തുർക്കിയിലെ റിസോർട്ടിൽ അഗ്നിബാധ; 66 പേർ മരിച്ചു
Wednesday, January 22, 2025 12:20 AM IST
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ടിലുണ്ടായ അഗ്നിബാധയിൽ 66 പേർ മരിച്ചു. 51 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ബോലു പ്രവിശ്യയിലെ കർത്താൽകയ റിസോർട്ടിൽ ഇന്നലെ പുലർച്ചെ 3.30 നായിരുന്നു സംഭവം. കെബ്രിസ്കിക്കിലെ കൊറോഗ്ലു പർവതനിരകളിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ റിസോർട്ടാണ് കർത്താൽകയ സ്കി.
റിസോർട്ടിലെ 12 നില ഹോട്ടലിന്റെ റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിബാധയുണ്ടാകുമ്പോൾ ഹോട്ടലിൽ 234 അതിഥികളാണ് ഉണ്ടായിരുന്നത്.