രോഹിത്, ആകാശ് പരിക്ക് ഭീതിയിൽ
Monday, December 23, 2024 12:35 AM IST
മെൽബണ്‍: ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിനു മുന്‍പായി ഇന്ത്യൻ ക്യാന്പിൽ പരിക്ക് ആശങ്ക. ക്യാപ്റ്റൻ രോഹിത് ശർമ, പേസർ ആകാശ് ദീപ് എന്നിവർക്കാണ് പരിശീലനത്തിനിടെ പന്തുകൊണ്ട് പരിക്കേറ്റത്. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനത്തിനിടെ രോഹിത്തിന്റെ ഇടത് കാൽമുട്ടിലായിരുന്നു പന്ത് കൊണ്ടത്. ആകാശിന്റെ കൈയിലും. പ്രഥമ ശുശ്രൂഷയ്ക്കുശേഷം ഇരുവരും മൈതാനത്തു തുടർന്നു.
ഇന്ത്യൻ ടീമിന്റെ നെറ്റ്സ് പരിശീലനത്തിന്റെ ആദ്യ ഘട്ടത്തിൽ കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത് എന്നിവർ ബാറ്റ് ചെയ്തു. രോഹിത് പതുക്കെയാണ് നെറ്റ്സിൽ എത്തിയത്. രോഹിത് ബാറ്റുമായി എത്തിയപ്പോൾ ഇടതു കാൽമുട്ടിൽ പന്തുകൊണ്ടതായാണ് റിപ്പോർട്ട്.
ഇന്ന് ടീം ഇന്ത്യക്കു വിശ്രമദിനമാണ്. 26നാണ് ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ - ഗാവസ്കർ ട്രോഫി പരന്പരയിലെ നാലാം ടെസ്റ്റ്. മൂന്നു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരുടീമും 1-1 സമനിലയിലാണ്.