ലോകാരോഗ്യ സംഘടനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചൈന
Wednesday, January 22, 2025 1:17 AM IST
ബെയ്ജിംഗ്: ലോകാരോഗ്യ സംഘടനയിൽനിന്നു യുഎസ് പിന്മാറിയതിനു പിന്നാലെ സംഘടനയ്ക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ചൈന രംഗത്തെത്തി.
യുഎസിന്റെ 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു പിന്നാലെ രാജ്യം ലോകാരോഗ്യ സംഘടനയിൽനിന്ന് രാജിവയ്ക്കുന്നതിനുള്ള എക്സിക്യുട്ടീവ് ഓർഡറിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുകയായിരുന്നു.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിൽ സംഘടനയ്ക്ക് വന്ന വീഴ്ചയും പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വന്ന പരാജയവും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ആഗോള ആരോഗ്യപരിപാലനരംഗത്തെ പ്രവർത്തനങ്ങൾ കൂട്ടിയിണക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന സംഘടനയെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് ശക്തിപ്പെടുത്തുകയാണു വേണ്ടതെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ട്രംപ് പ്രസിഡന്റായിരിക്കേ ഇതിനുമുൻപുംഡബ്ല്യുഎച്ച്ഒയിൽനിന്ന് പിന്മാറാൻ ശ്രമം നടത്തിയിരുന്നു.