റംബുട്ടാൻ കൃഷിയിൽ ഒരു ഡോക്ടർ ടച്ച്
ജെയ്സ് വാട്ടപ്പിള്ളിൽ
Tuesday, December 31, 2024 3:05 PM IST
രോഗീപരിചരണം പോലെ കൃഷിയും ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് തെളിയിക്കുകയാണു തൊടുപുഴ സെന്റ് മേരീസ് ആശുപത്രി ഡയറക്ടറും സീനിയർ ഫിസിഷ്യനുമായ ഡോ. തോമസ് ഏബ്രഹാം.
നേരത്തെ കൃഷിയുടെ ബാലപാഠം പോലും അറിയില്ലായിരുന്ന ഇദ്ദേഹം ഇന്ന് റംബുട്ടാൻ കൃഷിയിൽ സംസ്ഥാനത്തെ മാതൃകാകർഷകരിൽ ഒരാളാണ്. സ്കൂൾ വിദ്യാഭ്യാസവും തുടർന്നു മെഡിക്കൽ പഠനവുമായി തിരക്കേറിയ ജീവിതത്തിനിടെ കൃഷിയോടു വലിയ ആഭിമുഖ്യമൊന്നും അദ്ദേഹത്തിനില്ലായിരുന്നു.
എംബിബിഎസും എംഡിയും പാസായ ശേഷം പിതാവ് ഡോ.ഏബ്രഹാം തേക്കുംകാട്ടിലിനു കീഴിലുള്ള സ്വന്തം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച് രോഗികളുമായി അലിഞ്ഞുചേർന്ന ജീവിതത്തിനിടെ കൃഷിയിലേക്കു തിരിഞ്ഞത് അപ്രതീക്ഷിതമായി. സഹോദരന്മാരായ കാർഡിയോളജിസ്റ്റ് ഡോ.മാത്യു ഏബ്രഹാമിനും പീഡിയാട്രീഷൻ ഡോ. ജേക്കബ് ഏബ്രഹാമിനും ഒപ്പമായിരുന്നു ആശുപത്രി സേവനം.
തൊടുപുഴ-മൂലമറ്റം റോഡിനു സമീപമുള്ള ആശുപത്രിക്കു എതിർവശത്തായി വീടിരിക്കുന്ന പുരയിടത്തിൽ റംബുട്ടാൻ, മാങ്കോസ്റ്റിൻ ഉൾപ്പെടെയുള്ള പഴവർഗങ്ങൾ പിതാവ് ഡോ. ഏബ്രഹാം നട്ടുപിടിപ്പിച്ചതു നോക്കി നിൽക്കുന്പോൾ ഭാവിയിൽ താൻ ഒരു കർഷകനായി മാറുമെന്ന് ഡോ. തോമസ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
റബറിൽ നിന്നു റംബുട്ടാനിലേക്ക്
തൊടുപുഴ തെക്കുംഭാഗം തടിപ്പാലത്ത് ഡോ. തോമസിന് കുടുംബവകയായി 12.5 ഏക്കർ സ്ഥലമാണുള്ളത്. പതിറ്റാണ്ടുകളായി ഇവിടെ റബർ കൃഷിയാണ് ചെയ്തു വന്നിരുന്നത്. ഇതിനിടെയാണ് തോട്ടം റീ പ്ലാന്റ് ചെയ്യുന്നത്. വിലത്തകർച്ചമൂലം നിരവധി കർഷകർ റബർ വെട്ടിനീക്കി മറ്റുകൃഷികൾ പരീക്ഷിക്കുന്ന വേളയിൽ റബർ കൃഷി ചെയ്യുന്നത് ബാധ്യതയായി തീരുമെന്നു പലരും ഉപദേശിച്ചു.
ഇതോടെയാണ് റംബുട്ടാനിൽ പരീക്ഷണം നടത്താൻ ഡോക്ടർ തീരുമാനിച്ചത്. റംബുട്ടാൻ കൃഷി സംബന്ധിച്ച് കൂടുതൽ അറിയാനും പഠിക്കാനുമായി നിരവധി തോട്ടങ്ങൾ സന്ദർശിക്കുകയും കൃഷി വിദഗ്ധരിൽ നിന്നു ശാസ്ത്രീയ കൃഷിരീതികൾ സ്വായത്തമാക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി റംബുട്ടാൻ കൃഷി ചെയ്യണമെന്ന മോഹം ഉള്ളിലുദിച്ചു. ഇതിനു ഗുണമേ·യുള്ള തൈകൾ ലഭ്യമാക്കുകയായിരുന്നു ആദ്യപടി. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണ് കാർഷിക നഴ്സറിയിൽ നിന്നു എൻ-18 ഇനത്തിലുള്ള 300 തൈകൾ വാങ്ങിയായിരുന്നു തുടക്കം.
നേരിയ ചെരിവോടുകൂടിയ പുരയിടത്തിൽ 10 ഏക്കറിൽ 40 ഃ 40 അടി അകലത്തിൽ ഒരേ നിരയിൽ തൈകൾ നട്ടു. ഒരേക്കറിൽ 35-40 തൈകൾ വീതം. നന്നായി സൂര്യപ്രകാശവും കിട്ടുന്നതിനും ചെടികൾ ഒരു പോലെ വളരുന്നതിനും കൃത്യമായ അകലം അനിവാര്യമാണ്.
കൃഷിയും പരിപാലനവും
ജൈവവളമാണ് കൂടുതലായി ഉപയോഗിക്കുന്നത്. കോഴിവളം, ആട്ടിൻകാഷ്ഠം, ചാണകപ്പൊടി എന്നിവ കൃത്യമായ ഇടവേളകളിൽ നൽകും. ഇതോടൊപ്പം ഇലവളവും ചേർക്കും. സൂക്ഷ്മ പോഷകങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യും.
വർഷത്തിൽ ഒരു തവണയെങ്കിലും രാസവള പ്രയോഗവും നടത്തും. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണിലെ കൃഷിവിദഗ്ധരുടെ നിർദേശങ്ങളും സഹായകമായി. മഴക്കാലത്ത് മണ്ണിന്റെ അമ്ലത കുറയ്ക്കാൻ ഡോളമൈറ്റും നൽകും.
വേനലിൽ നന അനിവാര്യമായതിനാൽ പുരയിടത്തിൽ രണ്ടു കുഴൽകിണറുകളും നിർമിച്ചു. ഓരോ ചെടിയുടെയും ചുവട്ടിൽ വെള്ളം എത്താൻ ഡ്രിപ്പ് ഇറിഗേഷനും ഏർപ്പെടുത്തി. ഡിസംബർ അവസാനം വരെയാണ് നന.
ചെടികൾ പൂവിട്ടുകഴിഞ്ഞാൽ നന വീണ്ടും തുടരും. ഒന്നിടവിട്ട ദിവസങ്ങളിലാകും നനയ്ക്കൽ. ഒരു ചെടിക്ക് പ്രതിദിനം 70 ലിറ്റർ വെള്ളം ലഭിക്കും വിധമാണ് ഡ്രിപ്പ് ഇറിഗേഷൻ ക്രമീകരിച്ചിരിക്കുന്നത്.
മൂന്നാം വർഷം 30 കിലോ
മൂന്നാം വർഷം മുതൽ ഒരു ചെടിയിൽ നിന്നു ശരാശരി 30 കിലോ വരെയായിരുന്നു ഉത്പാദനം. പിന്നീട് ഓരോ വർഷവും വർധിച്ചു വന്നു. നാലാം വർഷം 70 കിലോയും ഏഴാം വർഷം 100 കിലോയുമാണ് ലക്ഷ്യം. കാലാവസ്ഥ വ്യതിയാനം മൂലം സമീപകാലത്ത് കായ പൊഴിച്ചിൽ വ്യാപകമാണ്.
കർഷകർ നേരിടുന്ന വെല്ലുവിളിയും ഇതു തന്നെ. മഴക്കാലത്തെ കൂടിയ മഴയും വേനലിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതുമാണ് കായ പൊഴിച്ചിലിന് പ്രധാന കാരണം. വേനലിൽ അന്തരീക്ഷ താപനില 35 ഡിഗ്രി സെൽഷ്യസിൽ താഴെ നിൽക്കണം.
ഇതിനു മുകളിലായാൽ കായ പൊഴിച്ചിൽ വർധിക്കും. കഴിഞ്ഞ വേനലിൽ അന്തരീക്ഷ താപനില 38-40 ഡിഗ്രിയിലേക്ക് ഉയർന്നത് ഉത്പാദനം മൂന്നിലൊന്നായി കുറയാൻ കാരണമായി.
പഴങ്ങൾ വിളവെടുപ്പിനു പാകമാകുന്നതോടെ നിശ്ചിത വില പറഞ്ഞ് മൊത്തമായി വിൽക്കുകയാണ് പതിവ്. തൊടുപുഴയിലുള്ള മൊത്ത വ്യാപാരിയാണ് ഏതാനും വർഷങ്ങളായി പഴം വാങ്ങുന്നത്. കിലോയ്ക്ക് 125 രൂപ നിരക്കിലാണ് വില്പന.
വിളവെടുപ്പും വലയിടലുമെല്ലാം അവരുടെ ജോലിയാണ്. നന്നായി പഴുത്ത് കടുംചുവപ്പ് നിറത്തിലെത്തുന്പോഴാണ് വിളവെടുപ്പ്. നന്നായി പഴുത്ത 18 കായകൾ ഒരു കിലോ എന്നതാണ് കണക്ക്. കാലാവസ്ഥ വ്യതിയാനവും പരിചരണവും അനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
ഉത്പാദന വർധനവിന് പ്രൂണിംഗ്
ഓരോ തവണയും വിളവെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് ചെടികളിൽ പ്രൂണിംഗ് നടത്തും. ചെടികൾക്ക് സൂര്യപ്രകാശം ശരിയായി ലഭിക്കുന്നതിനു ഇത് അനിവാര്യമാണ്. എന്നാൽ ഡോ. തോമസിന്റെ സ്വയം നിരീക്ഷണത്തിലൂടെ നടപ്പാക്കിയ ഇന്റേണൽ പ്രൂണിംഗും വിജയം കണ്ടു.
പുഷ്പിക്കാത്ത ശിഖരങ്ങൾ യഥാസമയം വെട്ടിനീക്കുന്നതിലൂടെ കായകൾക്ക് വലിപ്പം വർധിക്കാനും ഫംഗസ് ബാധ ഒഴിവാകാനും വായു സഞ്ചാരം കൂടുതൽ സുഗമമാകാനും ഇത് ഏറെ സഹായമാകുമെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ. നിരവധി കർഷകർ തങ്ങളുടെ തോട്ടങ്ങളിൽ ഈ രീതി നടപ്പാക്കി വരുന്നുണ്ട്.
ചെടികളെ ആരോഗ്യത്തോടെ നിലനിർത്താൻ പ്രൂണിംഗ് അത്യന്താപേക്ഷിതമാണ്. ചെടികളുടെ ഉയരം കുറച്ച് കുട മാതൃകയിലേക്ക് മാറുന്നതോടെ ചെടിയുടെ ഉപരിതല വിസ്തൃതി വർധിക്കുകയും എല്ലായിടത്തും ഒരുപോലെ കായ്ഫലം ലഭ്യമാകുകയും ചെയ്യും. കുമിൾ രോഗങ്ങളെ പ്രതിരോധിക്കാനും ഇത് നല്ലതാണ്. പ്രൂണിംഗിലൂടെ കുടപോലെയാകുന്ന ചെടികൾക്ക് വലയിടാനും എളുപ്പമാണ്.
വിപണി സാധ്യത
വാഴക്കുളം പൈനാപ്പിളിന് ആഗോളതലത്തിലുള്ള സ്വീകാര്യത പോലെ വിപണിയിൽ വൻസാധ്യതയാണ് റംബുട്ടാനും ഉള്ളതെന്നാണ് ഡോക്ടറുടെ നിരീക്ഷണം. സ്വദേശത്തും വിദേശത്തും ഒരുപോലെ ഡിമാൻഡുള്ള പഴമാണിത്.
കയറ്റുമതി സാധ്യതകൾ വർധിക്കുന്നതിനനുസരിച്ച് വിലയും കൂടുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തു പലയിടങ്ങളിലും റംബുട്ടാൻ കൃഷിയുണ്ടെങ്കിലും ഏറ്റവും സ്വാദിഷ്ടമായ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി.
സംസ്ഥാനത്തെ പ്രമുഖ മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലെല്ലാം റംബുട്ടാൻ വില്പനയ്ക്കുണ്ട്. സീസണിൽ ആഭ്യന്തര വിപണിയെ ആശ്രയിക്കുന്പോൾ മറ്റു സമയങ്ങളിൽ ഇറക്കുമതി ചെയ്യുകയാണ് പതിവ്.
തൊടുപുഴ ഫ്രൂട്ട് വാലി പോലുള്ള കന്പനികൾ വിദേശ വിപണികളിലേക്ക് റംബുട്ടാൻ, അവ്ക്കാഡോ, മാങ്കോസ്റ്റിൻ അടക്കമുള്ള പഴവർഗങ്ങൾ കയറ്റുമതി ചെയ്തു വരുന്നുണ്ട്. വിദേശനാടുകളിൽ ഇവിടെ നിന്നുള്ള പഴവർഗങ്ങൾക്ക് വൻ ഡിമാൻഡുണ്ടെന്ന് കന്പനി ഡയറക്ടർ ബോർഡംഗമായ ഡോ.തോമസ് പറയുന്നു.
പഴവർഗങ്ങളുടെ പറുദീസ
റംബുട്ടാനു പുറമെ മാങ്കോസ്റ്റിൻ, ദൂരിയൻ, ഡ്രാഗണ് ഫ്രൂട്ട് തുടങ്ങിയവയും ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. പുരയിടത്തിലെ പാറയുള്ള പ്രദേശം മണ്ണിട്ട് നികത്തിയാണ് ഡ്രാഗണ്ഫ്രൂട്ട് കൃഷി ചെയ്തിരിക്കുന്നത്. ഇവയ്ക്കു പുറമെ കമുക്, കുരുമുളക് എന്നിവ ഇടവിളയായുണ്ട്.
റംബുട്ടാനിലെ പരാഗണം കൂടുതൽ ഫലപ്രദമാക്കാൻ ആന്റിഗോണ് പുഷ്പ കൃഷിയുമുണ്ട്. റംബുട്ടാൻ പൂവിടുന്പോൾ പൂന്പൊടി തേടിയെത്തുന്ന തേനീച്ചയുടെ സന്പർക്കം ഇവയിലെ പരാഗണം കൂടുതൽ സുഗമമാക്കുന്നതിനും അതിലൂടെ ഉത്പാദനം വർധിപ്പിക്കാനും ഇടയാക്കും.
2018ലാണ് ഡോ.തോമസ് റംബുട്ടാൻ കൃഷി ആരംഭിച്ചത്. ആറുവർഷം പിന്നിടുന്പോൾ സംസ്ഥാനത്തെ മികച്ച കർഷകനായി ഈ ഭിഷഗ്വരൻ മാറിക്കഴിഞ്ഞു. ദിനം പ്രതി നൂറുകണക്കിനു രോഗികളെ പരിചരിക്കുന്ന ഡോ. തോമസ് തിരക്കൊഴിഞ്ഞ സമയം തന്റെ കൃഷിയിടത്തിൽ ഓടിയെത്തും.
ഇവിടെയെത്തുന്പോൾ ലഭിക്കുന്ന പോസിറ്റീവ് എനർജി ശരീരത്തിനും മനസിനും നൽകുന്ന കുളിർമയും ആത്മഹർഷവും ഒന്നുവേറെ തന്നെ.