സന്തോഷ് ട്രോഫിയിൽ കേരളത്തിനു തുടർച്ചയായ നാലാം ജയം
Monday, December 23, 2024 12:35 AM IST
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ കേരളത്തിനു തുടർച്ചയായ നാലാം ജയം. ക്വാർട്ടർ ഫൈനൽ ബെർത്ത് മൂന്നാം റൗണ്ടിൽത്തന്നെ ഉറപ്പിച്ച കേരളം ഇന്നലെ ഡൽഹിയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു തകർത്തു.
ഇതോടെ നാലു മത്സരങ്ങളിൽനിന്നു 12 പോയിന്റുമായി കേരളം ഗ്രൂപ്പ് ബിയുടെ തലപ്പത്തു തുടരുന്നു. ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള മേഘാലയയും ഗ്രൂപ്പിൽനിന്ന് ക്വാർട്ടർ ബെർത്ത് ഉറപ്പാക്കി. ഇന്നലെ മേഘാലയ 1-0നു ഗോവയെ കീഴടക്കിയതോടെയാണിത്. മറ്റൊരു മത്സരത്തിൽ തമിഴ്നാടും ഒഡീഷയും 1-1 സമനിലയിൽ പിരിഞ്ഞു.
ഡൽഹിക്കെതിരേ കേരളത്തിന്റെ മൂന്നു ഗോളും ആദ്യ പകുതിയിലായിരുന്നു. നസീബ് റഹ്മാൻ (16’), ജെസ്റ്റിൻ ജോസഫ് (32’), ടി. സിജിൻ (40’) എന്നിവരായിരുന്നു കേരളത്തിന്റെ സ്കോറർമാർ.