ഇന്നു പുറത്താകാതെ നിന്നാൽ കേരളം സെമിയിൽ .
Wednesday, February 12, 2025 12:02 AM IST
പൂന: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനൽ സ്ഥാനത്തിനായി കേരളവും ജമ്മു കാഷ്മീരും തമ്മിൽ പൊരിഞ്ഞ പോരാട്ടം. ഇരുടീമും തമ്മിലുള്ള ക്വാർട്ടർ പോരാട്ടത്തിന്റെ അവസാനദിനമായ ഇന്നു പുറത്താകാതെ നിന്ന് സമനില നേടാനായാൽ കേരളത്തിനു സെമിയിലേക്കു മുന്നേറാം.
ഒന്നാം ഇന്നിംഗ്സിൽ ഒരു റണ്‍ ലീഡ് നേടിയതിന്റെ ബലത്തിലാണ് മത്സരം സമനിലയിൽ കലാശിച്ചാലും കേരളം സെമി ഫൈനലിലേക്കു മുന്നേറുക. എന്നാൽ, അഞ്ചാംദിനമായ ഇന്നു കേരളം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ എത്തുന്പോൾ കൈയിൽ ശേഷിക്കുന്നത് എട്ടു വിക്കറ്റുകൾ മാത്രമാണ്. 81 റണ്‍സ് 10-ാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ നേടി ഒരു റണ്‍ ലീഡ് നേടിയതിന്റെ ആത്മവിശ്വാസം കേരളത്തിനൊപ്പം ഇന്നുണ്ടാകുമെന്നുറപ്പ്. സ്കോർ: ജമ്മു കാഷ്മീർ 280, 399/9 ഡിക്ലയേർഡ്. കേരളം 281, 100/2.
സച്ചിൻ-അക്ഷയ്
ക്യാപ്റ്റൻ സച്ചിൻ ബേബിയും (59 പന്തിൽ 19 നോട്ടൗട്ട്) അക്ഷയ് ചന്ദ്രനുമാണ് (100 പന്തിൽ 32 നോട്ടൗട്ട്) നാലാംദിനം മത്സരം അവസാനിച്ചപ്പോൾ ക്രീസിൽ ഉണ്ടായിരുന്നത്. മൂന്നാം വിക്കറ്റിൽ ഇരുവരും 30 റണ്‍സ് നേടിയിട്ടുണ്ട്.
ജമ്മു കാഷ്മീർ മുന്നോട്ടുവച്ച 399 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന കേരളം കരുതലോടെയാണ് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. സ്കോർ ബോർഡിൽ 54 റണ്‍സ് ഉള്ളപ്പോൾ ഓപ്പണർ രോഹൻ കുന്നുമ്മൽ (36) യുദ്ധ്വീർ സിംഗിന്റെ പന്തിൽ പുറത്ത്. മൂന്നാം നന്പറിൽ ഷോണ്‍ റോജർ (6) എത്തിയെങ്കിലും തിളങ്ങാനായില്ല. യുദ്ധ്വീർ സിംഗായിരുന്നു ഷോണ്‍ റോജറിനെയും പുറത്താക്കിയത്.
റണ്‍ പിറന്ന നാലാം നാൾ
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനമായ ഇന്നലെ ജമ്മു കാഷ്മീർ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. ക്യാപ്റ്റൻ പരാസ് ജോഗ്രയും (73) കനയ്യ വാധവാനുമായിരുന്നു (42) ക്രീസിൽ. നാലാം വിക്കറ്റിൽ 146 റണ്‍സ് നേടിയാണ് ഇവർ പിരിഞ്ഞത്. പരാസ് (132) സെഞ്ചുറിയും കനയ്യ (64) അർധസെഞ്ചുറിയും നേടി. ഇവർക്കുപിന്നാലെ സഹിൽ ലോത്രയും (59) ജമ്മു കാഷ്മീരിനായി റണ്‍സ് എത്തിച്ചു.