മധുരക്കപ്പ്... അണ്ടർ 19 ഏഷ്യ കപ്പ് ട്വന്റി-20 കിരീടം ഇന്ത്യൻ പെണ്‍കുട്ടികൾക്ക്
Monday, December 23, 2024 12:35 AM IST
ക്വാലാലംപുർ: പ്രഥമ എസിസി അണ്ടർ 19 വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ട്രോഫി ഇന്ത്യക്ക്. ഫൈനലിൽ ബംഗ്ലാദേശിനെ 41 റണ്‍സിനു കീഴടക്കിയാണ് ഇന്ത്യയുടെ കുമാരിമാർ കപ്പടിച്ചത്. പ്രഥമ അണ്ടർ 19 വനിതാ ചാന്പ്യന്മാരെന്ന റിക്കാർഡ് ഇതോടെ ഇന്ത്യ കുറിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 117/7. ബംഗ്ലാദേശ് 18.3 ഓവറിൽ 76.
അപരാജിതർ
ഗ്രൂപ്പ് ഘട്ടം, സൂപ്പർ ഫോർ റൗണ്ടുകളിലൊന്നും തോൽവി അറിയാതെയാണ് ഇന്ത്യൻ കുമാരിമാർ ഏഷ്യ കപ്പ് ട്രോഫിയിൽ മുത്തംവച്ചത്. ഈ മാസം ആദ്യം നടന്ന പുരുഷ അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് ഇന്ത്യ 59 റണ്‍സിനു പരാജയപ്പെട്ടതിന്റെ കണക്ക്, പെണ്‍കുട്ടികൾ വീട്ടുകയും ചെയ്തു.
ഓൾ റൗണ്ട് ഇന്ത്യ
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതൽ തകർത്തടിച്ച ഇന്ത്യക്ക് അഞ്ചാം ഓവറിൽ സ്കോർ 23ൽ നിൽക്കേ ആദ്യവിക്കറ്റ് നഷ്ടമായി. ജി. കമാലിനി (5) പുറത്ത്. തൊട്ടുപിന്നാലെ സനിക ചാൽകെയും (0) മടങ്ങി. മിഥില വിനോദ് (12 പന്തിൽ 17), ആയുഷി ശുക്ല (13 പന്തിൽ 10) എന്നിവർക്കൊപ്പം ചേർന്ന് ഓപ്പണർ ഗോങ്കാഡി തൃഷ ഇന്ത്യയെ പൊരുതാനുള്ള സ്കോറെലിത്തിച്ചു. 47 പന്തിൽ അഞ്ചു ഫോറും രണ്ടു സിക്സും അടക്കം തൃഷ 52 റണ്‍സ് നേടി. തൃഷയാണ് പ്ലെയർ ഓഫ് ദ മാച്ച്. പ്ലെയർ ഓഫ് ദ ടൂർണമെന്റും തൃഷയാണ്.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിൽപ്പോലും ഇന്ത്യക്കു വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ജുവൈരിയ ഫെർഡോസാണ് (30 പന്തിൽ 22) ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
ഓപ്പണർ ഫഹ്മിദ ചോയ (18) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റർ. ഇന്ത്യക്കുവേണ്ടി ആയുഷി ശുക്ല മൂന്നും പരുണിക സിസോദിയ, സോനം യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.