വിലയുണ്ട്, വിപണിയുണ്ട്; നാടു വാഴാൻ വിദേശപ്പഴങ്ങൾ
Monday, January 13, 2025 12:33 PM IST
കുറഞ്ഞത് 25 വർഷമെങ്കിലും ലാഭം കിട്ടുന്ന കൃഷിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കർഷകർക്ക് എല്ലാംകൊണ്ടും അനുയോജ്യമായ രംഗം വിദേശപഴവർഗങ്ങളുടെ കൃഷിയാണെന്നു പറയാം.
അനുകൂല കാലവസ്ഥയും ഫലഭൂയിഷ്ടമായ മണ്ണും പ്രാദേശികതലം മുതൽ ആഗോളതലം വരെയുള്ള വന്പൻ വിപണികളും വർധിച്ച ഡിമാൻഡും ഇതിന് അനുകൂലമായ ഘടകങ്ങളാണ്. പരന്പാരാഗത വിളകളുടെ ക്രമാതീതമായ വിലയിടിവും വർധിച്ച പരിപാലനച്ചെലവും മൂലം പടിച്ചു നൽക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിയതോടെയാണു കർഷകർ മാറി ചിന്തിച്ചു തുടങ്ങിയത്.
കേരളത്തിൽ ഉഷ്ണമേഖല പഴവർഗങ്ങളുടെ കൃഷിയിൽ കർഷകർ ആകൃഷ്ടരായിത്തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. എങ്കിലും, വിപണിക്ക് പ്രിയപ്പെട്ട വിദേശയിനം പഴവർഗ കൃഷിയിൽ മുതൽ മുടക്കി മികച്ച ആദായം നേടുന്നവർ നിരവധിയാണ്.
നട്ടു രണ്ടാം വർഷം മുതൽ ആദായം ലഭിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ടും മൂന്നാം വർഷം മുതൽ പൂവിടുന്ന റംബുട്ടാനും 5-8 വർഷം വരെ കാത്തിരിക്കേണ്ട മാങ്കോസ്റ്റിനുമൊക്കെ ഇക്കൂട്ടത്തിൽപ്പെടും.
ഡ്രാഗണ്‍ ഫ്രൂട്ട്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണി മൂല്യം നേടിയിരിക്കുന്ന പഴവർഗവിള ഡ്രാഗണ്‍ ഫ്രൂട്ടാണ്. ഇതിന്റെ ഉത്പാദനവും വിപണനവും ഏറ്റവും ഉയർന്ന നിലയിലാണു താനും. ഈ വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 20,000 ടണ്‍ കടക്കുമെന്നാണു നിഗമനം.
ഉത്പാദനത്തിന്റെ 80% കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നാണെങ്കിലും കേരളമുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കും ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി കാര്യമായി വ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കൃഷിയിടത്തിൽ കിലോയ്ക്ക് 80-100 രൂപ വില കിട്ടിയപ്പോൾ കേരളത്തിൽ 100-140 രൂപ നിരക്കിലാണു കർഷകർ ഡ്രാഗണ്‍ ഫ്രൂട്ട് വിറ്റത്.
ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം ഉണ്ടാകാതിരുന്നതാണു വിലക്കൂടുതലിനു കാരണം. ലോകത്തിൽ ഏറ്റവും കൂടുതൽ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാമാണ്. പത്തു ലക്ഷം ടണ്ണിനു മുകളിലാണ് അവരുടെ വാർഷിക ഉത്പാദനം. അതിൽ 85% കയറ്റുമതി ചെയ്യുകയാണ്.
ഇതുവഴി 5500 കോടി രൂപയുടെ വിദേശനാണ്യമാണ് വിയറ്റ്നാം നേടിയത്. കിലോയ്ക്ക് 50-60 രൂപ നിരക്കിലാണ് കയറ്റുമതി. ഇന്ത്യ കഴിഞ്ഞ സാന്പത്തിക വർഷം 47,000 ടണ്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഇറക്കുമതി ചെയ്തു. ഇതിലേറെയും വിയറ്റ്നാമിൽ നിന്നായിരുന്നു.
നട്ടു മൂന്നു നാലു വർഷത്തിനുള്ളിൽ പൂർണ വിളവ് നൽകുമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പ്രത്യേകത. ഇപ്പോൾതന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വ്യാപകമായി കൃഷിയുള്ളതിനാൽ അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യ വലിയ ഉത്പാദക രാജ്യമായി മാറാനുള്ള സാധ്യതയേറെയാണ്.
അതുവഴി വലിയ വിപണിയും തുറക്കപ്പെടും. പഴത്തിന്റെ വിലയും കുറഞ്ഞ് വിയറ്റ്നാമിന്റെ നിലവാരത്തിലെത്തുകയും ചെയ്യും.
അവ്ക്കാഡോ
ഇന്ത്യയിൽ എല്ലായിടത്തും നല്ല ഡിമാൻഡുള്ള പഴവർഗവിളയാണ് അവ്ക്കാഡോ. എന്നാൽ, ആവശ്യത്തിനു കിട്ടാനില്ല എന്നതാണു പ്രശ്നം. ഇന്ത്യയിലെ ഈ വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 8000 ടണ്‍ മാത്രമാണ്.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് അവ്ക്കാഡോ കൃഷി കാര്യമായിട്ടുള്ളത്. കേരളത്തിൽ വയനാട്ടിലാണ് ഏറ്റവും കൂടുതൽ. സീസണ് മാറി മാറി വരുന്നതിനാൽ ഇന്ത്യയിൽ 10 മാസവും അവ്ക്കാഡോ പഴങ്ങൾ കിട്ടുമെന്ന പ്രത്യേകതയുമുണ്ട്.
ഫെബ്രുവരി-സെപ്റ്റംബർ വരെയാണ് കേരളത്തിൽ സീസണ്. കർണാടകത്തിൽ ഏപ്രിൽ-സെപ്റ്റംബർ വരെയും തമിഴ്നാട്ടിൽ ഓഗസ്റ്റ്-ഡിസംബർ വരെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നവംബർ-ഡിസംബർ വരെയുമാണ് സീസണ്. കേരളത്തിൽ കൃഷിയിടത്തിൽ ശരാശരി 100-150 രൂപ വില ലഭിച്ചപ്പോൾ തമിഴ്നാട്ടിൽ 150- 200 രൂപ വരെ കിട്ടി.
ആവശ്യക്കാരേറിയതോടെ ഇന്ത്യയ്ക്ക് ഈ വർഷം 10,000 ടണ്ണിനു മുകളിൽ അവ്ക്കാഡോ ഇറക്കുമതി ചെയ്യേണ്ടി വന്നു. അതിലേറെയും ടാൻസാനിയായിൽ നിന്നായിരുന്നു. ബാക്കി അധികവും ന്യൂസിലൻഡ്, പെറു എന്നിവിടങ്ങളിൽ നിന്നും. ഹാസ് ഇനം അവ്ക്കാഡോയാണ് ഇറക്കുമതി ചെയ്തത്.
ദൂരവും വിലയും കുറവുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിച്ചതോടെ വരും വർഷങ്ങളിൽ അവ്ക്കാഡോ വിപണിയിൽ വലിയ ചലനങ്ങളുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. മെക്സിക്കോയാണ് അവ്ക്കാഡോ ഉത്പാദത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യം.
25 ലക്ഷം ടണ്ണാണ് മെക്സിക്കോയുടെ വാർഷിക ഉത്പാദനം. വരും വർഷങ്ങളിൽ ഇന്ത്യയിലും മികച്ച ഉത്പാദനം നടക്കുമെന്നാണ് പ്രതീക്ഷ. ഹാസ് ഇനങ്ങളായിരിക്കും അധികം. 2030 ഓടുകൂടി ഒരു ലക്ഷം ടണ്ണിന്റെ ആഭ്യന്തര വിപണിയാണ് ഇന്ത്യ വിഭാവന ചെയ്യുന്നത്.
അവ്ക്കാഡോ ഉത്പാദനത്തിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ മറികടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ചു കർണാടക.
റംബുട്ടാൻ
കേരളത്തിൽ എല്ലായിടത്തും തന്നെ ഉത്പാദനം ആരംഭിച്ചിട്ടുള്ള പഴവർഗ വിളയാണ് റംബുട്ടാൻ. കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തര ഉത്പാദനം 10,000 ടണ്ണായിരുന്നു. എന്നാൽ ഇത്തവണ അത് 7,000 ടണ്ണിലേക്ക് ചുരുങ്ങി. പ്രതികൂല കാലാവസ്ഥയായിരുന്നു കാരണം.
ഇതുമൂലം വിപണിയിൽ വൻ ഡിമാൻഡാണ് റംബുട്ടാന് ഉണ്ടായത്. കേരളവും തമിഴ്നാടുമാണ് ഇന്ത്യയിലെ ഇപ്പോഴത്തെ പ്രധാന വിപണികൾ. കേരളത്തിൽ 150-200 രൂപയും കർണാടകത്തിൽ 200-250 രൂപയുമായിരുന്നു വില.
തായ്ലൻഡാണ് ഏറ്റവും വലിയ റംബുട്ടാൻ ഉത്പാദക രാജ്യം. മൂന്നു ലക്ഷം ടണ്ണാണ് ഇവിടുത്തെ വാർഷിക ഉത്പാദനം. വർധിച്ചുവരുന്ന ഡിമാൻഡ് മുന്നിൽക്കണ്ടു കർഷകർ ദൂരിയൻ കൃഷിയിലേക്കു തിരിഞ്ഞതോടെ തായ്ലൻഡിലെ റംബൂട്ടാൻ ഉത്പാദനം കുറഞ്ഞു വരികയാണ്.
റംബുട്ടാന്റെ കുറഞ്ഞ സൂക്ഷിപ്പുകാലം കയറ്റുമതിയെ ബാധിക്കുന്നു എന്നതും ഉത്പാദനം കുറയാൻ കാരണമായി. റംബുട്ടാനെ അപേക്ഷിച്ചു സൂക്ഷിപ്പുകാലം കൂടുതലുള്ള ദൂരിയാൻ മികച്ച വരുമാനവും നേടിക്കൊടുക്കുന്നു.
എന്നാൽ, ഇന്ത്യൻ വിപണിയിൽ റംബുട്ടാനു വലിയ സാധ്യതകളാണുള്ളത്. ഇപ്പോഴുള്ളതിന്റെ പത്തിരട്ടി വരെ ഉത്പാദിപ്പിച്ചാലും ആവശ്യത്തിനു തികയാത്ത സാഹചര്യമാണു നിലവിലുള്ളത്. തായ്ലൻഡിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞതോടെ ഗൾഫ് നാടുകളിലേക്കുള്ള കയറ്റുമതിക്കും സാധ്യത കാണുന്നുണ്ട്.
കേരളത്തിൽ എല്ലായിടത്തും തന്നെ റംബുട്ടാൻ കൃഷി ചെയ്യുന്നുണ്ടെങ്കിലും മധ്യകേരളത്തിൽ ലഭിക്കുന്നത്ര വിളവ് മറ്റൊരിടത്തു നിന്നും ലഭിക്കില്ല. വടക്കൻ കേരളത്തിലും കർണാടകത്തിലും ഉത്പാദനം താരതമ്യേന കുറവുമാണ്.
തമിഴ്നാട്ടിൽ ചുരുക്കം ചില പ്രദേശങ്ങളിലും കർണാടകത്തിന്റെ തീരമേഖലകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും മാത്രമാണ് കേരളത്തെക്കൂടാതെ റംബുട്ടാൻ കൃഷിക്ക് കാര്യമായ സാധ്യതയുള്ളത്. താതമ്യേന സൂക്ഷിപ്പുകാലം കുറവായതിനാൽ സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ചുള്ള വിപണികളാവും തുടർന്നും സജീവമായി നിൽക്കുന്നത്.
പാഷൻ ഫ്രൂട്ട്
ഡിമാൻഡിന് അനുസരിച്ച് ഉത്പാദനമില്ലാത്ത പഴവിളയാണ് പാഷൻ ഫ്രൂട്ട്. ഈ വർഷത്തെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6000 ടണ്ണിനു താഴെ മാത്രം. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കാര്യമായ കൃഷിയുള്ളത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉത്പാദനം വളരെ താഴ്ന്ന നിലയിലാണു താനും. ഇതോടൊപ്പം പരന്പരാഗത കൃഷി മേഖലകളിലെല്ലാം ഉത്പാദനം കുറഞ്ഞു വരികയുമാണ്. ആദ്യവിളവെടുപ്പ് കഴിഞ്ഞാൽ പിന്നീട് ഉത്പാദനം കുറയുന്ന പ്രവണതയാണു പൊതുവേ ഇതിനുള്ളത്.
റീപ്ലാന്റിംഗ് അല്ലെങ്കിൽ പുതിയ സ്ഥലത്ത് കൃഷി എന്നിവ മാത്രമാണ് ഉത്പാദന മുരടിപ്പിനെ മറികടക്കാനുള്ള മാർഗങ്ങൾ. ഇപ്പോഴത്തെ കണക്കനുസരിച്ച് ലഭ്യമായ പാഷൻ ഫ്രൂട്ടിന്റെ 60% സംസ്കരണത്തിനും 20% പ്രാദേശിക മാർക്കറ്റുകളിലും ബാക്കി 20% വീട്ടാവശ്യങ്ങൾക്കുമാണ് വിനിയോഗിക്കുന്നത്. ഇന്ത്യയും ഗൾഫ് നാടുകളും കേന്ദ്രീകരിച്ചുള്ള വിപണികളാണ് പ്രധാനം.
ആഗോളവ്യാപകമായി പാഷൻ ഫ്രൂട്ടിന്റെ ഉത്പാദനം 10 ലക്ഷം ടണ്ണോളം വരും. അതിൽ 80-85 ശതമാനവും സൗത്ത് അമേരിക്കൻ രാജ്യങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ ആറ് ലക്ഷം ടണ്‍ ബ്രസീലിന്റെ വകയാണ്.
ജ്യൂസുകൾ നിർമിക്കാനാണ് പ്രധാനമായും പാഷൻ ഫ്രൂട്ട് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ വിളയുന്ന പാഷൻ ഫ്രൂട്ടുകളുടെ ജ്യൂസിന് വിദേശ നാടുകളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ വലിയ ഡിമാൻഡാണ്.
മാങ്കോസ്റ്റിൻ
ഡിമാൻഡ് അനുസരിച്ച് ഒരിക്കലും ഉത്പാദിപ്പിക്കാൻ കഴിയാത്ത പഴമാണ് മാങ്കോസ്റ്റിൻ. കഴിഞ്ഞ വർഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 2000 ടണ്‍ മാത്രമായിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം ഈ വർഷം അതിന്റെ പകുതി മാത്രമേ ഉത്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ.
കേരളത്തിലും കർണാടകത്തിലുമാണ് മാങ്കോസ്റ്റിൻ കൂടുതലായി വിളയുന്നത്. ഇതിൽ ദക്ഷിണ കന്നഡയാണ് മുന്നിൽ. ഈ വർഷം കേരളത്തിൽ മാങ്കോസ്റ്റിന്‍ 200-250 രൂപയും കർണാടകത്തിൽ 250-350 രൂപയുമായിരുന്നു വില.
ആഗോള തലത്തിൽ ഇന്തോനേഷ്യയ്ക്കാണ് ഒന്നാം സ്ഥാനം. ഉത്പാദനം മൂന്നു ലക്ഷം ടണ്‍. മാങ്കോസ്റ്റിന്റെ ഉത്പാദനം വർധിപ്പിക്കുക അത്ര എളുപ്പമല്ല. വിളവെടുപ്പിന് കൂടുതൽ സമയം വേണമെന്നതും കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് ആദായകരമായി കൃഷി ചെയ്യാൻ കഴിയുക എന്നതും പ്രശ്നമാണ്.
വിപണിയിൽ ചലനങ്ങൾ ഉണ്ടാക്കാൻ പാകത്തിൽ ഉത്പാദനം വർധിപ്പിക്കാൻ കഴിയാത്തതിനാൽ എക്കാലത്തും വില ഉയർന്നു നിൽക്കാനാണ് സാധ്യത.
ലോങ്ങനും ദൂരിയനും
ഇന്ത്യയിൽ വളരെക്കുറച്ചു മാത്രം ഉത്പാദനമുള്ള പഴങ്ങളാണ് ലോങ്ങ നും ദൂരിയനും. തായ്ലൻഡിനാണ് ഒന്നാം സ്ഥാനം. 10 ലക്ഷം ടണ്ണിന് മുകളിലാണ് ഓരോന്നിന്റെയും അവരുടെ വാർഷിക ഉത്പാദനം.
ലോങ്ങന്റെ പ്രധാന ഉപഭോക്താക്കളായ ചൈന വില കുറച്ചു വാങ്ങുന്നതിനാൽ തായ്ലൻഡിൽ അതിന്റെ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. അതേസമയം, ചൈനയിൽ ഉത്പാദനം വർധിക്കുകയും ചെയ്തു.
ഈ വർഷം ലോങ്ങൻ ഉത്പാദനത്തിൽ ചൈന ഒന്നാം സ്ഥാനത്ത് എത്തുമെന്നു കരുതപ്പെടുന്നു. ഇന്ത്യ വൻതോതിൽ ലോങ്ങൻ ഇറക്കുമതി ചെയ്യുന്നുണ്ട്.
ബിഹാർ, പശ്ചിമബംഗാൾ, ജാർഘണ്ഡ്, കർണാടക സംസ്ഥാനങ്ങളിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് ഇന്ത്യയിൽ ലോങ്ങൻ കൃഷിയുള്ളത്. തായ്ലൻഡിൽ 50 രൂപ വിലയുള്ള ലോങ്ങന്‍ ഇന്ത്യയിലെ കൃഷിയിടത്തിൽ 150 രൂപ കിട്ടും.
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പഴവർഗ വിപണിയാണ് ദൂരിയന്േറത്. ചൈന മാത്രം ഈ വർഷം 15 ലക്ഷം ടണ്‍ ദൂരിയൻ ഇറക്കുമതി ചെയ്തു. ഇതിലേറെയും തായ്ലൻഡ്, വിയറ്റ്നാം രാജ്യങ്ങളിൽ നിന്നാണ്.
ദൂരിയൻ കയറ്റുമതിയിലൂടെ തായ്ലൻഡും വിയറ്റ്നാമും ഈ വർഷം ലക്ഷ്യം വയ്ക്കുന്നത് 30,000 കോടി രൂപയ്ക്കു തുല്യമായ വിദേശനാണ്യമാണ്. കേരളത്തിലെ കൃഷിയിടത്തിൽ അതിന് 300-500 രൂപ വില കിട്ടും.
കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മാത്രമാണ് ദൂരിയൻ കൃഷി ചെയ്യാൻ അനുയോജ്യമായ സാഹചര്യമുള്ളത്.
അതുകൊണ്ടു തന്നെ ഡിമാൻഡിന് അനുസൃതമായി ഇന്ത്യയിൽ ദൂരിയൻ ഉത്പാദനം വർധിപ്പിക്കാൻ കഴിയില്ലെന്നു വേണം കരുതാൻ.