വാക്പോര് രൂക്ഷം; സെലൻസ്കി ഏകാധിപതിയെന്ന് ട്രംപ്
Friday, February 21, 2025 12:07 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിലുള്ള ഭിന്നതയും വാക്പോരും രൂക്ഷമായി. സെലൻസ്കി അഴിമതിക്കാരനും ഏകാധിപതിയുമാണെന്ന് ട്രംപ് ആരോപിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് റഷ്യൻ നേതൃത്വവുമായി ചർച്ച ആരംഭിച്ചതോടെയാണ് ഇരുവർക്കുമിടയിൽ ഭിന്നത വളർന്നത്. റഷ്യ സൃഷ്ടിച്ച വ്യാജവിവരങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കുന്നതെന്ന് സെലൻസ്കി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സെലൻസ്കി യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്താൻ സമ്മതിക്കുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു. സെലൻസ്കിക്ക് ജനപ്രീതി കുറഞ്ഞു. നഗരങ്ങൾ തരിപ്പണമാകുന്പോൾ അദ്ദേഹത്തിന്റെ ജനപ്രീതി വർധിക്കില്ല.
യുദ്ധത്തിനു ലഭിച്ച സഹായധനത്തിൽ പാതിയും അപ്രത്യക്ഷമായെന്ന് സെലൻസ്കി സമ്മതിച്ചിട്ടുള്ളതാണ്. അമേരിക്ക സമാധാനത്തിനു നീക്കം നടത്തുന്പോൾ സെലൻസ്കി യുദ്ധത്തിനു പണം ആവശ്യപ്പെടുന്നു.
സെലൻസ്കി അത്യാവശം വിജയിച്ചൊരു ഹാസ്യതാരം മാത്രമാണ്. ജയിക്കാൻ കഴിയാത്ത യുദ്ധത്തിനാണ് അദ്ദേഹം പണം ചോദിക്കുന്നത്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കേണ്ടത് യൂറോപ്പിന്റെ ആവശ്യമാണെന്നും എന്നാൽ അവരതിൽ പരാജയപ്പെട്ടുവെന്നും ട്രംപ് കുറ്റപ്പെടുത്തി.
സെലൻസ്കിക്കു പിന്തുണയുമായി യൂറോപ്പ്
സെലൻസ്കിയെ ഏകാധിപതിയെന്നു വിളിച്ചത് അംഗീകരിക്കാനാകില്ലെന്നു യൂറോപ്യൻ നേതാക്കൾ. ജനാധിപത്യമാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു.
യുദ്ധകാലത്ത് തെരഞ്ഞെടുപ്പു നടത്താതിരിക്കുന്നതു സാധാരണ കാര്യമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സെലൻസ്കിയുടെ നിയമസാധുത ചോദ്യംചെയ്യരുതെന്നു ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രതികരിച്ചു. ട്രംപിനു തെറ്റിയെന്നു സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. യുക്രെയ്ന്റെ അവകാശങ്ങൾ മാനിക്കപ്പെടണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും അഭിപ്രായപ്പെട്ടു.