ഡാളസില്‍ വാഹനാപകടം: മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
Sunday, May 8, 2016 7:01 AM IST
ഡാളസ്: സൌത്ത് വെസ്റ് ഡാളസ് പാര്‍ക്ക് വെയിലുണ്ടായ വാഹനാപകടത്തില്‍ ഡാളസ് ബാപ്റ്റിസ്റ് യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. മൌണ്ടന്‍ ക്രീക്ക് ലേക്ക് പാര്‍ക്ക് വേയിലേക്ക് പോകുകയായിരുന്ന സില്‍വറാഡൊ പിക്ക് അപ്പ് വാന്‍ നിയന്ത്രണം വിട്ട് യൂട്ടിലിറ്റി പോളില്‍ ഇടിച്ചായിരുന്നു അപകടം. അമിത വേഗതയാണ് അപകടത്തിനു കാരണമെന്നു പോലീസ് പറയുന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികളും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വില്‍സ്മിത്ത്, ജസ്റിന്‍ ഷുബെര്‍ട്ട്, ഡിജെ സറിനാക്ക് (സെര്‍ബിയ, ബെല്‍ഗ്രേഡ്) എന്നിവരാണ് കൊല്ലപ്പെട്ടതെന്നു യൂണിവേഴ്സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.

വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബാംഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുന്നതായും യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍