മാര്‍ക്കിന്റെ ധനസമാഹരണ ഡിന്നര്‍ വന്‍വിജയമായി
Monday, April 4, 2016 5:56 AM IST
ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്ലാന്റ് കൌണ്ടിയുടെ ആഭിമുഖ്യത്തില്‍ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാ. ഡേവിസ് ചിറമലിനു സിത്താര്‍ പാലസില്‍ സ്വീകരണവും ധന സമാഹരണ ഡിന്നറും നടത്തി.

മാര്‍ക്ക് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ് അധ്യക്ഷ പ്രസംഗത്തില്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ചു പ്രതിപാദിച്ചു. ചടങ്ങില്‍ ഫാ. ഡേവിസ് ചിറമലിന്റെ കിഡ്നി ഫൌണ്േടഷനു സമാഹരിച്ച തുക മാര്‍ക്കിന്റെ ട്രഷറര്‍ റീത്താ മണലില്‍ കൈമാറി. സണ്ണി കല്ലൂപ്പാറ ഫാ. ഡേവിസ് ചിറമലിനെ പരിചയപ്പെടുത്തി.

കിഡ്നി എടുക്കാന്‍ അച്ചന്റെ വയര്‍ കീറിയതോടെയാണ് ഫൌണ്േടഷന് തുടക്കമായത്. മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വത.

കിഡ്നി പ്രവര്‍ത്തനരഹിതമാകുമ്പോള്‍ പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആവശ്യത്തിനു വെള്ളംപോലും കുടിക്കാനാവാത്ത അവസ്ഥ വരുമ്പോള്‍ ജീവിതം അവസാനിപ്പിക്കാനാണ് പലരും ശ്രമിക്കുക. അത്തരം ഒരാളായിരുന്നു അച്ചന്‍ കിഡ്നി നല്‍കിയ ഗോപിനാഥന്‍.

വൈദികന്‍ കിഡ്നി കൊടുക്കാമോ എന്നായിരുന്നു അന്നത്തെ ചര്‍ച്ച. പകരം അഞ്ചു ലക്ഷം രൂപ കൊടുക്കാന്‍ സന്നദ്ധനായി ഒരാള്‍ വന്നു. പക്ഷെ രൂപകൊണ്ട് കിഡ്നി ഉണ്ടാവില്ലല്ലോ? അതിനാല്‍ കിഡ്നി കൊടുക്കാന്‍ തന്നെ അച്ചന്‍ തീരുമാനിച്ചു. അന്നത്തെ അഞ്ചുലക്ഷം രൂപയില്‍ നിന്നാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്നൊരു മഹാപ്രസ്ഥാനമായി. നാലര ലക്ഷത്തോളം പേരാണ് അവയവം ദാനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. ഒരാള്‍ക്ക് കിഡ്നി നല്‍കുമ്പോള്‍ അയാളുടെ വീട്ടിലെ മറ്റൊരാള്‍ ഒരു കിഡ്നി നല്‍കണമെന്ന വ്യവസ്ഥ വന്നതിലൂടെ ഒരുപാട് പേര്‍ക്ക് പുതുജീവന്‍ തിരിച്ചു കിട്ടി.

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരമല്ല ജീവിതം നയിക്കുന്നതെന്നു അച്ചന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ (ആക്ടസ്) തുടക്കം തന്നെ ഉദാഹരണം. നാടക ട്രൂപ്പിലെ യുവാവ് പള്ളിയില്‍ നിന്ന് അകലെയല്ലാതെ അപകടത്തില്‍പ്പെട്ടു. സ്കൂട്ടിറില്‍ പോയ അയാളെ ഏതോ വാഹനം ഇടിച്ചിട്ടു. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്നു കിടന്ന യുവാവിനെ ആരും ആശുപത്രിയിലാക്കിയില്ല. വൈകാതെ അയാള്‍ മരിച്ചു.

ഈ സ്ഥിതി മാറ്റാന്‍ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നു തോന്നി. തൃശൂര്‍ കളക്ടറായിരുന്ന ഉത്തരേന്ത്യക്കാരന്‍ അല്‍കേഷ് കുമാര്‍ ശര്‍മയെ കണ്ടു. അദ്ദേഹം ആക്ടസ് രൂപവത്കരിക്കാന്‍ തുണയായി. തുടര്‍ന്നു ഒരു ആംബുലന്‍സ് വാങ്ങി. ഇപ്പോള്‍ തൃശൂര്‍ ജില്ലയിലാകെ 22 ആംബുലന്‍സുകള്‍ എമര്‍ജന്‍സി സര്‍വീസുകള്‍ നല്‍കി തലങ്ങും വിലങ്ങും പായുന്നു. കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ താനാണ് സെക്രട്ടറി. പ്രതിദിനം പത്തിരുപത് ആക്സിഡന്റുകള്‍ ഉണ്ടാകുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ യുവാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ പൂരം നടക്കുമ്പോള്‍ 17 ആംബുലന്‍സുകള്‍ പുറത്ത് കാവല്‍ കിടക്കും. ഏതത്യാഹിതത്തിനും ഏതു സമയത്തും സഹായം റെഡി. തൃശൂര്‍ ജില്ലയില്‍ വന്ന് വണ്ടിയിടിച്ച് ചോരവാര്‍ന്ന് മരിക്കുമെന്നു ആരും പേടിക്കേണ്ട.

സുപ്രീംകോടതി നിയോഗിച്ച ജസ്റീസ് സ്കന്ദന്‍ കമ്മിറ്റി തൃശൂര്‍ മോഡലില്‍ എന്‍ജിഒ ഉണ്ടായാലേ അപകട മരണങ്ങള്‍ കുറയ്ക്കാന്‍ കഴിയൂ എന്നു റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്നു പതിനായിരം കോടിയുടെ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി.

പല സാഹചര്യങ്ങളില്‍ വിഷമാവസ്ഥയില്‍ കഴിയുന്നവരെ കണ്ടില്ലെന്നു നാം നടിക്കരുത്. കൊടുക്കുന്നതാണ് നമ്മുടെ സന്തോഷമായി നിലനില്‍ക്കുന്നത്. നാം നമ്മളായി തന്നെ ജീവിച്ചാല്‍ ഒരു പ്രശ്നവുമില്ല. നമ്മള്‍ മറ്റൊരാളാണെന്ന രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വേണ്ടാത്ത ടെന്‍ഷനും പ്രശ്നങ്ങളുമുണ്ടാകുന്നത്.

ഈ സെപ്റ്റംബറില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നാലാമത്തെ പദയാത്ര നടത്തുന്നുണ്ട്. കഴിയുന്നത്ര വീടുകള്‍ സന്ദര്‍ശിക്കും. വെള്ളം ടെസ്റ് ചെയ്യും. പ്രകൃതിദത്തമായി ജീവിക്കാനുള്ള സന്ദേശം നല്‍കും.

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ കല്ലറയില്‍ ഒന്നു തൊടണമെന്നത് തന്റെ വളരെകാലത്തെ മോഹമായിരുന്നു. അതു സാധിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് കിഡ്നി നല്‍കാനുള്ള നിയോഗമുണ്ടായത്.

നല്ല വാക്കുകള്‍ വലിയ മാറ്റം വരുത്തും. ആത്മാവില്‍ ദൈവത്തിന്റെ ശബ്ദം കേള്‍ക്കാന്‍ നമുക്കാകണം. വേദനിക്കുന്നവര്‍ ധാരാളമുണ്ട്. അവരെ സഹായിക്കുന്നത് സൌമനസ്യമല്ല. മറിച്ച് തിരിച്ചു കൊടുക്കലാണ്. മരണാനന്തരം തന്റെ ശരീരം മെഡിക്കല്‍ കോളജിനു നല്കാന്‍ എഴുതിവച്ചിട്ടുണ്ട്. വൈദീകര്‍ക്ക് അങ്ങനെ ചെയ്യാമോ എന്ന ചോദ്യം വന്നു. ഒടുവില്‍ രൂപത തെറ്റില്ലെന്നു വിധിയെഴുതി.

ഒരുപാട് പേര്‍ക്ക് കിഡ്നി നഷ്ടമാകുന്ന സ്ഥിതിയുണ്ട്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനുമാണ് പ്രധാന കാരണം. ഭക്ഷണത്തിലെ കൃത്രിമത്വം, വിഷവസ്തുക്കള്‍, വ്യായാമമില്ലായ്മ എല്ലാം ദുരന്തം വിളിച്ചുവരുത്തുന്നു.

അമേരിക്കന്‍ മലയാളി ഒരു ഡോളര്‍ ഒരു ദിവസം നല്‍കിയാല്‍ ഒരാള്‍ക്ക് ഡയാലിസിസ് നടത്താനാകും. ഈ പദ്ധതിയില്‍ ഇതിനകം അമേരിക്കയില്‍ നിന്നു അഞ്ഞൂറോളം പേര്‍ അംഗങ്ങളായിട്ടുണ്ട്.

ഒരു വൃക്ക നല്‍കിയതുകൊണ്ട് ജീവിതത്തില്‍ ഒരു പ്രശ്നവും വരില്ലെന്ന് അച്ചന്‍ ഉറപ്പു പറഞ്ഞു. അനുജന്റെ വൃക്ക സ്വീകരിച്ച് ആരോഗ്യത്തിലേക്ക് മടങ്ങിവന്ന ഫാ. ബിജു നാറാണത്തും വൃക്കദാനത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ സെക്രട്ടറി എല്‍ഡി ജൂഡ് എംസി ആയിരുന്നു. വൈസ് പ്രസിഡന്റ് സിബി ജോസഫ്, ജേക്കബ് ചൂരവടി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍