്ഞൾപ്പൊടി ചേർത്ത് നൽകിയാൽ മുട്ടയുത്പാദനം വർധിക്കുമെന്നിവർ പറയുന്നു. താറാവ് മുട്ടയൊന്നിന് പന്ത്രണ്ട് രൂപ വരെ വിലയുണ്ട്. പ്രതിദിനം നൂറ് മുട്ടയിലധികം ലഭിക്കുന്നുണ്ട്.
ലാർജ് വൈറ്റ്, ഡ്യുറോക്ക്, ഡ്യുറോക്ക് ക്രോസ് എന്നീ ഇനം പന്നികളും ഫാമിലുണ്ട്. പുല്ല്, പിണ്ണാക്ക്, ചോറ്, എന്നിവയ്ക്കു പുറമേ ഇറച്ചിക്കോഴികളുടെ അറവ് ബാക്കിയുമാണ് തീറ്റയായി നൽകുന്നത്. മഞ്ഞൾപ്പൊടിയിട്ട് നന്നായി പുഴുങ്ങിയാണ് തീറ്റ തയാറാക്കുന്നത്. നല്ലൊരു മദർ യൂണിറ്റാണ് കരിമുണ്ടയിലുള്ളത്. സാധാരണ എട്ടുമാസമാകുന്പോൾ പന്നിക്കുഞ്ഞുങ്ങൾക്ക് പ്രായപൂർത്തിയാകും.
രക്തബന്ധമുള്ളവയെ തമ്മിൽ ഇണചേർക്കാറില്ല. അങ്ങനെ ചെയ്യുന്നത് കുഞ്ഞുങ്ങളുടെ രോഗപ്രതിരോധ ശേഷിയെയും വളർച്ചാ നിരക്കിനെയും പ്രതികൂലമായി ബാധിക്കും. ഒരു പ്രസവത്തിൽ നാലുമുതൽ പന്ത്രണ്ട് കുഞ്ഞുങ്ങളെ വരെ ലഭിക്കും. രണ്ടു മാസം പ്രായമെത്തിയാൽ കുഞ്ഞൊന്നിന് ആറായിരം രൂപ വില കിട്ടും. പത്തുമാസം കൊണ്ട് പന്നി നൂറുകിലോ തൂക്കം വയ്ക്കും. കിലോയ്ക്ക് നാനൂറു രൂപ നിരക്കിലാണ് വില്പന.
മലബാറി, ജമ്നാപ്യാരി-ബീറ്റൽ ക്രോസ് ആടുകളുടെ നല്ലൊരു മദർ യൂണിറ്റും കരിമുണ്ടയിലുണ്ട്. പറന്പിലെ പുല്ലും കളകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ആട്ടിൻകുഞ്ഞുങ്ങൾക്കും പാലിനും നല്ല വിപണന സാധ്യതയുമുണ്ട്.
ആട്ടിറച്ചി കിലോ 700 രൂപയ്ക്കു മുകളിലാണ് വില. നല്ലയിനം പശുക്കുട്ടികളെ വാങ്ങി വളർത്തി പ്രസവിക്കുന്ന മുറയ്ക്ക് ആവശ്യക്കാർക്ക് നൽകുന്ന രീതിയും ഇവിടെയുണ്ട്. ഇതും മികച്ചൊരു ആദായമാർഗമാണ്.
ഫോണ്: 9605433441