ബെർലിനിലെ ഹോളോകോസ്റ്റ് സ്മാരകത്തിൽ സിറിയൻ അഭയാർഥിയുടെ കത്തിയാക്രമണം
Saturday, February 22, 2025 11:01 PM IST
ബെർലിൻ: ജർമൻ തലസ്ഥാനമായ ബെർലിനിലെ ഹോളോകോസ്റ്റ് സ്മാരകത്തിൽ സിറിയൻ അഭയാർഥി നടത്തിയ കത്തിയാക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റു.
യുഎസ് എംബസിക്ക് എതിർവശത്ത് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്മാരകം സന്ദർശിച്ച സ്പാനിഷ് ടൂറിസ്റ്റാണ് ആക്രമിക്കപ്പെട്ടത്. 19 വയസുള്ള അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ടൂറിസ്റ്റിന്റെ ജീവനു ഭീഷണിയില്ലെന്നാണ് അറിയിപ്പ്.
പശ്ചിമേഷ്യാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യഹൂദരെ കൊലപ്പെടുത്താനായി അക്രമി കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്ന് ബെർലിൻ പ്രോസിക്യൂഷൻ ഓഫീസ് അറിയിച്ചു.
നാസി ഭരണകാലത്ത് കൊല്ലപ്പെട്ട 60 ലക്ഷം യഹൂദരുടെ ഓർമയ്ക്കായി സ്ഥാപിച്ച ഹോളോകോസ്റ്റ് സ്മാരകം ബെർലിനിലെ ഏറ്റവും ആദരണീയ സ്ഥലങ്ങളിലൊന്നാണ്.
ഇതിനിടെ, സ്വീഡനിലെ ഇസ്രേലി എംബസിക്കു സമീപം സംശയാസ്പദ സാഹചര്യത്തിൽ മൂന്നു പേർ പോലീസിന്റെ പിടിയിലായി. ഇവർ അക്രമപ്രവർത്തനങ്ങൾക്കു പദ്ധതിയിട്ടെന്നു സംശയിക്കുന്നതായി സ്വീഡിഷ് പോലീസ് പറഞ്ഞു. ജർമനിയിലെയും സ്വീഡനിലെയും സംഭവങ്ങൾക്കു ബന്ധമില്ലെന്നാണ് റിപ്പോർട്ട്.