ട്രംപ് തിരുത്തി; യുദ്ധം ആരംഭിച്ചത് റഷ്യ
Saturday, February 22, 2025 11:01 PM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നാണ് യുദ്ധം ആരംഭിച്ചതെന്ന നിലപാട് അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിരുത്തി. റഷ്യൻ സേനയാണ് യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചതെന്ന് വെള്ളിയാഴ്ച ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ അദ്ദേഹം തിരുത്തിപ്പറഞ്ഞു.
പക്ഷേ, ആക്രമണം തുടങ്ങാൻ റഷ്യയെ അനുവദിക്കരുതായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും മുൻ യുഎസ് പ്രസിഡന്റ് ബൈഡനും റഷ്യ ആക്രമണം തുടങ്ങാതിരിക്കാൻ നടപടികളെടുത്തില്ല.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള ഫോൺ സംഭാഷണം നല്ലതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാൽ സെലൻസ്കിയുമായുള്ള സംഭാഷണത്തിൽ അങ്ങനൊന്നുണ്ടായില്ല.
യുക്രെയ്ന്റെ ധാതുവിഭവങ്ങൾ അമേരിക്കയുമായി പങ്കുവയ്ക്കുന്ന കരാർ വൈകാതെ യാഥാർഥ്യമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇതിനിടെ, റഷ്യൻ അധിനിവേശം മൂന്നു വർഷം പൂത്തിയാകുന്ന ഫെബ്രുവരി 24ന് അമേരിക്ക ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്.