കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നവംബർ 26ന്: പരസ്യ പ്രചാരണം സമാപിച്ചു
Friday, November 25, 2016 7:49 AM IST
കുവൈത്ത്: പാർലമെന്റിന്റെ അമ്പത് അംഗ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നവംബർ 26ന് (ശനി) നടക്കാനിരിക്കെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. മത്സരരംഗത്തുള്ളത് 287 പേരാണുള്ളത്. 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിൽ 128 പേർ മത്സരരംഗത്തുനിന്ന് സ്വയം പിൻവാങ്ങിയപ്പോൾ 40പേരുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രാജകുടുംബാംഗത്തിന്റേതുൾപ്പെടെ നിരവധി പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ കമീഷൻ തള്ളിയത്. മുൻ പാർലമെന്റ് അംഗങ്ങളായ അബ്ദുൾ ഹമീദ് ദശ്തി, ഹാനി ഹുസൈൻ, സഫാഹ് അൽ ഹാഷിം തുടങ്ങിയ പ്രമുഖരും പത്രിക തള്ളപ്പെട്ടവരിൽ പെടും.

ആകെ അഞ്ചു മണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തിൽനിന്നും 10 പേർ തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുവാൻ സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം ദീപികയുടെ ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിൽ ഉൾപ്പെടെ 150ഓളം വിദേശമാധ്യമ പ്രവർത്തകർക്ക് സൗകര്യം നൽകിയിട്ടുണ്ട്. ഷെറാട്ടണിലെ മീഡിയ സെന്ററിന് കീഴിലാണ് വിദേശമാധ്യമപ്രവർത്തകർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

റിപ്പോർട്ട്: സലിം കോട്ടയിൽ