ഗാസ: ട്രംപിന്റെ പദ്ധതി തള്ളി യുഎഇ
Thursday, February 20, 2025 1:20 AM IST
അബുദാബി: ട്രംപിന്റെ ഗാസാ പദ്ധതി അംഗീകരിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാൻ അറിയിച്ചു. പലസ്തീനികളെ ഗാസയിൽനിന്നു കുടിയിറക്കാനുള്ള നീക്കം തള്ളിക്കളയുന്നതായി അബുദാബിയിലെ ചർച്ചയിൽ ഷെയ്ഖ് വ്യക്തമാക്കി. ദ്വിരാഷ്ട്ര ഫോർമുലയെ അടിസ്ഥാനമാക്കി ദീർഘകാല സമാധാനം ലക്ഷ്യമിട്ടു വേണം ഗാസയുടെ പുനരുദ്ധാരണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തയാറായ നാല് അറബ് രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇസ്രയേൽ, സൗദി രാഷ്ട്രങ്ങളിലെ സന്ദർശനത്തിനു ശേഷമാണു മാർക്കോ റൂബിയോ യുഎഇയിലെത്തിയത്.