ഐസിഎഫ് റൗദ സർക്കിൾ സമ്മേളനം സമാപിച്ചു
Monday, November 7, 2016 8:46 AM IST
ജിദ്ദ: ഐസിഎഫ് റൗദ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക ക്യാമ്പും വനിതാസംഗമവും നവംബർ നാലിന് ശറഫിയ ഇമ്പാല ഗാർഡനിൽ നടന്നു. ‘പ്രകാശം ഈ പ്രവാസം’ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് ഐസിഎഫ് ജിസിസി തലത്തിൽ നടത്തി വരുന്ന കാമ്പയിനിന്റെ ഭാഗമായി നടന്ന സമ്മേളനം നാഷണൽ ചെയർമാൻ സയിദ് ഹബീബ് അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ഒറ്റപ്പെട്ടു ജീവിക്കുന്ന ചെറുപ്പക്കാർ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും വലിച്ചെറിയപ്പെടുന്ന ഈ ആധുനിക ലോകത്ത് ഐസിഎഫ് പ്രവർത്തകർ കൂടുതൽ കൃത്യതയോടും ഊർജ്‌ജസ്വലതയോടും പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും പൊതുസമൂഹത്തിലേക്ക് നന്മയുടെ വെളിച്ചം എല്ലാവർക്കും എത്തിച്ച് കൊടുക്കാൻ തയാറാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

തുടർന്നു നടന്ന പ്രവർത്തക ക്യാമ്പിൽ അബ്ദുൾ ഗഫൂർ വാഴക്കാടും വനിതാസംഗമത്തിൽ മുസ്തഫ സഅദിയും വിഷയവതരണം നടത്തി. ‘മാതൃക പ്രവാസി ഫാമിലി’ എന്ന വിഷയത്തെ ആസ്പദമാക്കി അബ്ദുൾ ഗഫൂർ ഇരുമ്പൻ ക്ലാസെടുത്തു. പ്രവാസി വായന കാമ്പയിനിന്റെ ഭാഗമായുള്ള വായനകൂട്ടം പരിപാടിക്ക് മുഹ്യുദ്ദീൻ കുട്ടി സഖാഫി നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്ദുൾ ഖാദർ മാസ്റ്റർ, നൗഫൽ വടകര, അഹമ്മദ് കബീർ, മുഹമ്മദലി വേങ്ങര, എന്നിവർ പങ്കെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന ക്വിസ് പ്രോഗ്രാമിലെ വിജയികൾക്കുള്ള സമ്മാനം മുഹ്യുദ്ദീൻ കുട്ടി സഖാഫിയും കലാവിരുന്നിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണം അബ്ദുള്ള കടമ്പോടും നിർവഹിച്ചു. റൗദ സർക്കിൾ പ്രസിഡന്റ് സയിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുഹമ്മദ് ഹനീഫ പെരിന്തൽമണ്ണ, അബൂബക്കർ കണ്ണൂർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ