സ്മൂത്തല്ല... സ്മിത്തിനും ഹെഡിനും സെഞ്ചുറി
Monday, December 16, 2024 1:59 AM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കു കാര്യങ്ങൾ അത്ര സ്മൂത്ത് അല്ല. സ്റ്റീവ് സ്മിത്തിന്റെയും (101) ട്രാവിസ് ഹെഡിന്റെയും (152) സെഞ്ചുറി മികവിൽ ആതിഥേയർ രണ്ടാംദിനം മത്സരം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റണ്‍സ് നേടി. മഴയെത്തുടർന്ന് ആദ്യദിനം 13.2 ഓവർ മാത്രമായിരുന്നു മത്സരം നടന്നത്. സ്മിത്തിന്റെയും ഹെഡിന്റെയും സെഞ്ചുറിക്കിടയിൽ രണ്ടാംദിനം ഇന്ത്യക്ക് ഏക ആശ്വാസമായത് ജസ്പ്രീത് ബുംറയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ്.
സ്മിത്ത് റിക്കാർഡ്
ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തിന്റെ 33-ാം സെഞ്ചുറിയാണ് ഇന്നലെ പിറന്നത്. ഇതോടെ ഓസ്ട്രേലിയയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തിൽ സ്റ്റീവ് വോയെ (32) സ്മിത്ത് മറികടന്നു. റിക്കി പോണ്ടിംഗ് (41) മാത്രമാണ് സ്മിത്തിനു മുന്നിൽ ഇനിയുള്ളത്. ഇന്ത്യക്കെതിരേ സ്മിത്തിന്റെ 10-ാം സെഞ്ചുറിയാണ്. ഇതോടെ രണ്ടു വ്യത്യസ്ത ടീമുകൾക്കെതിരേ 10+ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റിക്കാർഡും സ്മിത്ത് സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരേ സ്മിത്തിനു 12 സെഞ്ചുറിയുണ്ട്.
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 75 റണ്‍സ് എന്ന നിലയിലാണ് സ്മിത്തും ഹെഡും നാലാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയത്. 241 റണ്‍സ് സ്മിത്ത്-ഹെഡ് കൂട്ടുകെട്ടിൽ പിറന്നു. 190 പന്ത് നേരിട്ട് 12 ഫോറിന്റെ സഹായത്തോടെയായിരുന്നു സ്മിത്തിന്റെ 101 റണ്‍സ്. ന്യൂബോൾ ആക്രമണത്തിനു ബുംറ എത്തിയതോടെയാണ് സ്മിത്ത് പുറത്തായത്.
ഇന്ത്യക്കെതിരായ ഹെഡ്ഡിംഗ്
ട്രാവിസ് ഹെഡിനു റണ്‍സ് വാരിക്കൂട്ടാനുള്ള ടീമാണ് ഇന്ത്യയെന്നു തോന്നിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. 160 പന്തിൽ 18 ഫോറിന്റെ സഹായത്തോടെ ഹെഡ് 152 റണ്‍സ് നേടി. ഹെഡിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി.
2023നുശേഷം ഇന്ത്യക്കെതിരേ മൂന്നു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ ഹെഡ് സ്വന്തമാക്കിയത് 808 റണ്‍സ്. 12 ഇന്നിംഗ്സിൽനിന്നാണിത്. അതേസമയം, ഇക്കാലയളവിൽ മറ്റു ടീമുകൾക്കെതിരായ 23 ഇന്നിംഗ്സിൽ നേടിയത് 701 റണ്‍സ് മാത്രവും. ബുംറയ്ക്കു മുന്നിലാണ് ഹെഡും തലകുനിച്ചത്.
കപിലിനെ പിന്തള്ളി ബുംറ റിക്കാർഡ്
75 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ ഏക ആശ്വാസം. അവസാന സെഷനിൽ പാറ്റ് കമ്മിൻസിനെ (20) മുഹമ്മദ് സിറാജ് പുറത്താക്കി. മാർനസ് ലബൂഷെയ്നെ (12) നിതീഷ് കുമാർ റെഡ്ഡിയും വീഴ്ത്തി.
ടെസ്റ്റിൽ ബുംറയുടെ 12-ാം അഞ്ചു വിക്കറ്റ് നേട്ടമാണ്. ഏഷ്യക്കു പുറത്ത് ബുംറ 5+ വിക്കറ്റ് നേടുന്നത് 10-ാം തവണയാണ്. ഏഷ്യക്കു പുറത്ത് ഏറ്റവും കൂടുതൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യക്കാരൻ എന്ന റിക്കാർഡും ബുംറ സ്വന്തമാക്കി. കപിൽ ദേവിനെയാണ് (ഒന്‍പത്) ബുംറ മറികടന്നത്.
മാജിക്കല്ല മന്ത്രമല്ല...
ബ്രിസ്ബെയ്ൻ: ഇന്ത്യ x ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഇടയിൽ രസകരമായ ഒരു സംഭവം അരങ്ങേറി. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ഓസ്ട്രേലിയൻ ബാറ്റർ മാർനസ് ലബൂഷെയ്നും ആയിരുന്നു കഥാപാത്രങ്ങൾ. ലബൂഷെയ്ൻ ക്രീസിൽ തുടരുന്പോൾ പന്തെറിയുകയായിരുന്ന സിറാജ് ക്രീസിലെത്തി. ലബൂഷെയ്നുമായി തോളുരസിയശേഷം സിറാജ് ബെയ്ൽസ് എടുത്ത് പരസ്പരം തിരിച്ചുവച്ചു. ഇംഗ്ലീഷ് പേസർ സ്റ്റൂവർട്ട് ബ്രോഡ് ഒരിക്കൽ ലബൂഷെയ്ൻ ക്രീസിലുള്ളപ്പോൾ ബെയ്ൽസ് എക്സ്ചേഞ്ച് ചെയ്തു വയ്ക്കുകയും തൊട്ടടുത്ത പന്തിൽ അദ്ദേഹം പുറത്താകുകയും ചെയ്തിരുന്നു.
എന്നാൽ, ബെയ്ൽസ് മാറിവച്ചശേഷം ബൗളിംഗ് എൻഡിലേക്ക് സിറാജ് തിരികെ നടന്നപ്പോൾ ലബൂഷെയ്ൻ ബെയ്ൽസ് ആദ്യം ഇരുന്നതുപോലെ തന്നെ തിരികെവച്ചു. സിറാജിനു മുന്നിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്ന ലബൂഷെയ്ൻ തൊട്ടടുത്ത ഓവറിൽ നിതീഷ് കുമാറിന്റെ പന്തിൽ സെക്കൻഡ് സ്ലിപ്പിൽ വിരാട് കോഹ്ലിക്കു ക്യാച്ച് നൽകി പുറത്തായി. 55 പന്തിൽ 12 റണ്‍സായിരുന്നു ലബൂഷെയ്ന്റെ സന്പാദ്യം.
സ്കോർ ബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഖ്വാജ സി പന്ത് ബി ബുംറ 21, മക്സ്വീനി സി കോഹ്ലി ബി ബുംറ 9, ലബൂഷെയ്ൻ സി കോഹ്ലി ബി നിതീഷ് 12, സ്മിത്ത് സി രോഹിത് ബി ബുംറ 101, ഹെഡ് സി പന്ത് ബി ബുംറ 152, മിച്ചൽ മാർഷ് സി കോഹ്ലി ബി ബുംറ 5, കാരെ നോട്ടൗട്ട് 45, കമ്മിൻസ് സി പന്ത് ബി സിറാജ് 20, സ്റ്റാർക്ക് നോട്ടൗട്ട് 7, എക്സ്ട്രാസ് 33, ആകെ 101 ഓവറിൽ 405/7.
വിക്കറ്റ് വീഴ്ച: 1-31, 2-38, 3-75, 4-316, 5-326, 6-327, 7-385.
ബൗളിംഗ്: ബുംറ 25-7-72-5, സിറാജ് 22.2-4-97-1, ആകാശ് 24.4-5-78-0, നിതീഷ് 13-1-65-1, ജഡേജ 16-2-76-0.