ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ പുതുമയാര്‍ന്ന ബൈബിള്‍ ജപ്പടി മല്‍സരം
Thursday, June 16, 2016 5:15 AM IST
ഫിലാഡല്‍ഫിയ: ആഗോളസഭ കരുണയുടെ ജൂബിലിവര്‍ഷാചരണം നടത്തുന്ന പശ്ച്ചാത്തലത്തില്‍ വിജ്ഞാനവും, വിനോദവും സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി ടിവി ഷോ മോഡലില്‍ സ്റ്റേജില്‍ ലൈവ് ആയി നടത്തിയ ബൈബിള്‍ ജപ്പടി ഷോ ഉന്നതനിലവാരം പുലര്‍ത്തി.

ബൈബിള്‍ വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആറുമാസം നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. പ്രാഥമിക റൌണ്ടില്‍ വി. ലൂക്കായുടെ കരുണയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250 ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന ചോദ്യബാങ്ക് തയാറാക്കി കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്‍കിയിരുന്നു. മൂന്നാം ക്ളാസുമുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു. ആദ്യറൌണ്ടില്‍ ക്ളാസുകളില്‍ നടത്തിയ പ്രാഥമിക എഴുത്തുപരീക്ഷയില്‍ എലമെന്ററി ഗ്രേഡുകളിലുള്ള കുട്ടികള്‍ ഉന്നതനിലവാരം പുലര്‍ത്തി. തുടര്‍ന്നു നടന്ന സെമിഫൈനല്‍ മല്‍സരത്തിലൂടെ പന്ത്രണ്ടു കുട്ടികള്‍ ബൈബിള്‍ ജപ്പടി ഗ്രാന്റ് ഫിനാലെയിലേയ്ക്ക് മത്സരിക്കാന്‍ യോഗ്യത നേടി.

ജൂണ്‍ അഞ്ചിനു ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഗ്രാന്റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. വി. ലൂക്കായുടെ സുവിശേഷത്തിലെ മുഖ്യപ്രമേയങ്ങളായ ദൈവികകരുണ, സ്ത്രീപങ്കാളിത്തം, പ്രാര്‍ഥനയുടെ പ്രാധാന്യം, പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നിങ്ങനെ നാലു കാറ്റഗറികളും, കരുണാവര്‍ഷത്തെ പ്രതിനിധീകരിച്ച് ഫെയിസ് ഓഫ് മേഴ്സി കാറ്റഗറിയും ഉള്‍പ്പെടെ അഞ്ചു ചോദ്യവിഭാഗങ്ങള്‍ ജപ്പടി റൌണ്ട്സില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കരുണാവര്‍ഷ മധ്യസ്ഥനും, വിശുദ്ധത്മാക്കളുമായ സെന്റ് ഫൌസ്റീനാ, സെന്റ് മാക്സ്മിലിയന്‍ കോള്‍ബെ, സെന്റ് പാദ്രേ പിയോ, വാഴ്ത്തപ്പെട്ട മദര്‍ തെരേസ എന്നിവരുടെ പേരില്‍ നാലുടീമുകള്‍ ഫൈനലില്‍ മല്‍സരിച്ചു. ടിവി മോഡലില്‍ ലൈവ് ആയി നടത്തിയ ബൈബിള്‍ ജപ്പടി മല്‍സരങ്ങള്‍ കാണികളില്‍ വലിയ ആവേശം ഉണര്‍ത്തി. 25 ചോദ്യങ്ങളടങ്ങിയ ജപ്പടി ലൈവ് സ്റ്റേജ്ഷോ മതബോധനസ്കൂള്‍ അധ്യാപകനും, അസോസിയേറ്റ് ഡയറക്ടറുമായ ജോസ് മാളേയ്ക്കല്‍ നയിച്ചു. മതാധ്യാപകരായ അനു ജയിംസ്, എലിസബത്ത് മാത്യൂസ്, ജെയ്ക്ക് ചാക്കോ, സോബി ചാക്കോ, ജോസഫ് ജയിംസ്, മോഡി ജേക്കബ്, ജോസ് ജോസഫ്, റജിനാ ജോസഫ്, റിറ്റ്സി ജോര്‍ജ്, തോമസ് ഉപ്പാണി, എസ്. എം. സി. സി. പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫ്,പി. ടി. ഏ പ്രസിഡന്റ് ജോജി ചെറുവേലില്‍, സ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി എന്നിവര്‍ സഹായികളായി.

ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഭദ്രദീപം കൊളുത്തി ഷോ ഉത്ഘാടനം ചെയ്തു. ട്രസ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, ജോസ് പാലത്തിങ്കല്‍, അഞ്ജു ജോസ്, ടോം പാറ്റാനിയില്‍, ജോസ് തോമസ് എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.

ജോസ്ലിന്‍ ജോസഫ്, ജാനീസ് ജോജോ, ജെന്നിഫര്‍ മനോജ് എന്നിവരുള്‍പ്പെട്ട സെ. കോള്‍ബെ ടീം ഒന്നാം സ്ഥാനവും, ആഷ്ലി ഉപ്പാണി, രേഷ്മാ ഡേവിസ്, ദാനിയേല്‍ തോമസ് എന്നിവര്‍ പ്രതിനിധാനം ചെയ്ത ടീം സെ. ഫൌെസ്റീനാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അബിഗെയില്‍ ചാക്കോ, ഗ്ളോറിയാ സക്കറിയ, ജോണ്‍ സോജന്‍ എന്നിവര്‍ നയിച്ച ടീം സെ. പിയോ മൂന്നാം സ്ഥാനത്തും, ആന്‍ എബ്രാഹം, ക്രിസ്റി തെള്ളയില്‍, മാത്യു ജോസഫ്, എന്നിവരടങ്ങുന്ന ടീം മദര്‍ തെരേസ നാലാം സ്ഥാനത്തും എത്തി. വിജയിച്ച ടീമംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ദിവംഗതനായ പോള്‍ വര്‍ക്കിയുടെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ മകന്‍ ബിനു പോള്‍ സ്പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും നല്‍കി.

അഞ്ചു ചോദ്യങ്ങളടങ്ങിയ ഓരോ ജപ്പടി റൌണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരന്നതു കാണികളില്‍ ആവേശമുണര്‍ത്തി. അനു ജയിംസ് ഇതു വളരെ വിദഗ്ധമായി ക്രമീകരിച്ചു. ഫോട്ടോ: ജോസ് തോമസ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍