ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ അനിറ്റ് ടീച്ചർ ഹാപ്പി
Saturday, January 11, 2025 5:15 PM IST
സ്കൂളും കുട്ടികളും കഴിഞ്ഞാൽ പിന്നെ അനിറ്റ് ടീച്ചർക്ക് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയോളം സന്തോഷം പകരുന്ന മറ്റൊന്നുമില്ല. ഇടുക്കി ജില്ലയിൽ തൊടുപുഴ കുമാരമംഗലം വടക്കേപറന്പിൽ അനിറ്റ് തോമസാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിലൂടെ സന്തോഷവും ഒപ്പം മികച്ച വരുമാനവും നേടുന്നത്.
സ്വന്തം വീടിന്റെ ചുറ്റുവട്ടത്തായി നാനൂറിലധികം കോണ്‍ക്രീറ്റ് പോസ്റ്റുകളിൽ 1600 ഡ്രാഗണ്‍ ചെടികളാണ് തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂളിലെ അധ്യാപികയായ അനിറ്റ് നട്ടു പരിപാലിക്കുന്നത്. അധ്യാപനത്തോടൊപ്പം വിദേശ പഴങ്ങളുടെ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിട്ട് ആറു വർഷത്തിലേറെയായി.
പ്രധാനമായും മലേഷ്യൻ റെഡ് ഇനമാണ് തോട്ടത്തിലുള്ളത്. മഞ്ഞ ഇനത്തിൽപ്പെട്ട പലോറയും ഇസ്രായേൽ യെല്ലോയും തോട്ടത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. വ്യത്യസ്ഥ നിറവും ഗുണവും രുചിയുമുള്ള പത്തിലേറെ ഡ്രാഗണ്‍ ഫ്രൂട്ട് ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ടീച്ചർ നട്ടു വളർത്തുന്നുണ്ട്.
കൃഷി രീതി
ഉണക്കച്ചാണകവും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും നന്നായി മിക്സ് ചെയ്തു അടിവളമായി നൽകിയാണ് ഡ്രാഗണ്‍ ചെടികൾ നടുന്നത്. അല്ലെങ്കിൽ ഉണക്കച്ചാണകത്തിനൊപ്പം സൂപ്പർ മീൽ ചേർക്കും. ഒരു കോണ്‍ക്രീറ്റ് പോസ്റ്റിനു ചുറ്റും നാല് തൈകളാണ് സാധാരണ നടുന്നത്.
ഡ്രമ്മിലാണ് കൃഷിയെങ്കിൽ രണ്ടു ചെടി മതി. പോസ്റ്റുകൾ തമ്മിൽ 9 ഃ 9 അടി അകലമുണ്ട്. ചെടികൾ നട്ടു രണ്ടു മാസം കഴിയുന്നതോടെ മഴക്കാലത്ത് കോഴി വളം ചേർക്കും. വേനൽക്കാലത്ത് 10 ദിവസം കൂടുന്പോൾ ജൈവ സ്ലറി ചുവട്ടിൽ ഒഴിച്ചു കൊടുക്കും.
ഉണക്കച്ചാണകപ്പൊടി ഇട്ടു കൊടുക്കുന്നതും നല്ലതാണ്. പച്ചചാണകവും കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ശീമക്കൊന്ന ഇലയും ഡ്രമ്മിലിട്ട് ഏഴു ദിവസം പുളിപ്പിച്ചെടുക്കുന്നതാണു ജൈവ സ്ലറി. അത് നന്നായി നേർപ്പിച്ചാണ് ഡ്രാഗണ്‍ ഫ്രൂട്ടിന് നൽകുന്നത്.
കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഡ്രാഗണ്‍ ചെടികളിൽ ചിലപ്പോഴെങ്കിലും ഫംഗസ് രോഗം ബാധിക്കാറുണ്ടെന്ന് അനിറ്റ് പറഞ്ഞു. തണ്ടുകളിൽ കുത്തുകൾ വീഴുക, അഴുകൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം വരുന്നതിനു മുന്‍പു തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതാണ് നല്ലത്.
ചെടികൾ നടുന്നതിനൊപ്പം കുമിൾ നാശിനിയായ സാഫ് പൊടി രണ്ടര ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്പ്രേ ചെയ്യുന്നതു ഫലപ്രദമാണ്. അല്ലെങ്കിൽ ബോർഡോ മിശ്രിതം തളിച്ചാലും മതി. തോട്ടത്തിൽ കള കയറാതിരിക്കാൻ മൾച്ചിംഗ് ഷീറ്റുകൾ വിരിച്ചിട്ടുണ്ട്.
വിളവെടുപ്പ്
ഡ്രാഗണ്‍ ചെടികൾ നട്ട് ആദ്യവർഷം തന്നെ വിളവെടുപ്പ് തുടങ്ങി. രണ്ടാം വർഷം മുതൽ മികച്ച വിളവും കിട്ടി. കിലോയ്ക്ക് 160-180 രൂപ നിരക്കിലാണ് പഴങ്ങൾ വിൽക്കുന്നത്. കഴിഞ്ഞ സീസണിൽ മൂന്ന് ടണ്‍ പഴങ്ങൾ വിപണിയിൽ എത്തിച്ചു.
തൈകളുടെ വില്പനയിലൂടെയും മികച്ച വരുമാനം നേടുന്നുണ്ട്. തൈകൾ മുളപ്പിച്ചും അല്ലാതെയുമാണ് വില്പന. മഞ്ഞ ഇനങ്ങളായ പലോറയുടെയും ഇസ്രായേൽ യെല്ലോയുടെയും തൈകളും വിൽക്കുന്നുണ്ട്. ഹാൻഡ് പോളിനേഷൻ ചെയ്താതാൽ വിളവ് കൂടുതൽ ലഭിക്കുമെന്നാണ് അനിറ്റിന്റെ അഭിപ്രായം.
ഗാഗ് ഫ്രൂട്ട്
സ്വർഗത്തിലെ കനി എന്നറിയപ്പെ ടുന്ന ഗാഗ് ഫ്രൂട്ടും അനിറ്റിന്റെ കൃഷിയിടത്തിൽ നന്നായി വിളയുന്നു. പ്രത്യേക പരിചരണമോ വളപ്രയോഗമോ ആവശ്യമില്ലാത്ത ഗാഗ് ചെടികൾക്ക് പക്ഷേ, പന്തൽ അത്യാവശ്യമാണ്.
ഹാൻഡ് പോളിനേഷൻ നടത്തേണ്ടതിനാൽ ആണ് ചെടികളും പെണ് ചെടികളുമുണ്ടാവണം. വിത്ത് മുളയ്ക്കാൻ രണ്ടു മാസം വരെ വേണ്ടി വരും. കിളിർത്തു കഴിഞ്ഞാൽ വളരെ വേഗം വളരും. ആറാം മസം പൂവിട്ടു തുടങ്ങും.
ഒരേസമയം പച്ചക്കറിയായും പഴ മായും ഉപയോഗപ്പെടുത്താവുന്ന ഗാഗ് ഫ്രൂട്ടിന്റെ പൾപ്പാണ് പ്രധാനമായും വിപണിയിൽ എത്തിക്കുന്നത്. ഇതു കൂടുതലായും ബേക്കറികളാണു വാങ്ങുന്നത്. ജ്യൂസ് നിർമിക്കാനാണ് ഗാഗ് ഫ്രൂട്ട് പൾപ്പ് ഉപയോഗിക്കുന്നത്. വിത്ത് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യും.
മധുര പാവക്ക എന്ന അപരനാ മമുള്ള ഗാഗ് ഫ്രൂട്ട് കറികൾ വയ് ക്കാനും ഉപയോഗിക്കാം. തോരൻ വയ് ക്കാനും മറ്റു കറികളുടെ രുചി കൂട്ടാനുമാണ് ഉപയോഗിക്കുന്നത്. വർഷ ത്തിൽ പലവട്ടം പൂക്കുകയും കായ്ക്കു കയും ചെയ്യുമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഗാഗ് ഫ്രൂട്ട് കൃഷി വിപു ലമാക്കാൻ അനിറ്റിനു പദ്ധതിയുണ്ട്.
കൃഷിയിടത്തിൽ വളർന്നു നിൽ ക്കുന്ന 22 അബിയു മരങ്ങളിലും നിറയെ കായ്കളുണ്ട്. ഈർപ്പമുള്ള മണ്ണിൽ തഴച്ചു വളരുന്ന അബിയു മരങ്ങൾക്ക് നന അത്യാവശ്യമാണ്. വളമായി ഇടയ്ക്കിടയ്ക്ക് കോഴിവളം നൽകും. വിപണിയിൽ ഏറെ പ്രിയമുള്ള ഈ പഴത്തിന് കിലോ 200 രൂപ വരെ വിലയുണ്ട്.
റെഡ് ലേഡി പപ്പാ യയും പരീക്ഷണാടിസ്ഥാനത്തിൽ നട്ടിട്ടുള്ള ഡുക്കുവുമൊക്കെ അനിറ്റിന്റെ പരിചരണത്തിൽ വിളവ് നൽകാൻ തയാറായി വളർന്നു വരുന്നു. അടുത്ത നാളിൽ കുറച്ചു റംബുട്ടാൻ തൈകളും നട്ടിട്ടുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, അബിയു എന്നിവയുടെ ഗുണമേന്മയുള്ള തൈകളും ഗാഗ് ഫ്രൂട്ടിന്റെ വിത്തും ഓണ്‍ലൈനായി വിപണനം ചെയ്യുന്നുണ്ട്.
അറിയപ്പെടുന്ന യൂടൂബർ കൂടിയായ അനിറ്റ് ടീച്ചർ, കാർഷിക മേഖലയു മായി ബന്ധപ്പെടുത്തി നിർമിച്ചിട്ടുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. സ്കൂൾ വിട്ടുവന്നാൽ തോട്ടത്തിലേക്കിറങ്ങുന്ന അനിറ്റ് ടീച്ചറിന് കൂട്ടായി ഗ്രാഫിക് ഡിസൈനറായ ഭർത്താവ് ഡെന്നിയും മക്കളായ അലനും മിലനും ഒപ്പമുണ്ട്.
ഫോണ്‍: 9895150634