പക്ഷിക്കൂട്ടിൽ ഹാപ്പിയാണ് അരുണും അലനും
Thursday, January 2, 2025 12:54 PM IST
ഇടതൂർന്നു വളരുന്ന കാപ്പിത്തോട്ടത്തിനിടയിലൊരു പക്ഷിക്കൂട്ടം. ജിപി ഇക്കോട്ടിക് ലാൻഡ് എന്നപേരിൽ രണ്ട് യുവ സംരംഭകർ വീടിനോട് ചേർന്ന് ആരംഭിച്ച പക്ഷിക്കൂടാരം സഞ്ചാരികളുടെ മനം നിറയ്ക്കുകയാണ്.
ബേർഡ്സ് ഏവിയറി (പക്ഷിക്കൂട്ടം) എന്ന ആശയത്തിൽനിന്നാണ് ഇത്തരത്തിൽ ഒരു സംരംഭത്തിലേക്ക് എത്തിയതെന്ന് വയനാട് കാട്ടിക്കുളം സ്വദേശികളായ അരുണ്‍ ജോർജും സഹോദരൻ അലൻ ജോർജും പറയുന്നു.
കുട്ടിക്കാലം മുതൽ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളോടും തോന്നിയ ഇഷ്ടം ഇന്ന് അവരുടെ വരുമാനമാർഗം കൂടിയാണ്. ഒരു വർഷം മുന്‍പാണ് ജിപി ഇക്കോട്ടിക് ലാൻഡ് പ്രവർത്തനം ആരംഭിച്ചത്.
വ്യത്യസ്ത ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും മത്സ്യങ്ങളും മെക്സിക്കൻ വിഭാഗത്തിൽപ്പെടുന്ന അപൂർവയിനം നീല ഇഗ്വാന തുടങ്ങിയവയെല്ലാം ഇക്കോട്ടിക് ലാൻഡിലെ താരങ്ങളാണ്. 22 ഇനം വ്യത്യസ്ത പക്ഷികളാണു പക്ഷിക്കൂടാരത്തിൽ സന്തോഷത്തോടെ കഴിയുന്നത്.
കോനൂർ വിഭാഗത്തിൽപ്പെടുന്ന സണ്‍ കോനൂർ, പൈനാപ്പിൾ കോനൂർ, ബ്ലൂ ചിക്ക് കോനൂർ, ഗ്രീൻ കോനൂർ, ക്രിംസണ്‍ കോനൂർ തുടങ്ങിയവയാണു കൂടുതൽ. ആഫ്രിക്കൻ ലൗ ബേർഡ്സിന്റെ വിവിധയിനങ്ങളുമുണ്ട്. കോക്ടെയിൽ ഇനത്തിൽപ്പെട്ട നിരവധി പക്ഷികളും ഇവിടെയുണ്ട്.
പക്ഷിക്കൂടാരം സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് പക്ഷികൾക്കൊപ്പം സമയം ചെലവഴിക്കാം. അവയ്ക്ക് തീറ്റ നൽകുന്നതിനും അവയെ പരിചരിക്കുന്നതിനും അവസരമുണ്ട്. കൈകൾ കഴുകി അണു വിമുക്തമാക്കിയ ശേഷമേ സഞ്ചാരികളെ പക്ഷിക്കൂടാരത്തിന് അകത്തേക്കു പ്രവേശിപ്പിക്കൂ.
കടന്നുവരുന്നവരുടെ ദേഹത്ത് പക്ഷികൾ പറന്നു വന്നിരിക്കും. ഒരുതരം സ്വാഗതമാശംസിക്കൽ. സന്ദർശകർ കൈയിൽ കരുതിയിട്ടുള്ള തിനയുൾപ്പെയുള്ള ഭക്ഷധാന്യങ്ങൾ അവയ്ക്കു നൽകാം. കുട്ടികളാണ് ശരിക്കും ആസ്വദിക്കുന്നത്.
പക്ഷികളെ തൊട്ടും തലോടിയും കുട്ടികൾ വേഗത്തിൽ അവയുമായി ചങ്ങാത്തത്തിലാകും. കൈയിൽ കരുതിയ തീറ്റ തീർന്നാലും പക്ഷികൾ ദേഹത്തുനിന്നു മാറില്ല. പക്ഷിക്കൂടാരത്തിന് ഉള്ളിൽതന്നെയാണു മത്സ്യങ്ങൾക്കുള്ള കുളവും ക്രമീകരിച്ചിരിക്കുന്നത്.
തീറ്റ പിടിച്ച കൈകൾ വെള്ളത്തിൽ വച്ചാൽ മത്സ്യങ്ങൾ കൈയിൽ കയറി തീറ്റ തിന്നും. കോയി ഫിഷ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് ഏറെയും. ഇതിൽ ഇന്ത്യൻ കോയി, ജാപ്പനീസ് കോയി ഇനങ്ങളാണ് കൂടുതൽ ആകർഷകം.
വനസമാനമായി വളരുന്ന കാപ്പിത്തോട്ടത്തിന് നടുവിലാണ് ജിപി ഇക്കോട്ടിക് ലാൻഡ് സ്ഥാപിച്ചിരിക്കുന്നത്. തോട്ടത്തിൽ വിളയുന്ന കാപ്പിക്കുരു വറുത്ത് പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി സഞ്ചാരികൾക്കു വാങ്ങാം.
വയനാടൻ റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളാണ് സന്ദർശകരുടെ മുന്നിൽവച്ച് വറുത്ത് പൊടിച്ച് നൽകുന്നത്. കുട്ടികൾക്കായി പുറത്ത് കളി സ്ഥലവും മുതിർന്നവർക്ക് വിശ്രമിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനും പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
സന്ദർശകർക്ക് കൂടുതൽ രുചികരമായ കാപ്പി വിഭവങ്ങൾ ഒരുക്കുന്നതിന് ഇറ്റാലിയൻ നിർമിത ഉപകരണങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഉടൻതന്നെ ഇവയും പ്രവർത്തനം ആരംഭിക്കും.
അമേരിക്കാനോ, ഡോപ്പിയോ, ലാട്ടേ, മോക്ക, കോട്ടാർഡോ, അഫക്കാട്ടോ തുടങ്ങിയ വിവിധ ഇനങ്ങളും ഇവിടെ ലഭിക്കും. കൂടാതെ കോക്ടെയ്ലും സഞ്ചാരികൾക്കായി ഒരുക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ളവർക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നള്ളവരും വിദേശികളും ഇവിടേക്കെത്തുന്നുണ്ട്.
ഫോണ്‍: 9778358696 (അരുണ്‍).